|    Feb 22 Wed, 2017 3:23 am
FLASH NEWS

അന്വേഷണം ആവശ്യമില്ലെന്ന നിലപാട് ദുരൂഹത വര്‍ധിപ്പിക്കുന്നു: യൂത്ത് ലീഗ്

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: ഭോപാലില്‍ ജയില്‍ ചാടിയ എട്ടു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന ബിജെപി നിലപാട് ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. ബഹുഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിഷേധ നയമാണ് സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക്് നിരക്കാത്തതും ധിക്കാരപരവുമാണ്. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് മാത്രമേ ഇത്തരം സമീപനം ഉണ്ടാവുകയുള്ളൂ. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ഇറ്റലി കോണ്‍ഗ്രസ്സെന്ന് പരിഹസിക്കാനുമാണ് ബിജെപി വക്താവ് ശ്രമിക്കുന്നത്. ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. തടവ് ചാടിയവര്‍ നിരായുധര്‍ ആയിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ക്ലോസ്സ് റെയ്ഞ്ചില്‍ വെടിവയ്ക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. പോലിസുമായുള്ള ശരിയായ ഏറ്റുമുട്ടലാണെങ്കില്‍ പോലും സ്വതന്ത്രമായ അന്വേഷണം നടത്തുക തന്നെ വേണമെന്ന് സമാനമായ കേസുകളില്‍ നേരത്തെ സുപ്രീം കോടതി വിധിയുണ്ട്. വ്യാജ ഏറ്റുമുട്ടലാണ് നടന്നിട്ടുള്ളതെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പോലിസുകാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തിയിട്ടുണ്ട്. 35 അടി ഉയരമുള്ള മതില്‍ ചാടി ഇത്രയും പേര്‍ രക്ഷപ്പെട്ടതിലും തടവ്പുള്ളികളുടെ കൈയില്‍ ആയുധം എങ്ങനെയെത്തിയെന്നതിനെ കുറിച്ചുമൊക്കെ ശരിയായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് വരേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ ഇത് അനിവാര്യമാണ്. വിചാരണ തടവുകാര്‍ ജുഡീഷ്യറിയുടെ കസ്റ്റഡിയിലിരിക്കുന്നവരാണ്. ഇവരുടെ സംരക്ഷണം കോടതിയുടെ ബാധ്യതയാണ്. ഭരണകൂട ഭീകരതകള്‍ക്കെതിരേ ജനാധിപത്യ ഇന്ത്യ നിശ്ശബ്ദമായികൂടാ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൈമെയ് മറന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒരുമിച്ച് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ ജനാധിപത്യ ഇന്ത്യയുടെ മരണമാണ് സംഭവിക്കുകയെന്ന് സാദിഖലി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക