|    Jul 23 Mon, 2018 9:15 pm
FLASH NEWS

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചു

Published : 27th October 2016 | Posted By: SMR

ചങ്ങനാശ്ശേരി: സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാനതൊഴിലാളികളുടെ പങ്കു വ്യാപകമാവുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ വിവരശേഖരണം ആരംഭിച്ചു.ജില്ലയില്‍ നൂറോളം ക്യാംപുകളിലായി 10000ഓളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് ഭാഗത്താണ് ജില്ലാ പോലിസ് ചീഫ് രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി അജിത്കുമാര്‍, സിഐ ബിനു വര്‍ഗീസ്, എസ്‌ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം പോലിസ് വിവരശേഖരണം ആരംഭിച്ചത്. പായിപ്പാട് കവലയിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടാത്ത വിധത്തില്‍ വൈകീട്ട് അഞ്ചു മുതല്‍ രാത്രി 12വരെ  ഇവിടെയെത്തി വിവരങ്ങള്‍ നല്‍കാവുന്ന വിധത്തിലാണ് ഇതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഇലക്ട്രോണിക് യന്ത്രത്തില്‍ വിരലടയാളം പതിപ്പിക്കുക, ഫോട്ടോ, തലമുടിയുടെ നിറം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇവയുടെ പകര്‍പ്പുകള്‍ ശേഖരിക്കുക, ഇവയില്‍ നിന്നുള്ള മേല്‍വിലാസം ശേഖരിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിലെ രണ്ട്, ഏഴ്, എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകളില്‍പ്പെട്ട വേഷ്ണാല്‍, ഓമണ്ണ്, വെള്ളാപ്പള്ളി, മുക്കാഞ്ഞിരം, മച്ചിപ്പള്ളി, മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാല്‍ ഇവിടെ എത്രപേര്‍ താമസിക്കുന്നുണ്ടെന്നോ, എവിടെ നിന്നു വന്നു താമസിക്കുന്നവരാണെന്നോ, ഇവരുടെ സ്‌പോണ്‍സര്‍ ആരാണെന്നോ, ആരാണ് ഇവരെ തൊഴിലിനായി ഇവിടെ എത്തിച്ചതെന്നോ, ഇവരുടെ മേല്‍വിലാസം എന്തെന്നോ പോലിസിനോ പഞ്ചായത്ത് അധികാരികള്‍ക്കോ, ഇവര്‍ താമസിക്കുന്ന വീട്ടുടമകള്‍ക്കോ അറിവില്ല. ഇവര്‍ എവിടെയൊക്കെയാണ് ജോലി ചെയ്യുന്നതെന്നോ, ഇവരില്‍ ക്രിമിനലുകളുണ്ടോ എന്നതു സംബന്ധിച്ചും വിവരമില്ല. ഈ പശ്വാത്തലത്തിലാണ് ഇവരുടെ വിവരശേഖരണം ആരംഭിച്ചത്. അടുത്തകാലത്ത് തൃക്കൊടിത്താനം, പായിപ്പാട്, ചങ്ങനാശ്ശേരി മേഖലകളില്‍ നടന്ന ബാങ്ക് മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ പ്രതികളാണെന്നു കണ്ടെത്തിയിരുന്നു. ഇവരെ അന്വേഷിച്ചു പോലിസ് ഉദ്യോഗസ്ഥര്‍ ബംഗാള്‍, ഒറീസാ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോകാറുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. പായിപ്പാടിന്റെ വിവിധ ഭാഗങ്ങളില്‍ ആസ്‌ബെസ്റ്റോസ് പാകിയ വീടുകളില്‍ വൃത്തിഹീനമായ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പരിസരം മുഴുവന്‍ മലിനീകരണമുള്ളതായും കണ്ടെത്തിയിരുന്നു. കുളിക്കാനും കുടിക്കാനും ആവശ്യത്തിനു ശുദ്ധജലവും കിട്ടാറില്ല. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും പലയിടങ്ങളിലുമില്ല. തൊഴിലുടമകളില്‍ നിന്ന് വലിയകൂലി വാങ്ങി അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുകയും എന്നാല്‍ ഇടനിലക്കാര്‍ ഇതിന്റെ ഒരു ഭാഗം തട്ടിയെടുക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയുടെ അവസാന ദിവസം കൂലി കൊടുക്കുന്നതിനാല്‍ പലര്‍ക്കും ഇടനിലക്കാരോട് തര്‍ക്കിക്കാനോ കൂലിസംബന്ധിച്ച കൃത്യമായ കണക്കുകള്‍ പറയാനോ കഴിയന്നുമില്ല. ചോദിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുന്നതും പതിവാണ്. ഏറെപ്പേരും ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണെന്നും  കണ്ടെത്താനായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss