|    Jan 19 Thu, 2017 6:24 pm
FLASH NEWS

അന്യഗ്രഹങ്ങളില്‍വെള്ളം തേടുംമുമ്പ്…

Published : 20th May 2016 | Posted By: mi.ptk

628-57

 

ത്വാഹാ ഹശ്മി
ഭൂമി എല്ലാവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കും. പക്ഷേ, ഒരാളുടെയും അത്യാര്‍ത്തി ശമിപ്പിക്കാന്‍ അതിനാവില്ല എന്ന് ഗാന്ധി പറയുകയുണ്ടായി. ദൈവം പ്രകൃതിയില്‍ വിഭവങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. ഭൂമിയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ളവയാണ് ഈ വിഭവസ്രോതസ്സുകളും ഊര്‍ജസ്രോതസ്സുകളും. ഒരാള്‍ ആവശ്യമായതിലധികം ഉപയോഗിക്കുകയോ ഉടമപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അയാള്‍ തന്റെ സഹജീവികളുടെ ഓഹരികള്‍ തട്ടിപ്പറിക്കുകയാണു ചെയ്യുന്നത്. ഒരു ഭൂപ്രദേശത്തുകാര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ മറ്റൊരു ഭൂപ്രദേശത്തെ, മറ്റൊരു രാജ്യത്തെ, ഭൂഖണ്ഡത്തെ പട്ടണിക്കിടുകയാണ്. വെട്ടിപ്പിടിത്തത്തിന്റെയും കൈയേറ്റത്തിന്റേതുമായ ഒരു വ്യവസ്ഥിതിയാണ് ഇന്ന് ലോകം വാഴുന്നത്. ദിനോസറുകളുടെ ആര്‍ത്തിയെ വെല്ലുന്ന ഉപഭോഗസമുദായമെന്ന് ജപ്പാന്‍കാര്‍ ആക്ഷേപിക്കപ്പെടുകയുണ്ടായി. വിവിധ ഭൂവിഭാഗങ്ങളിലെ മഴക്കാടുകള്‍ നശിപ്പിച്ചുകൊണ്ടാണത്രെ ജപ്പാന്‍കാര്‍ തങ്ങളുടെ പ്രകൃതി സംരക്ഷിക്കുന്നത്. സമ്പന്നരാജ്യങ്ങളുടെ അമിതമായ ഉപഭോഗമാണ് മലിനീകരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുടെ പ്രധാനകാരണം. പിഎന്‍ ദാസ് ഇങ്ങനെ എഴുതുകയുണ്ടായി. മൃഗബുദ്ധിയുള്ള മനുഷ്യര്‍ ഭൂമിക്കു മീതെ, ജീവജാലങ്ങള്‍ക്കുമീതെ നടത്തിയ കൈയേറ്റം പോലെ വിനാശകരമായ ഒന്നും മനുഷ്യന് താഴെയുള്ള ഒരു മൃഗവും നടത്തിയിട്ടില്ല. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍ തന്നെയാണ്. മനുഷ്യന്റെ വിശാല ബുദ്ധി ധ്യാനം വഴി ദിവ്യബുദ്ധിയാവുമ്പോള്‍ മാത്രമേ ദൈവം ഇച്ഛിച്ചതുപോലെ മനുഷ്യന്‍ ഭൂമിയുടെ യഥാര്‍ഥ യജമാനനാവുകയുള്ളൂ. അത്തരത്തില്‍ ബോധോദയം നേടിയ മനുഷ്യര്‍ പെരുകിവരുമ്പോള്‍ ഈ ഭൂമി ഒരു യഥാര്‍ഥ സമാധാനഗേഹമായി മാറും.ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവജാലങ്ങളുള്ളതായി കണ്ടുപിടിച്ചിട്ടില്ല. ഭൂമിയിലല്ലാതെ മനുഷ്യ സൗഹൃദമായ പരിസ്ഥിതിയോ ആവാസവ്യവസ്ഥയോ ഉള്ളതായും കണ്ടുപിടിച്ചിട്ടില്ല. മനുഷ്യന്‍ അന്യഗ്രഹങ്ങളില്‍ വെള്ളം അന്വേഷിക്കുമ്പോള്‍തന്നെ, ജീവിതം തേടുമ്പോള്‍ തന്നെ തന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നു. വ്യക്തിപരമായ ധര്‍മാചരണംകൊണ്ടോ, ലളിതജീവിതംകൊണ്ടോ മാത്രം പരിഹരിക്കാവുന്ന ഒന്നല്ല പരിസ്ഥിതി പ്രശ്‌നം. നിലവിലുള്ള സാമൂഹികമായ ചുറ്റുപാടുകള്‍ വ്യക്തികളുടെ ധര്‍മാചരണത്തിനുപോലും തടസ്സങ്ങള്‍ സൃഷ്ടിക്കും വിധം പ്രതിലോമപരമാണ്. പരിസ്ഥിതി പ്രശ്‌നം അടിസ്ഥാനപരമായി ഒരു സാമൂഹിക പ്രശ്‌നമാണ്. പരിസ്ഥിതി സംരക്ഷണം വലിയ സാമൂഹിക പ്രസ്ഥാനമായി കൊണ്ടുവരണമെന്ന് വിവേകമതികള്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണ് അതുല്യമായ ഊര്‍ജസ്രോതസ്സാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരിലുള്ള ശക്തമായ കാവലാണ്. മണ്ണിന്റെ ഈ കരുത്ത് നശിപ്പിച്ച് രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും അവിടങ്ങളിലെ ജനങ്ങളെയും തങ്ങളുടെ ആശ്രിതത്വത്തില്‍ കൊണ്ടുവരുക സാമ്രാജ്യത്വത്തിന്റെയും സമ്പന്ന രാജ്യങ്ങളുടെയും കാര്യപരിപാടിയാണ്. സാമൂഹിക വനവല്‍ക്കരണത്തിന്റെയും കാര്‍ഷിക വികസനത്തിന്റെയും ഹരിതവല്‍ക്കരണത്തിന്റെയും പേരില്‍ നമ്മുടെ സര്‍ക്കാരുകള്‍ സമ്പന്നരാജ്യങ്ങളുടെയോ കുത്തകകളുടെയോ പ്രേരണയാലും സമ്മര്‍ദ്ദത്താലും നിരവധി പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ‘സാത്താന്റെ വിഷവൃക്ഷങ്ങള്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടവ നാം നട്ടുവളര്‍ത്തിയത് അങ്ങനെയാണ്. അത്തരം ഏര്‍പ്പാടുകള്‍ നമ്മുടെ പരമ്പരാഗത കൃഷിയെയും അതിന്റെ അടിത്തറയിലുള്ള സാംസ്‌കാരിക ജീവിതത്തെയും തകര്‍ത്തു തരിപ്പണമാക്കി. ബഹുരാഷ്ട്രകുത്തകകളുടെ സാമ്പത്തികാനുകൂല്യങ്ങള്‍ കൈപറ്റുന്ന പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളെയും പ്രതിഷേധങ്ങളെയും മുക്കിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മുന്‍നിര്‍ത്തി മനുഷ്യത്വവിരുദ്ധമായ വികസനമാതൃകകളെ ന്യായീകരിക്കുകയെന്ന കുറ്റകൃത്യങ്ങള്‍ അവര്‍ ആവര്‍ത്തിക്കയാണ്. വികസനത്തിനും പുരോഗതിക്കും മനുഷ്യസൗഹൃദങ്ങളല്ലാത്ത അര്‍ഥങ്ങള്‍ അവര്‍ നല്‍കുന്നു. ചരിത്രത്തെയും പാരമ്പര്യത്തെയും ആത്മീയമൂല്യങ്ങളെയും പഴമയുടെ ജല്‍പ്പനങ്ങളായി അവര്‍ പ്രചരിപ്പിക്കുന്നു. മനുഷ്യനെയും അവന്റെ ചരിത്രത്തെയും ഭാഗധേയത്തെയും അവയുടെ സമഗ്രതയില്‍ കാണാന്‍ കഴിയാത്ത സാങ്കേതിക ശാസ്ത്രത്തിന് പ്രകൃതിയുമായും അതിന്റെ വരദാനങ്ങളുമായും സൗഹാര്‍ദത്തോടും കരുതലോടും കൂടി വര്‍ത്തിക്കാനാവില്ല. ഉഹ്ദ് സ്‌നേഹത്തിന്റെ മലയാണ്. ‘ഞാന്‍ ഈ പര്‍വതത്തെ സ്‌നേഹിക്കുന്നു’ എന്നു മുഹമ്മദ് നബി പറയുകയുണ്ടായി. ഉഹ്ദ് പ്രകമ്പനംകൊണ്ട അവസരത്തില്‍ അദ്ദേഹം പറഞ്ഞുവത്രെ. ‘ഉഹ്‌ദേ നീ ശാന്തമാവുക’ ഈ വചനങ്ങളെ വ്യാഖ്യാനിക്കവെ പ്രകൃതിയും പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ഇണക്കത്തെയും ഐക്യപ്പെടലിനെയുംകൂടി അവ സാക്ഷ്യപ്പെടുത്തുന്നതായി ശാസ്ത്രജ്ഞനും സാമൂഹിക ചിന്തകനുമായ ഹുസയ്ന്‍ നസ്ര്‍ പറയുന്നുണ്ട്. പാല്‍ കറക്കുന്നവര്‍ മൃഗങ്ങളെ വേദനിപ്പിക്കാതിരിക്കാന്‍ പ്രദര്‍ശിപ്പിച്ച കണിശതയും തേനെടുക്കുന്നവര്‍ അറകളില്‍ ബാക്കിവയ്ക്കുന്ന പതിവും തന്റെ അപ്പത്തില്‍നിന്നും സഹോദരനെ ഊട്ടുന്ന സമ്പ്രദായവും ജലസംഭരണികളില്‍ തങ്ങള്‍ക്കു ശേഷം വരുന്നവര്‍ക്ക് കരുതിവയ്ക്കുന്ന  യാത്രാസംഘങ്ങളുടെ സമ്പ്രദായവും വിതയ്ക്കാനും വിളവെടുക്കാനുമുള്ള ഉത്സാഹവും മനുഷ്യനെയും പ്രകൃതിയെയും ഐക്യപ്പെടുത്തുന്ന ഒരു സംസ്‌കാരത്തിന്റെ പ്രഭാവത്തില്‍ കാലങ്ങളോളം തുടര്‍ന്നുപോന്നു.  വ്യാപാര രംഗം അഴിമതിരഹിതമാക്കാനും സാമ്പത്തികമേഖല ചൂഷണരഹിതമാക്കാനും നിയോഗിക്കപ്പെട്ട പുരാതന ഗ്രീസിലെ അഗോറ നോമൊസു എന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിമലീകരണത്തിനുള്ള ചുമതലയുമുണ്ടായിരുന്നത്രേ. പക്ഷേ, പിന്നെപ്പിന്നെ മനുഷ്യസംസ്‌കാരം ആത്മീയ പ്രതിസന്ധിയെ നേരിടുന്നതായാണ് നമുക്കു കാണാന്‍ കഴിഞ്ഞത്. മൂല്യനിരപേക്ഷമായ ശാസ്ത്രവും സാങ്കേതികവിദ്യയും ആത്മീയശൂന്യതയിലേക്കാണു മനുഷ്യരെ നയിച്ചത്. ഈയൊരവസ്ഥയില്‍ പ്രകൃതിയോ പരിസ്ഥിതിയോ മനുഷ്യന് വിഷയമല്ലാതായി. താല്‍ക്കാലികമായ ലാഭങ്ങളെക്കുറിച്ചു മാത്രം ഓര്‍ക്കുകയും ഭാവിയില്‍ തനിക്കും അടുത്ത തലമുറയ്ക്കും നേരിടാനുള്ള ഭവിഷ്യത്തുകളെ മറക്കുകയും ചെയ്ത തലമുറകളാണ് പ്രത്യക്ഷപ്പെട്ടത്. മനുഷ്യന്റെ അധ്വാനം അവമതിക്കപ്പെട്ടു. നൈതികമൂല്യങ്ങള്‍ വലിച്ചെറിയപ്പെട്ടു. വികസനം കാപട്യത്തിന്റെയും കബളിപ്പിക്കപ്പെടലിന്റെയും പര്യായമായി മാറി. ചില പുത്തന്‍സങ്കേതങ്ങള്‍ ഉപയോഗിച്ച് ജലസേചനം നടത്തിയിരുന്ന ഒരു കര്‍ഷകനോട് ഷുവാങുഷൂ പറഞ്ഞുവത്രേ ‘ഈ പണി കൃഷിയെ നശിപ്പിക്കുകയേയുള്ളൂ’ സാങ്കേതികവിദ്യയെയല്ല അദ്ദേഹം എതിര്‍ത്തത്. മനുഷ്യന്റെ കരുത്തിനേയും ശക്തിയേയും ചോര്‍ത്തിക്കളയുന്ന മൂല്യനിരപേക്ഷമായ സംവിധാനത്തെയാണദ്ദേഹം വിമര്‍ശിച്ചത്. ‘പാശ്ചാത്യശാസ്ത്രം മൂന്നാംലോക രാജ്യങ്ങള്‍ക്ക് സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായുമൊക്കെ തികച്ചും അനാവശ്യമാണെന്നാണ് എനിക്കു മനസ്സിലായത്’ എന്നു പറഞ്ഞത് പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ വക്താവായ വന്ദനാശിവയാണ്. ആധുനികശാസ്ത്രം അതിന്റെ ആകത്തുകയില്‍ അക്രമാസക്തമാണെന്നാണ് അവരുടെ അഭിപ്രായം.ശ്രീബുദ്ധന്‍ മനുഷ്യനോട് ഇങ്ങനെ ചോദിക്കുന്നതായി ഡോ. ഹമീദ് ഖാന്‍ ‘ശ്രീ ബുദ്ധനുമായി ഒരു സ്വപ്‌നസംഭാഷണം’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ”ഞാന്‍ നിന്നോടു ലഘുവായ ഒരു ചോദ്യം ചോദിക്കുന്നു- ഭൂമിക്കു വേണ്ടി സംസാരിക്കാന്‍ ആരുണ്ട്? നിന്റെ കുഞ്ഞിനെ കൂട്ടുകാര്‍ മര്‍ദ്ദിച്ചാല്‍ നിനക്കു പോയി ചോദിക്കാം. നീ ഒരു കാറപകടത്തില്‍പ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ നിന്റെ അഭിഭാഷകന്‍ നിനക്കുവേണ്ടി ഇടപെടും. ഒരു ഇന്ത്യക്കാരന്‍ ഇംഗ്ലണ്ടില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായാല്‍ ഇന്ത്യന്‍ എംബസി ഇടപെടും. എന്നാല്‍, നിന്റെ ഭൂമിയെ ആരെങ്കിലും മലിനമാക്കിയാല്‍ ആരാണ് ഇടപെടുക?”പരിസ്ഥിതിക്കു വേണ്ടിയുള്ള ചടങ്ങ് പരിപാടികളില്‍ അഭിരമിക്കുന്ന നാം നമ്മെത്തന്നെയും കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെയോ സര്‍ക്കാരേതര ഏജന്‍സികളുടെയോ സൂത്രപ്പണികള്‍കൊണ്ടൊന്നും പരിസ്ഥിതിയെയോ ആവാസവ്യവസ്ഥയെയോ സംരക്ഷിക്കാനാവില്ല. മനുഷ്യമുഖമുള്ള ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും പിറവി കൊടുക്കുകയും അതുവഴി ജനകീയമായ വികസനത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രതീക്ഷകള്‍ സഫലീകരിക്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക