|    Nov 15 Thu, 2018 7:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍; ഇന്നു നഗരസഭാ മേയര്‍

Published : 6th August 2018 | Posted By: kasim kzm

പൂനെ: ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന രാഹുല്‍ ജാദവിനെ വ്യവസായിക പട്ടണമായ പൂനെയിലെ പിംപിരി ചിന്‍ച്ചാവദ് മുനിസിപ്പല്‍ കോര്‍പറേഷനിലെത്തിയാല്‍ ഇനി മേയറായി കാണാം. ഉപജീവനത്തിനായി താന്‍ മേയറായ നഗരത്തിലൂടെ വര്‍ഷങ്ങളോളം ഓട്ടോ ഓടിച്ചു നടന്നിട്ടുണ്ട് രാഹുല്‍ ജാദവ് എന്ന 36കാരന്‍. ശനിയാഴ്ചയാണ് പിംപിരി ചിന്‍ച്ചാവദ് മേയറായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
128 അംഗങ്ങളുള്ള കോര്‍പറേഷന്‍ ബിജെപിയാണ് ഭരിക്കുന്നത്. കര്‍ഷക കുടുംബത്തിലെ അംഗമായ ജാദവ് 10ാം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാളാണ്. 1996 മുതല്‍ 2003 വരെ ആറ് സീറ്റുള്ള ഓട്ടോ ഓടിച്ചാണ് ജാദവ് കുടുംബം പുലര്‍ത്തിയത്. ആറു സീറ്റുള്ള ഓട്ടോറിക്ഷകള്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൃഷിയിലേക്ക് തിരിഞ്ഞു. പിന്നീട് കുറച്ചുകാലം ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു.
2006ല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ജാദവ് 2007ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യില്‍ ചേര്‍ന്നു. 2017ലെ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച് നഗരസഭാംഗമായി. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു വീണ്ടും നഗരസഭാംഗ—മായി തിരഞ്ഞെടുക്കപ്പെട്ടു. നിതിന്‍ കാല്‍ജെ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു ബിജെപി ജാദവിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 120 വോട്ടില്‍ 81 വോട്ട് നേടിയാണു ജാദവ് വിജയിച്ചത്. എട്ടുപേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്ന നിലയില്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും തനിക്കു നന്നായി അറിയാമെന്നും മേയര്‍ എന്ന നിലയില്‍ സാധാരണക്കാരന്റെ ഉന്നമനത്തിനും വ്യവസായ നഗരത്തിന്റെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് ജാദവ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss