|    May 23 Tue, 2017 8:54 am
FLASH NEWS

അന്ന് എവറസ്റ്റില്‍ ഇന്ന് പെരുവഴിയില്‍

Published : 10th January 2016 | Posted By: TK

 

ആലപ്പുഴ പട്ടണത്തിലെ തിരക്കേറിയ പ്രധാന ജങ്ഷനുകളില്‍ തലങ്ങും വിലങ്ങും പാഞ്ഞുപോവുന്ന വാഹനങ്ങളെയും കാല്‍നടക്കാരെയും നിയന്ത്രിക്കുന്ന ഒരു ഹോംഗാര്‍ഡ് ഉണ്ട്- പേര് എസ് സുരേഷ്‌കുമാര്‍. അഞ്ചു സഹയാത്രികര്‍ യാത്രാവഴിയില്‍ മരിച്ചുവീണിട്ടും തളരാതെ കാഞ്ചന്‍ജംഗയുടെയും എവറസ്റ്റിന്റെയും തുഞ്ചത്തെത്തിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍


 

EVEREST

 

എന്‍ പി അബ്ദുല്‍ അസീസ്

കൈയില്‍ കാമറക്കണ്ണുകളുമായി കായംകുളത്തെ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി നാടുചുറ്റി നടന്നിരുന്ന കാലം. വിവാഹവേളകള്‍ മുതല്‍ പ്രകൃതിഭംഗിവരെ ആ കാമറയ്ക്കുള്ളില്‍ പതിക്കുമ്പോഴും അന്നു മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ അറിയാതെ ഒരു മോഹവും പതിഞ്ഞുകിടന്നിരുന്നു. ഭൂമിയുടെ കൊടുമുടിയില്‍ കയറണം. അവിടെ നിന്നുകൊണ്ട് മനോഹരമായ പ്രകൃതിയുടെ ചിത്രങ്ങളെടുക്കണം. അതു മാലോകരെ അറിയിക്കണം. വെറുതെ എന്നറിയാമെങ്കിലും അതിനായി മോഹിച്ചുപോയി.
ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന കായംകുളം മുതുകുളം ഈഴാന്തറയില്‍ എസ് സുരേഷ്‌കുമാറിന്റെ മനസ്സില്‍ അങ്ങനെ മോഹം കടന്നുകൂടാന്‍ ഒരു കാരണമുണ്ട്.

പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്ന കാലം. ഭൂമിശാസ്ത്ര അധ്യാപകന്‍ ടെന്‍സിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയ ചരിത്രം പഠിപ്പിക്കുമായിരുന്നു. അന്നത് മനസ്സിനെ വല്ലാതെ മഥിച്ചു. അന്നുമുതല്‍ മനസ്സിന്റെ ഒരു കോണില്‍ ആരും അറിയാതെ, ആരെയും അറിയിക്കാതെ ആ ചരിത്രവും കെട്ടിക്കിടന്നിരുന്നു. അതായിരുന്നു നടക്കാതെപോവുമെന്ന് മനസ്സില്‍ കരുതിയതും പിന്നീട് നടന്നതുമായ ആ മോഹത്തിനു കാരണം.

 

ഫോട്ടോഗ്രാഫറായി പട്ടാളത്തില്‍
1987ല്‍ അപ്രതീക്ഷിതമായി ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസിലെ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എവറസ്റ്റില്‍ കയറുന്ന ആദ്യ മലയാളിയോ ആദ്യ ദക്ഷിണേന്ത്യക്കാരനോ താനായിരിക്കുമെന്നു സുരേഷ്‌കുമാര്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. ഒടുവില്‍ മോഹം സാക്ഷാല്‍ക്കരിക്കപ്പെട്ടപ്പോള്‍ ആ ധന്യനിമിഷങ്ങളെക്കുറിച്ചു സുരേഷ്‌കുമാറിന് പറയാന്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍. എല്ലാം ഒരു സ്വ്പനംപോലെ… ആരോടാണ് നന്ദിപറയേണ്ടതെന്നും അറിയില്ല.

 

EVEREST1

 

ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ സുരേഷ് പറയും അതങ്ങനെ സംഭവിച്ചു. അത്രമാത്രം… എല്ലാം ദൈവനിശ്ചയം. ഗുരുക്കന്മാരുടെ അനുഗ്രഹം…
പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവു, വാജ്‌പേയ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്ക് സുരക്ഷാകവചമൊരുക്കിയ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും അംഗമാവാന്‍ അവസരം ലഭിച്ചിട്ടുള്ള ഈ മലയാളി ആലപ്പുഴ പട്ടണത്തിന്റെ തിരക്കേറിയ പ്രധാന ജങ്ഷനുകളില്‍ അതിവേഗം പാഞ്ഞുവരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സ്‌റ്റോപ്പ് ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന ഒരു ഹോംഗാര്‍ഡ് മാത്രമാണിന്ന്.
മഞ്ഞുപാളികള്‍ മാത്രമുള്ള മലമടക്കുകളായ കാഞ്ചന്‍ജംഗയുടെയും എവറസ്റ്റിന്റെയും നിറുകയില്‍ മഞ്ഞുകട്ടകളെ മെത്തയാക്കി കിടന്നുറങ്ങിയ ആദ്യമലയാളിയാണ് ഇദ്ദേഹമെന്നത് സഹപ്രവര്‍ത്തകരില്‍ അപൂര്‍വം പേര്‍ക്കു മാത്രം തിരിച്ചറിയാവുന്ന ഒരു രഹസ്യം.

 

കാഞ്ചന്‍ജംഗയുടെ നെറുകയില്‍
ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസില്‍ അംഗമായി സേവനം ചെയ്യുമ്പോഴാണ് കാഞ്ചന്‍ജംഗ കീഴടക്കാനായി പര്‍വതാരോഹണ സംഘത്തെ തിരഞ്ഞെടുക്കാന്‍ അന്നത്തെ ഐടിബിപി വിഭാഗം ഐജി ആയിരുന്ന ഹുക്കും സിങ് തീരുമാനിച്ചത്. അതിനായി തിരഞ്ഞെടുത്ത 26 പേരില്‍ ഫോട്ടോഗ്രാഫറായി സുരേഷ് കുമാറുമുണ്ടായിരുന്നു. പട്ടാള ബാരക്കിലെ അതിശക്തമായ പരിശോധനകളും പരിശീലനവും അതിനായി വേണ്ടിവന്നു.

10 ദിവസം നീണ്ടുനിന്ന മെഡിക്കല്‍ പരിശോധന. രോഗത്തിന്റെ ചെറു സൂചനപോലുമുള്ളവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയില്ല. പകല്‍ മുഴുവനും സൈക്ലിങ്, ചെറിയ കുന്നുകളിലും മലകളിലും കൊണ്ടുപോയിട്ടുള്ള ട്രക്കിങ്. അത്തരം കര്‍ശനമായ ട്രെയിനിങിലും പരിശോധനകളിലും വിജയിച്ചവരില്‍ ആദ്യപേരുകാരനും സുരേഷ്‌കുമാര്‍ തന്നെ. തുടര്‍ന്ന് യുപിയിലെ മൗണ്ട് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു ബേസിക് കോഴ്‌സും പാസായി. ഇതിനിടയില്‍ ഫോട്ടോഗ്രഫിയുടെ വിവിധ തലങ്ങളെക്കുറിച്ച് സ്വയംചിന്തിച്ചു പരീക്ഷണനിരീക്ഷണങ്ങളും നടത്തി.
കാഞ്ചന്‍ജംഗയും എവറസ്റ്റും കീഴടക്കിയതായി മേലധികാരികള്‍ക്കു നല്‍കാനുള്ള ഏക തെളിവും അക്കാലത്ത് ഫോട്ടോ മാത്രമായിരുന്നു. ഒടുവില്‍ ഈശ്വരനെ മാത്രം മനസ്സില്‍ ധ്യാനിച്ച് ജീവിതവും മരണവും നെഞ്ചോടു ചേര്‍ത്തുപിടിച്ചായിരുന്നു സിക്കിംവഴി കാഞ്ചന്‍ജംഗയിലേക്കുള്ള യാത്ര. അപകടകരമായ യാത്രയെക്കുറിച്ചുള്ള ഒരു വിവരവും വീട്ടുകാരെ അറിയിക്കാന്‍ സുരേഷ് മെനക്കെട്ടില്ല. കാരണം അവര്‍ പരിഭ്രമിക്കാനും തിരികെ എത്തുന്നതുവരെ മാനസികസമ്മര്‍ദ്ദം ഉണ്ടാകുവാനും അതു കാരണമാവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

 

മരണത്തോടു മുഖാമുഖം
പൊതുവെ തണുപ്പുകുറഞ്ഞ സമയം എന്ന നിലയിലാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് അതിനായി തിരഞ്ഞടുത്തത്. തുടര്‍ന്നുള്ള യാത്ര അതികഠിനമായിരുന്നു. സഹയാത്രികര്‍ പലരും കൈവിട്ടുപോയ സന്ദര്‍ഭങ്ങള്‍ സുരേഷ്‌കുമാറിന്റെ മനസ്സില്‍ ഒരു തീക്കനലായി ഇപ്പോള്‍ തോന്നുന്നു. ഒടുവില്‍ ഒപ്പം മഞ്ഞുമലകള്‍ താണ്ടിയ അഞ്ചുപേരുടെ ജീവന്‍ മഞ്ഞിന്റെ കാഠിന്യത്താല്‍ രക്തയോട്ടം നിലച്ച് നഷ്ടപ്പെട്ടതും നേരില്‍ കാണാനായി. 1991 മെയ് 21ന് കാഞ്ചന്‍ജംഗ കൊടുമുടിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോള്‍ അത് ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു.
മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ അസുലഭ നിമിഷങ്ങള്‍ പക്ഷേ, നാം മലയാളികള്‍ അറിഞ്ഞതുപോലുമില്ല. പക്ഷേ, ആ ദിവസത്തിന് വിചിത്രമായ മറ്റൊരു പ്രത്യേകതയുണ്ട്. ആ ദിവസം തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കവെ വധിക്കപ്പെട്ടത്.

 

എവറസ്റ്റിലേക്ക്
EVEREST2

 

പര്‍വതാരോഹണം നടത്തിയ ആദ്യനിമിഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ചു ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് എവറസ്റ്റ് കീഴടക്കാനുള്ള സംഘത്തിലേക്കും സുരേഷ്‌കുമാറിനെ തിരഞ്ഞെടുക്കുന്നത്. അതിനായി തൂവല്‍കൊണ്ടുള്ള പ്രത്യേകതരം വസ്ത്രങ്ങളും വിദേശനിര്‍മിത ബൂട്ടുകളും കൈയുറകളും എല്ലാം സര്‍ക്കാര്‍ നല്‍കി. ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തി. ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും സമയങ്ങളിലും മാറ്റം. സ്വന്തമായി അന്നു കൂട്ടിനുണ്ടായിരുന്നത് സന്തതസഹചാരിയായ 60 എം എം മൂവി കാമറ മാത്രം. കൈയുറകളും ഓക്‌സിജന്‍ കിറ്റുകളും മറ്റെല്ലാ സന്നാഹങ്ങളുമായി യാത്രതിരിച്ചു. ചൈന വഴിയായിരുന്നു ഇത്തവണത്തെ എവറസ്റ്റിലേക്കുള്ള ആരോഹണം. 1992 മാര്‍ച്ചിലായിരുന്നു ആ ദൗത്യം ആരംഭിച്ചത്.
എല്ലാവരും ഒന്നിച്ചായിരുന്നില്ല യാത്ര. നാലോ അഞ്ചോ പേര്‍ ചെറുസംഘങ്ങളായി പിരിയും. എന്നിട്ട് മുന്നിലും പിന്നിലുമായി യാത്ര. മുന്നില്‍ പോവുന്നവര്‍ വഴി കാണിച്ചുകൊടുക്കും. പുലര്‍ച്ചെ മൂന്നുമണിയോടെ മലകയറ്റം ആരംഭിച്ചാല്‍ ഉച്ചയ്ക്ക് 12 മണിയോടെ അവസാനിപ്പിക്കും. പിന്നീട് വിശ്രമം. കിടന്നുറങ്ങാന്‍ പ്രത്യേക ബേസ് ക്യാംപുകള്‍ ഒരുക്കും. അതിനുള്ളില്‍ മെഴുകുതിരിയും ചെറിയ ഗ്യാസ് ലൈറ്ററുകളും മാത്രമാണ് പ്രകാശത്തിനായി ഉപയോഗിച്ചിരുന്നത്.

 

മഞ്ഞുകട്ടകളുടെ മുകളില്‍ പ്രത്യേകതരം പ്ലാസ്റ്റിക് ഷീറ്റുകള്‍ നിരത്തിയാവും കിടപ്പ്. ശക്തമായി മഞ്ഞുരുകി വെള്ളച്ചാട്ടംതന്നെ ചിലപ്പോള്‍ ഉണ്ടാവും. ശക്തമായ കാറ്റ് വീശിയടിക്കും. ഇടയ്ക്ക് മഴപെയ്യും. ബേസ് ക്യാംപുകള്‍ തകര്‍ന്നപ്പോള്‍ മരണത്തെ നേരില്‍ക്കണ്ട നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നു. പ്രതിരോധവസ്ത്രങ്ങളെ തുളച്ചുകയറുന്ന തണുപ്പ് പലപ്പോഴും മനസ്സിന്റെ താളംതന്നെ നിലയ്ക്കുമോ എന്നുപോലും സംശയിപ്പിക്കുന്നതായിരുന്നു. എങ്കിലും ധൈര്യം കൈവിടാതെയുള്ള യാത്ര അന്ന് ഒരു ത്രില്ലായിരുന്നുവെന്ന് സുരേഷ്‌കുമാര്‍ പറയുമ്പോള്‍ മുഖത്ത് അഭിമാനം നുരഞ്ഞുപൊങ്ങും.

 

ഒരു സ്വപ്‌നം പൂവണിയുന്നു
എവറസ്റ്റ് ആരോഹണത്തില്‍ യാത്രികര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മഞ്ഞുമലയില്‍ പറ്റിപ്പിടിച്ചാല്‍ പിന്നെ എഴുന്നേല്‍ക്കാനാവില്ല എന്നതാണ്. ഗ്രൂപ്പിലെ 26 പേരില്‍ അഞ്ചു പേരെ മരണംവന്നു കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയാണ്. മൂന്നുമാസത്തെ അതികഠിനമായ യാത്രയ്‌ക്കൊടുവില്‍ എവ
റസ്റ്റിന്റെ 8,850 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക
ഉയര്‍ത്തിയപ്പോള്‍ ചെറുപ്പത്തില്‍ സുരേഷ്‌കുമാറിന്റെ മനസ്സില്‍ അങ്കുരിച്ച മോഹം പൂവണിയുകയായിരുന്നു. ആ സന്തോഷത്തില്‍ പങ്കുചേരാന്‍ യാത്രപുറപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ ഇല്ലാതെപോയതിലുള്ള നിരാശ ഇന്നും അദ്ദേഹത്തിന്റെ മുഖത്ത് നിഴലിക്കുന്നു. അന്ന് എവറസ്റ്റിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ട് ഒട്ടനവധി ചിത്രങ്ങളും തന്റെ കാമറയില്‍ പകര്‍ത്തി. അതെല്ലാം കോര്‍ത്തിണക്കി ദൂരദര്‍ശന്‍ 1992 ഒക്ടോബറില്‍ ഒരു ഡോക്യുമെന്ററി തന്നെ പ്രക്ഷേപണം ചെയ്തു.
അന്നത്തെ എവറസ്റ്റ് യാത്രയില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും ഒപ്പമുണ്ടായിരുന്നതായി സുരേഷ്‌കുമാര്‍ ഓര്‍ക്കുന്നു. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിയായി തിരികെ വരുമ്പോള്‍ നേപ്പാളില്‍ പ്രത്യേക സ്വീകരണം. 1997ല്‍ എസ്പിജിയില്‍ സീനിയര്‍ സെക്യൂരിറ്റി അസിസ്റ്റന്റായി ഡെപ്യൂട്ടേഷനില്‍ നിയമനം. അതോടെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷാവലയത്തിലെ അംഗമാവാനും അവസരം ലഭിച്ചു. അത് സുരേഷ്‌കുമാറിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തങ്ങളായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ഇതിനിടയില്‍ ഒരു പ്രാവശ്യംകൂടി എവറസ്റ്റിലേക്കു പോവാന്‍ അവസരം ലഭിച്ചെങ്കിലും പ്രായം കാരണം ആ അവസരം പ്രയോജനപ്പെടുത്താനായില്ല. തുടര്‍ന്നു 2008ല്‍ വിആര്‍എസ് എടുത്ത് നാട്ടിലേക്കു മടങ്ങി. അങ്ങനെയാണ് ഹോംഗാര്‍ഡായി ആലപ്പുഴപട്ടണത്തിലെ തിരക്കേറിയ വീഥികളില്‍ പരക്കംപാഞ്ഞുവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സ്‌റ്റോപ്പ് ബോര്‍ഡും കൈയിലേന്തി വെയിലേറ്റ് നിറഞ്ഞ ചിരിയോടെ സുരേഷ്‌കുമാര്‍ നില്‍ക്കുന്നത്.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day