|    Oct 19 Fri, 2018 1:31 am
FLASH NEWS

അന്നമുണ്ടാക്കുന്ന കല പഠിക്കാന്‍ ഉല്‍സവത്തിമര്‍പ്പോടെ അവര്‍ ചേറ്റിലിറങ്ങി

Published : 13th September 2017 | Posted By: fsq

 

എടവണ്ണ: അന്നമുണ്ടാക്കുന്ന കല പഠിക്കാന്‍ ഉല്‍സവ തിമര്‍പ്പോടെ അവര്‍ ചേറിലേക്കിറങ്ങി. കൊച്ചു കുട്ടികളും വിദ്യാര്‍ഥികളും യുവാക്കളും പാട്ടും പാടി ഞാറ് നടുമ്പോള്‍ അവര്‍ക്ക് പ്രചോദനം പകരാന്‍ എംഎല്‍എ പി കെ ബഷീറും കണ്ടത്തിലേക്കിറങ്ങി. ഒപ്പം പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി പ്രതിനിധികളും അണിചേര്‍ന്നു.കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി കൃഷിക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ജൈവ നെല്‍കൃഷിയുടെ ഞാറ് നടീലാണ് ഉല്‍സവ ലഹരിയില്‍ തുടക്കം കുറിച്ചത്. ആറാം തവണയാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടന്‍ നെല്ലിനങ്ങളായ ആര്യന്‍, ചേറ്റാടി, എന്നിവ 75 സെന്റില്‍ കൂട്ടുമുണ്ട കൃഷിയും, 75 സെന്റില്‍ ചിറ്റേനി രണ്ടാം വിളയായിട്ടുമാണ് ഇത്തവണ വിളവിറക്കിയത്. ഈ സംഘം വളര്‍ത്തുന്ന നാടന്‍ പശുക്കളുടെ ചാണകവും മൂത്രവുമാണ് വളമായി ഉപയോഗിക്കുന്നത്. വില കൊടുത്തു വാങ്ങിയതും പാട്ടത്തിനെടുത്തതുമായ ഒന്നര ഏക്കര്‍ വയലിലാണ് കൃഷി. പച്ചക്കറി വിളകള്‍ വിവിധ പ്ലോട്ടുകളിലുമായി ഈ കൂട്ടാഴ്മയുടെ കീഴില്‍ കൃഷി ചെയ്തു വരുന്നു. പൊതുജനങ്ങള്‍ക്ക് വിഷ രഹിതമായ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിന് കല്ലിടുമ്പില്‍ സ്വന്തം വിപണന ശാലയും ഇവര്‍ക്കുണ്ട്. വരമ്പത്തും ചേറ്റിലും ചവിട്ടി നടക്കാനും അന്നമുണ്ടാക്കുന്ന കല പഠിക്കാനും താത്പര്യമുള്ളവര്‍ക്ക് സ്വാഗതമെന്ന കൃഷി കൂട്ടായ്മയുടെ കണ്‍വീനര്‍ പി ഫിറോസിന്റെ ഫേസ്ബുക്കിലെ ക്ഷണം സ്വീകരിച്ച് വന്നവരും ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss