|    May 24 Wed, 2017 1:38 pm
FLASH NEWS

അന്നത്തിനു വേണ്ടിയുള്ള അഭ്യാസത്തിനിടെ ബൈക്കില്‍ നിന്നു വീണ അബ്ദുല്‍ മജീദിനു തോല്‍ക്കാന്‍ മനസ്സില്ല

Published : 23rd August 2016 | Posted By: SMR

പള്ളിക്കല്‍: തന്റെ കുടുംബത്തിന്റെ ഒരു നേരത്തെയെങ്കിലും വയര്‍ നിറക്കാന്‍ അന്നംതേടി ബൈക്കില്‍ അഭ്യാസ പ്രകടനം കാട്ടുന്നതിനിടെ ഗുരുതര പരിക്കേറ്റ അബ്ദുല്‍ മജീദിനു ജീവിത പ്രതിസന്ധിക്കു മുമ്പില്‍ തോല്‍ക്കാന്‍ മനസ്സില്ല. പാലക്കാട് ജില്ലയിലെ മേപ്പറമ്പില്‍ തൃക്കപാലത്ത് അബ്ദുല്‍ മജീദ് (48) ആണ് പ്രതിസന്ധികളെ പുറംകാല്‍കൊണ്ട് ചവിട്ടി മുന്നേറുന്നത്. അബ്ദുല്‍ മജീദിനു സര്‍ക്കസിലായിരുന്നു താല്‍പര്യം. ഒമ്പത് വര്‍ഷം മുമ്പ് കോട്ടക്കലിലെ ചെനക്കല്‍ വച്ചു ബൈക്കില്‍ അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നതിനിടെ അബദ്ധത്തില്‍ ഓവുചാലില്‍ വീണു ഗുരുതര പരിക്കേറ്റു. വര്‍ഷങ്ങളോളം ചികില്‍സയിലായിരുന്ന അബ്ദുല്‍ മജീദിനെ നാട്ടുകാരായ സുമനസുകള്‍ തുടര്‍ ചികില്‍സ നല്‍കി.
എന്നിരുന്നാലും ബൈക്ക്, ജീപ്പ് അഭ്യാസങ്ങള്‍ മാത്രം അറിയുന്ന ഇദ്ദേഹത്തിന് എണീറ്റു പരസഹായം ഇല്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. ആരുടെ മുമ്പിലും വെറുതെ കൈകാണിക്കാന്‍ മനസ്സുവരാത്ത മജീദ് ഇപ്പോള്‍ ജീവിതത്തിനു സ്വന്തമായൊരു മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഇപ്പോള്‍ കൊണ്ടോട്ടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യ ശീജക്കും വിദ്യാര്‍ഥിയായ മകന്‍ ഉമറുല്‍ ലത്തീഫിനും ഒപ്പം ജീവിക്കുന്ന ഈ പഴയകാല സര്‍ക്കസ് കലാകാരന്‍ ഗ്രാമങ്ങളില്‍ ഓട്ടോറിക്ഷയില്‍ എത്തി മധുരമൂറും ഗാനങ്ങള്‍ ആലപിച്ചും ഒന്നാംതരം കോമഡികള്‍ അവതരിപ്പിച്ചും ജീവിത മാര്‍ഗം കണ്ടെത്തുന്നു. ബൈക്കില്‍ നിന്നു വീണു പരിക്കേല്‍ക്കുന്നതിനു തൊട്ടു മുമ്പ് കൊണ്ടോട്ടി തുറക്കലില്‍ ഒരു ചെറിയ വീടും സ്ഥലവും ഇയാള്‍ക്കുണ്ടായിരുന്നു.
പക്ഷേ, സാമ്പത്തിക പ്രതിസന്ധി കാരണം ഇതു വില്‍ക്കേണ്ടി വന്നതാണ് അബ്ദുല്‍ മജീദിന്റെ ദുഖം. തന്റെ പാട്ട് ആരംഭിക്കുന്നതിനു മുമ്പ് കാ കാ ശബ്ദമുണ്ടാക്കി കൈകൊട്ടി നാട്ടിന്‍പുറങ്ങളില്‍ മരക്കൊമ്പില്‍ ഇരിക്കുന്ന കാക്കകളെ തന്റെ സമീപം വിളിച്ചു വരുത്തി നാട്ടുകാര്‍ക്ക് കൗതുകം ഉണ്ടാക്കിയാണ് ഇദ്ദേഹം കലാപരിപാടി ആരംഭിക്കാര്‍. പാട്ടുകള്‍ക്കിടയിലും അബ്ദുല്‍ മജീദ് ഒന്നുകൈകൊട്ടിയാല്‍ നൂറോളം കാക്കകള്‍ ഇദ്ദേഹത്തിനു സമീപമെത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day