|    Jul 18 Wed, 2018 3:00 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അന്ധവിശ്വാസങ്ങളുടെ അട്ടിപ്പേറുകാര്‍

Published : 4th August 2017 | Posted By: fsq

എഴുപത് വര്‍ഷങ്ങള്‍ക്കപ്പുറമാണ് സംഭവം. ഞങ്ങളുടെ കുടുംബവീട്ടില്‍ പ്രചുരപ്രചാരമുള്ള ഈ സംഭവത്തിന് ഇപ്പോള്‍ ജീവന്‍ വയ്ക്കുന്നത് മരിച്ചുപോയവരെ ജീവിപ്പിക്കാന്‍ ചില സിദ്ധന്‍മാര്‍ക്കും സൂഫിവര്യന്‍മാര്‍ക്കും സാധിക്കുമെന്ന അന്ധവിശ്വാസത്തിനു കൈയും കാലും മുളക്കാന്‍ തുടങ്ങിയതോടെയാണ്. ഇതിന്റെ ഭാഗമായാണല്ലോ മലപ്പുറത്തെ കുളത്തൂരില്‍ ഒരു കുടുംബം തങ്ങളുടെ ഗൃഹനാഥനെ ഏതെങ്കിലും സിദ്ധന്‍മാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന ഉത്തമവിശ്വാസത്തോടെ ദുര്‍ഗന്ധം സഹിച്ചും അയല്‍വാസികളെ ആട്ടിയകറ്റിയും കഴിഞ്ഞുകൂടിയത്. തുടക്കത്തില്‍ പരാമര്‍ശിച്ച കഥയിലെ നായകന്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നത് എല്ലാവരും കണ്ടതാണ്. പിന്നീട് ഒരവസരത്തില്‍ വീടിനു മുമ്പിലെ തൊഴുത്തില്‍ പുതുതായി വാങ്ങിയ എരുതിനെയും കാളയെയും കണ്ടാസ്വദിക്കുന്നതിനിടെ വൈക്കോല്‍ക്കൂനയില്‍ കിടന്ന് ടിയാന്‍ ഉറങ്ങിപ്പോയത് ആരും കണ്ടില്ല. വീട്ടുകാര്‍ പയ്യനെ തിരയാത്ത സ്ഥലമില്ല. രണ്ടു രാത്രിയും പകലും പിന്നിട്ടിട്ടും പയ്യനെ കാണാതായപ്പോള്‍ ആളുകള്‍ ഉറപ്പിച്ചു, പയ്യനെ കാഫിര്‍ ജിന്ന് വിഴുങ്ങിയതാണെന്ന്. തുടര്‍ന്ന് കുട്ടിച്ചാത്തന്‍മാരെ ആവാഹിക്കാന്‍ കഴിവുള്ള സിദ്ധന്‍ രംഗത്തെത്തി. അയാള്‍ തന്റെ അസ്മാഇന്റെ ഉപകരണ സാമഗ്രികള്‍ പുറത്തെടുത്ത് അപ്രത്യക്ഷനായ കുട്ടിയെ വീട്ടിലെ എഴുത്തുമുറിയില്‍ നിന്നു നിഷ്പ്രയാസം മുളപ്പിച്ചെടുത്തു. അക്കാലത്ത് ഇത്തരം മരിച്ചവരെ ജീവിപ്പിക്കലും കാണാതായവരെ കൂടോത്രം വഴി വിളിച്ചുവരുത്തലും സാര്‍വത്രികമായിരുന്നു. ഇപ്പോള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഭാതത്തില്‍ ഇതേ അന്ധവിശ്വാസം കൂടുതല്‍ ശക്തിയോടെയും പണച്ചാക്കുകളുടെയും സാങ്കേതിക സൗകര്യങ്ങളുടെയും പിന്‍ബലത്തോടെയും തിരിച്ചുവന്ന്, മൂസാ നബിയുടെ വടി പാമ്പായി ആളുകളെ ഭയപ്പെടുത്തിയതുപോലെ നമ്മെയും വിരട്ടുന്നു. കേരളത്തിലെ മുസ്‌ലിം യാഥാസ്ഥിതിക പുരോഹിതരാണ് ഈ കൊടിയ അന്ധവിശ്വാസത്തിനും കടുത്ത ശിര്‍ക്കിനും വിശുദ്ധ ഖുര്‍ആന്‍ വളച്ചൊടിച്ചും അതില്‍ നിന്നു തെറ്റായ നിഗമനങ്ങള്‍ നിര്‍ധാരണം ചെയ്തും ആശയപരവും പ്രമാണപരവുമായ മണ്ണൊരുക്കിക്കൊടുക്കുന്നതും പരിപോഷിപ്പിക്കുന്നതും. കൊളത്തൂരിലെ സൈദിന്റെ മൃതദേഹം അധികൃതര്‍ മൂന്നു മാസത്തിനു ശേഷം എടുത്തു ഖബറടക്കം ചെയ്തത് അവര്‍ക്കു ദഹിച്ചിട്ടുണ്ടാവില്ല. ആ വഴിയേ ഒരു വ്യാജസിദ്ധനോ മാരണക്കാരനോ തല നിറയെ തലേക്കെട്ടു കെട്ടിയും കഴുത്തും ചുമലും പച്ച കമ്പിളി കൊണ്ട് പുതച്ചും താടി വയറുനിറയെ വളര്‍ത്തിയും കടന്നുവന്നിരുന്നെങ്കില്‍ സൈദ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഇവര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ല. മരണമടഞ്ഞാല്‍ ഒട്ടും താമസിയാതെ മറമാടണമെന്നതാണ് ഇസ്‌ലാമിന്റെ അരുളപ്പാട്. എന്നാല്‍, ഇവരുടെ വിശ്വാസം അനുസരിച്ച് ഈ അനുശാസനം പ്രാവര്‍ത്തികമാക്കുക അസാധ്യമായിത്തീരുന്നു. ജീവിതത്തിലേക്കു വീണ്ടും ആവേശപൂര്‍വം തിരിച്ചുവരാനും മഹത്തായ കഴിവുകള്‍ പുറത്തെടുക്കാനും സാധ്യതയുള്ള എത്രയെത്ര അവസരങ്ങളാണ് ഈ ധൃതിപിടിച്ചുള്ള മറമാടല്‍ സംസ്‌കാരം മൂലം ഇല്ലാതായിപ്പോയത്. മരിച്ചവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുക എന്നത് തീര്‍ത്തും നിസ്സാരമായൊരു കാര്യമായിരുന്നുവെങ്കില്‍ മുസ്‌ലിം ലോകം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ പ്രശ്‌നങ്ങള്‍ക്ക് ആത്യന്തികവും ആധികാരികവുമായ മറുപടിയെന്ന നിലയ്ക്ക് ഇവര്‍ എന്തുകൊണ്ട് മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സാക്ഷാല്‍ പ്രവാചകപ്രഭുവിനെയോ അദ്ദേഹത്തിനു താങ്ങും തണലുമായിരുന്ന പത്‌നി ഖദീജയെയോ പടക്കളത്തില്‍ ചതിയില്‍ കൊല്ലപ്പെട്ട പിതൃസഹോദരന്‍ ഹംസയെയോ പുനരുജ്ജീവിപ്പിക്കുന്നില്ല? ഇവര്‍  പറയുന്ന നുണക്കഥകളില്‍ പ്രധാനപ്പെട്ട ചിലത് 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയിലേക്കു ചേര്‍ക്കപ്പെട്ടവയാണ്. ഇസ്‌ലാമിക സൂഫീചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിലൊരാളാണ് ജീലാനി. എന്നാല്‍, ആ വ്യക്തിത്വത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അര്‍ശി(ദൈവിക സിംഹാസനം)ല്‍ ദൈവത്തിന്റെ മുകളിലൊരു ഇരിപ്പിടം ഒരുക്കിയാണ് ഇവര്‍ അദ്ദേഹത്തെ ആദരിക്കുന്നത്. ജീവിപ്പിക്കുക, മരിപ്പിക്കുക എന്ന അല്ലാഹുവിന്റെ സവിശേഷമായ കഴിവുകളും മറ്റു വിശേഷണങ്ങളും ഇക്കൂട്ടര്‍ മഹാന്‍മാര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നു. ലാത്ത, ഉസ്സ, മനാത്തയാദി ഉപദൈവങ്ങളെ ആരാധിച്ചിരുന്ന, വിശുദ്ധ ഖുര്‍ആന്‍ കൊടിയ മുശ്‌രിക്ക് എന്നു വിശേഷിപ്പിച്ചവര്‍ പോലും, മരിച്ചവരെ ജീവിപ്പിക്കാന്‍ അവയ്ക്ക് സാധിച്ചിരുന്നുവെന്നു വിശ്വസിച്ചിരുന്നില്ല. എന്നിരിക്കെ ഇവര്‍ ഔലിയാപട്ടങ്ങള്‍ ചാര്‍ത്തിനല്‍കുന്ന ഈ വ്യക്തികള്‍ക്ക് അല്ലാഹുവിന്റെ ഉതവിയോടെ ഈ കഴിവുകളുണ്ടെന്നു പറയലും പ്രചരിപ്പിക്കലും ശിര്‍ക്കല്ലാതെ മറ്റെന്താണ്? ഇതിന് ഇവര്‍ പറയുന്ന ന്യായമാണ് രസകരം. ഈസാ നബി മരിച്ചവരെ ജീവിപ്പിക്കുകയും കളിമണ്ണുകൊണ്ട് പറവകളെ സൃഷ്ടിക്കുകയും ചെയ്തുവെന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാല്‍, ഇവര്‍ തൊട്ടുകാണിക്കുന്ന ഔലിയാക്കള്‍ ഈസാ നബിയോ മൂസാ നബിയോ ദുല്‍ഖിഫ്‌ലോ അല്ല. പ്രവാചകന്‍മാര്‍ക്ക് അവര്‍ പ്രവാചകന്‍മാരാണ് എന്നതിന്റെ സാക്ഷ്യപത്രങ്ങളായി അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ദൈവദത്തമായി ലഭിച്ച മുഅ്ജിസത്തുകള്‍ (അമാനുഷിക സിദ്ധികള്‍) യാതൊരു കാരണവശാലും ഭക്തരായ വിശ്വാസികള്‍ക്ക് അവകാശപ്പെടാവതല്ല. ഖുര്‍ആനില്‍ ഒരിടത്തും മുഅ്ജിസത്തുകള്‍ ഔലിയാക്കള്‍ക്ക് ഉണ്ടാകുമെന്നു പറഞ്ഞിട്ടേയില്ല. എന്നല്ല, ഒരു പ്രവാചകനു നല്‍കിയ മുഅ്ജിസത്ത് മറ്റൊരു പ്രവാചകന്റെ കാര്യത്തില്‍ ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഉദാഹരണമായി, മൂസാനബി ഒരു പ്രത്യേക വടി എടുത്താല്‍ അതു പാമ്പാകും. അതേ വടി മറ്റൊരു നബി എടുത്താല്‍ വടി മാത്രമാകും. സ്വാലിഹ് നബിയുടെ കാലത്ത് മല പിളര്‍ന്നപ്പോള്‍ ഒട്ടകക്കുഞ്ഞ് പുറത്തുവന്നു. ഇന്ന് ആയിരക്കണക്കിനു ക്വാറികളിലാണ് ദിനംപ്രതി പാറ പൊട്ടിക്കുന്നത്. ഇന്നത്തെ ഏതു മഹാനായ ഔലിയക്കും ആ ക്വാറികളിലൊന്നില്‍ നിന്ന് ഒട്ടകത്തെ പുറത്തെടുക്കുക സാധ്യമല്ല. വിചിത്രമായ മറ്റൊരു സംഗതി, ഈസാ നബി താന്‍ പറവകളെ സൃഷ്ടിക്കുമെന്നും മരിച്ചവരെ ജീവിപ്പിക്കുമെന്നുമാണ് പറഞ്ഞത്. എന്നാല്‍, തങ്ങളുടെ ഔലിയാക്കളില്‍ ഒരാള്‍ പോലും പറവകളെയോ പോത്തിന്‍കുട്ടികളെയോ സൃഷ്ടിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നില്ല. ചുട്ട കോഴിയെ നിര്‍ബാധം പറപ്പിക്കുന്നവര്‍ക്ക് ഒരു കോഴിക്കുഞ്ഞിനെയെങ്കിലും സൃഷ്ടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്നതിനു വിശദീകരണം ആവശ്യമാണ്. അവസാനമായി യാഥാസ്ഥിതിക പണ്ഡിതന്‍മാരോട് മുഖാമുഖം ചില കാര്യങ്ങള്‍: നിങ്ങളില്‍ ചിലര്‍ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ മുഅ്ജിസാത്തുകളെ ലളിതവല്‍ക്കരിച്ച് ‘അല്ലാഹുവിന്റെ അനുവാദമുണ്ടെങ്കില്‍ ഔലിയാക്കള്‍ക്ക് എന്തും സാധിക്കു’മെന്നു വാദിക്കുന്നു. അല്ലാഹുവിന്റെ അനുവാദമുണ്ടെങ്കില്‍ എന്തും സാധിക്കാന്‍ ഒരാള്‍ ഖുത്ബുല്‍ അഖ്താബോ ശെയ്ഖുല്‍ മശാഇഖോ ശംസോ ഖമറോ സയ്യിദോ തങ്ങളോ പകലൊട്ടകമോ രാത്രിയൊട്ടകമോ ആയിക്കൊള്ളണമെന്നില്ല. ഏതു സാധാരണക്കാരന്റെ കാര്യത്തിലും അതാവാം. പക്ഷേ, ഒരു കാര്യം  മനസ്സിലാക്കണം: പാണക്കാട് കുടുംബത്തലവന്‍ ഒരു നായര്‍ സ്ത്രീ നിര്യാതയായപ്പോള്‍ അവരെ ജീവിപ്പിച്ചുവെന്നും സി എം വലിയുല്ലാഹി എന്നു നിങ്ങള്‍ വിശേഷിപ്പിക്കുന്ന ആള്‍ മുന്‍ ലീഗ് എംഎല്‍എ സി മോയിന്‍കുട്ടിയുടെ പത്‌നിയുടെ കാന്‍സര്‍ മരണവക്ത്രത്തില്‍ വച്ച് ‘തിരിച്ചെടുത്തു’വെന്നും മറ്റും തട്ടിവിടുമ്പോള്‍ നിങ്ങളുടെ തലേക്കെട്ടും താടിയും കണ്ടും ഭക്തിസാന്ദ്രമെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന നിങ്ങളുടെ വഅഌ കേട്ടുമാണ് കൊളത്തൂര്‍ സൈദിന്റെ കുടുംബത്തെപ്പോലുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങള്‍ മറമാടാതെ പാടുപെട്ട് കാത്തുസൂക്ഷിക്കുന്നത്. ഇതുമൂലം ഉണ്ടാകുന്ന നാറ്റത്തിനും അപമാനത്തിനും നിങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍. ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരുകയാണെങ്കില്‍ നിങ്ങളുടെയൊക്കെ കൈകളില്‍ വിലങ്ങു വീഴാന്‍ ഏറെ സമയം വേണ്ട. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതു പ്രകാരവും അനുഭവങ്ങളുടെ വെളിച്ചത്തിലും ഒരു കാര്യം തറപ്പിച്ചു പറയാം: ചൂഷണമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. ശാസ്ത്രം ഏറെ പുരോഗമിച്ച ഘട്ടത്തിലും അന്ധവിശ്വാസത്തിന് ഒരു കുറവുമില്ല. അത്തരം ചൂഷണങ്ങള്‍ ഇനിയും നിര്‍ബാധം തുടരുക തന്നെ ചെയ്യും. ദയവായി അക്കൂട്ടത്തില്‍ നിന്ന് മൃതശരീരങ്ങളെ ഒഴിവാക്കുക. കാരണം, ഏതു മൃതദേഹവും പഴകിയാല്‍ നാറും. അതിനാല്‍, അവ കൊണ്ട് സമുദായത്തെ ഒന്നടങ്കം നാറ്റിക്കരുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss