|    Dec 13 Thu, 2018 7:16 am
FLASH NEWS

അന്ത്യോദയ എക്‌സ്പ്രസിനും ജില്ലയില്‍ സ്‌റ്റോപ്പില്ല

Published : 9th June 2018 | Posted By: kasim kzm

കാസര്‍കോട്്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്ന് ഓടി തുടങ്ങുന്ന അന്ത്യോദയ എക്‌സ്പ്രസിനും ജില്ലയില്‍ സ്റ്റോപ്പില്ല. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതം സര്‍വീസ് നടത്തുന്ന ട്രെയിനിന് നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജങ്ഷന്‍, കൊല്ലം(06.30), കൊച്ചുവേളി എന്നിവടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
ഇന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം മംഗളൂരുവിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന്് തിരിച്ച് സര്‍വീസ് നടത്തും. 18 കോച്ചുകളുള്ള ഈ ട്രെയിനില്‍ മുഴുവന്‍ കംപാര്‍ട്ട്‌മെന്റുകളും ജനറല്‍ ആണ്. സംസ്ഥാനത്തെ തെക്കെ അറ്റത്ത് നിന്ന് ആരംഭിച്ച് തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് സ്‌റ്റോപ്പുണ്ടായിരിക്കെ വടക്കേ അറ്റത്തെ ജില്ലയെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു.
സംസ്ഥാന തലസ്ഥനമായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന നൂറുകണക്കിന് ആളുകളാണ് ജില്ലയില്‍നിന്ന് വൈകുന്നേരങ്ങളിലുള്ള മലബാര്‍, മാവേലി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്. പലപ്പോഴും അടിയന്തിര ഘട്ടങ്ങളില്‍ റിസര്‍വേഷന്‍ ലഭിക്കാതെ വരികയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ദുരിത യാത്രചെയ്യേണ്ടിയും വരുന്നുണ്ട്. പലരും ട്രെയിനിലെ തിരക്ക് കാരണം കെഎസ്ആര്‍ടിസി ബസുകളെയോ സ്വകാര്യ ബസുകളെയോ ആണ് ആശ്രയിക്കുന്നത്. ഇതിനാവട്ടെ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റിന്റെ മൂന്നിരട്ടിയോളം ചാര്‍ജ്ജ് വരും.  ഇതിനൊക്കെ പരിഹാരമായാണ് പുതിയ അന്ത്യോദയ എക്‌സ്പ്രസ് ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പ്രയോജനം ജില്ലയിലെ യാത്രക്കാര്‍ക്ക് ലഭിക്കാത്തത്് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്.
രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കിടെയാണ് അന്ത്യോദയക്കും സ്‌റ്റോപ്പ് അനുവദിക്കാതിരിക്കുന്നത്. ദാദര്‍ കൊച്ചുവേളി, കോയമ്പത്തൂര്‍ ബിക്കാനിര്‍, തിരുവനന്തപുരം (ആഴ്ചയില്‍ ഒരുദിവസം) കൂടാതെ തുരന്തോഎക്‌സ്പ്രസ് കൂടാതെ സ്‌റ്റോപ്പില്ല. കാസര്‍കോട്ടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സദാനന്ദ ഗൗഡ റെയില്‍വേ സഹമന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തിവച്ചിട്ട് മാസങ്ങളായി. ദക്ഷിണ റെയില്‍വേ ഇത് പുനരാരംഭിക്കുമെന്ന് പറഞ്ഞാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ വെട്ടികുറച്ചതും കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ വികസന കാര്യത്തിലും റെയില്‍വേ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വടക്കേ അറ്റത്തെ റെയില്‍വേ സ്‌റ്റേഷന്‍ ആയിട്ടും ഒരു പിറ്റ്‌ലൈന്‍പോലും നിലവിലില്ല. ദക്ഷിണ റെയില്‍വേ പല റെയില്‍വേസ്‌റ്റേഷനുകളും ഗ്രേഡ് ഉയര്‍ത്തുമ്പോള്‍ ജില്ലയിലെ ഉപ്പള പോലുള്ള സ്‌റ്റേഷനുകളെ തരംതാഴ്ത്തുകയാണ് ചെയ്തത്. നിര്‍ധിഷ്ട അതിവേഗ ട്രെയിന്‍ പാതയുടെ രൂപ രേഖയിലും കാസര്‍കോടിനെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss