|    Sep 21 Fri, 2018 3:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അന്തിമ തീരുമാനമായില്ലെന്ന് യുഎഇ

Published : 25th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് എത്ര തുക സഹായമായി നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തിലുള്ള വിലയിരുത്തല്‍ നടക്കുകയാണെന്നും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു.
കേരളത്തിനു യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയെച്ചൊല്ലി വിവാദവും അവ്യക്തതയും തുടരുന്നതിനിടെയാണ് യുഎഇയുടെ വിശദീകരണം. യുഎഇ കേരളത്തിന് 700 കോടി രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, വിദേശ രാജ്യത്തു നിന്നു ദുരിതാശ്വാസത്തിനായി ധനസഹായം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് സംഭവം വിവാദമായത്. ദേശീയ മാധ്യമങ്ങളോടാണ് യുഎഇ അംബാസഡര്‍ സഹായം സംബന്ധിച്ച് വ്യക്തമാക്കിയത്. കേരളത്തെ സഹായിക്കും. എന്നാല്‍, എത്ര തുക നല്‍കണം എന്നതില്‍ അന്തിമ തീരുമാനം ഔദ്യോഗികമായി എടുത്തിട്ടില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒരു ദേശീയ അടിയന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിന് ആവശ്യമായ ധനസഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കുന്നതിനു വേണ്ടിയാണിത്. ഈ കമ്മിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിക്കുന്നുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനായി പ്രാദേശിക അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. യുഎഇയിലെ റെഡ്ക്രസന്റുമായും ഇന്ത്യയിലെയും കേരളത്തിലെയും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുകയെന്നും അഹ്മദ് അല്‍ ബന്ന പറഞ്ഞു.
ആഗസ്ത് 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുഎഇ സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്. അബൂദബിയിലെ രാജകുമാരന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്‌യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് ഫോണില്‍ സംസാരിച്ച വേളയിലാണ് 700 കോടി രൂപയുടെ സഹായം യുഎഇ നല്‍കും എന്ന് അറിയിച്ചത്. ഈദ് ആശംസ അറിയിക്കാന്‍ വ്യവസായിയായ എം എ യൂസുഫലി ശെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്‌യാനെ സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss