|    Oct 19 Thu, 2017 2:51 pm
FLASH NEWS

അന്താരാഷ്ട കണ്‍വന്‍ഷന്‍ സെന്റര്‍ ഏറ്റെടുത്ത 46 ഏക്കര്‍ ഭൂമി കാടുകയറി നശിക്കുന്നു

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: ആക്കുളത്ത് അന്താരാഷ്ട കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാനായി ഏറ്റെടുത്ത 46 ഏക്കര്‍ ഭൂമി കാടുകയറി നശിക്കുന്നു. 2008 ജൂണ്‍ നാലിന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്.  ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററിനാണ് രൂപരേഖ തയാറാക്കിയത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയെടുത്താണ് പദ്ധതി തയാറാക്കിയത്. തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ചുവപ്പുനാടയില്‍ കുരുങ്ങി പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2500, 1100, 500, 150 എന്നിങ്ങനെ ഇരിപ്പിടങ്ങളുള്ള ചെറുതും വലുതുമായ അഞ്ചോളം ഹാളുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. 30 ഇരിപ്പിടമുള്ള എട്ട് വിസിറ്റിങ് ഹാളുകളും, 75  ഇരിപ്പിടങ്ങളുള്ള മൂന്ന് ഹാളുകളും 50 വിഐപി. മുറികളും ഇതിന്റെ ഭാഗമായിരുന്നു. 249 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലും, നൂറ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളും, 25 ലക്ഷ്വറി കോട്ടേജുകളുമായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രത്യേകത. ജിംനേഷ്യം, പാര്‍ലര്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, കുട്ടികളുടെ പാര്‍ക്ക്, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. 26 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തവും 74 ശതമാനം സ്വകാര്യ ഹോട്ടല്‍ ശൃംഖലയുമായിരുന്നു നിക്ഷേപിക്കേണ്ടിയിരുന്നത്. ആദ്യഘട്ടത്തില്‍ 205 കോടിയും രണ്ടാം ഘട്ടത്തില്‍ 680 കോടിയും നിക്ഷേപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ പദ്ധതി മുന്നോട്ടുപോയില്ല. 2010 അവസാനത്തോടെ സെന്ററിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. 46 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിനു വേണ്ടി ഏറ്റെടുത്ത ആക്കുളം കായലിനു സമീപമുള്ള 46 ഏക്കര്‍ ഭൂമിയുടെ ചില ഭാഗം നിര്‍മാണത്തിനുപയോഗിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക