|    Oct 22 Sun, 2017 5:35 pm
FLASH NEWS

അന്താരാഷ്ട്ര പട്ടംപറത്തല്‍ മേള : ലോഗോ പ്രകാശനം ചെയ്തു

Published : 21st April 2017 | Posted By: fsq

 

കാസര്‍കോട്്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ജില്ലാ ഭരണകൂടത്തിന്റെയും ബിആര്‍ഡിസിയുടെയും സഹകരണത്തോടെ മെയ് 5 മുതല്‍ 7 വരെ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും നാല്‍പ്പത് അടി വ്യാസമുള്ള സര്‍ക്കിള്‍ കൈറ്റും ചൈനയില്‍ നടന്നു വരുന്ന ലോക പട്ടം പറത്തല്‍ മേളയിലെ മുഖ്യ ആകര്‍ഷണമായ ടൈഗര്‍ കൈറ്റ് തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലും ഉള്ള പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പറന്നുയരും. രാത്രി കാലങ്ങളില്‍ ആകാശത്ത് വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന ഇല്യൂമിനേറ്റഡ് കൈറ്റ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ മേളയ്ക്കുണ്ട്. മേളയുടെ ഭാഗമായി കുട്ടികള്‍ക്കായി പട്ടം നിര്‍മാണ ശില്‍പശാല പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ തനത് കലാ രൂപങ്ങളായ, തിരുവാതിരക്കളി, കഥകളി, ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, ദഫ്മുട്ട്, കളരി അഭ്യാസ പ്രകടനം തുടങ്ങിയവയും ഗാനമേള, മാജിക് ഷോ, ഫയര്‍ ഡാന്‍സ്, മണല്‍ ശില്‍പനിര്‍മാണ മല്‍സരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തനായ കാറോട്ട വിദഗ്ധന്‍ മൂസാ ശരീഫിന്റെ നേതൃത്വത്തില്‍ കടല്‍ തീരത്ത് കൂടിയുള്ള ജീപ്പ് റൈഡ് മേളയുടെ മുഖ്യ ആകര്‍ഷകമാണ്. മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു. ഖാലിദ് സി പാലക്കി അധ്യക്ഷത വഹിച്ചു. ടി കെ മന്‍സൂര്‍, പി എം അബ്ദുന്നാസര്‍, അഷറഫ് കൊളവയല്‍, ശുക്കൂര്‍ ബെസ്‌റ്റോ, അന്‍വര്‍ ഹസ്സന്‍, യൂറോ കുഞ്ഞബ്ദുല്ല, എം ബി ഹനീഫ്, ഹാറൂണ്‍ ചിത്താരി, അബൂബക്കര്‍ ഖാജ, മുഹമ്മദ് കുളത്തിങ്കാല്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക