|    Dec 19 Wed, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അന്താരാഷ്ട്ര നിലവാരമുള്ള പൊതുവിദ്യാലയങ്ങള്‍ നിര്‍മിക്കും

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്:അഞ്ചുവര്‍ഷത്തിനകം അന്താരാഷ്ട്ര നിലവാരമുള്ള 1,000 പൊതുവിദ്യാലയങ്ങളും രണ്ടുവര്‍ഷത്തിനകം 40,000 ഹൈടെക് ക്ലാസ് റൂമുകളും തയ്യാറാക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ച് വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ആശയരൂപീകരണ ശില്‍പശാല സമാപിച്ചു. ഈ സ്വപ്‌ന സാക്ഷാല്‍ക്കാരം പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ മാസം 10നകം തന്നെ പദ്ധതിയുടെ ആശയരേഖയുണ്ടാക്കാന്‍ അസാപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമാപനപ്രസംഗത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
ഇതിനകം തന്നെ പൊതുവിദ്യാലയങ്ങളുടെ നല്ല മാതൃകകള്‍ സൃഷ്ടിച്ച കോഴിക്കോട് നോര്‍ത്ത്, പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ നിയമസഭാമണ്ഡലങ്ങളാണ് പദ്ധതിയുടെ മൊഡ്യൂളുകളായി സ്വീകരിച്ചിട്ടുള്ളതെന്നും ഇവിടത്തെ എംഎല്‍എമാരോട് അസാപിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സപ്തംബര്‍ 10നകം ഈ മണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍, രക്ഷാകര്‍തൃസമിതികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഏകദിന ശില്‍പശാല നടത്തും. ആഗസ്ത് 31നകം തന്നെ പദ്ധതിനടത്തിപ്പിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഉണ്ടാക്കും.
നിര്‍ദിഷ്ട ഹൈടെക് ക്ലാസ്‌റൂമുകളില്‍ ലാപ്‌ടോപ്പ്, എല്‍സിഡി പ്രൊജക്റ്റര്‍, ഇന്ററാക്റ്റീവ് ടച്ച് സ്‌ക്രീന്‍, വൈഫൈ എന്നിവ ഏര്‍പ്പെടുത്തും. എംപി-എംഎല്‍എ ഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഫണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ഈ സൗകര്യങ്ങള്‍ പ്രാദേശികമായി കൂടുതല്‍ മെച്ചപ്പെടുത്താം. ക്ലാസുകളിലെ കംപ്യൂട്ടറുകളെ ബന്ധപ്പെടുത്തി ഓരോ സ്‌കൂളിലും എയര്‍കണ്ടീഷന്‍ ചെയ്ത ഒരു കംപ്യൂട്ടര്‍ ലാബുണ്ടാവും. ഒരു സ്‌കൂളില്‍ ചുരുങ്ങിയത് ഒരു മൂവികാമറയെങ്കിലും ഏര്‍പ്പെടുത്തും.
വ്യത്യസ്ത സ്‌കൂളുകളിലെ സൗകര്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാനുള്ള സാധ്യതയും ആരായുന്നുണ്ട്. ഇതുവഴി അധികസൗകര്യമുള്ള ഒരു സ്‌കൂളിലെ ലൈബ്രറി കുറഞ്ഞ സൗകര്യമുള്ള മറ്റൊരു സ്‌കൂളിന് ഉപയോഗപ്പെടുത്താനാവും.
സ്‌കൂളുകളുടെ ആധുനികവല്‍ക്കരണമെന്നത് കംപ്യൂട്ടര്‍വല്‍ക്കരണത്തില്‍ മാത്രം ഒതുങ്ങില്ലെന്നു മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന മാറ്റങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകളുണ്ടാക്കും. നടക്കാവ് സ്‌കൂള്‍ മാതൃകയില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഒരു എല്‍പി സ്‌കൂള്‍ നിര്‍മിക്കും. രണ്ട് ഹൈസ്‌കൂളുകളിലെ ലബോറട്ടറികള്‍ ആധുനികവല്‍ക്കരിക്കും.അടിസ്ഥാന സൗകര്യ വികസനത്തിനായി എല്ലാ സ്‌കൂളുകളിലും മാസ്റ്റര്‍പ്ലാനുണ്ടാക്കും. ഈ വര്‍ഷം തന്നെ എല്ലാ എല്‍പി സ്‌കൂളുകളിലും നല്ല ശൗചാലയങ്ങളുണ്ടാക്കും. കേരളത്തിലെ സര്‍വകലാശാലകളുടെ ഓരോ ദിവസത്തെയും പരീക്ഷാവിവരങ്ങളറിയാന്‍ പ്രത്യേക വെബ്‌സൈറ്റ് തുടങ്ങും.
നടക്കാവ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, ജെയിംസ് മാത്യു, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം എസ് ജയ, സിമാറ്റ് ഡയറക്ടര്‍ പി എ ഫാത്തിമ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss