|    Mar 24 Fri, 2017 1:59 am
FLASH NEWS

അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂള്‍

Published : 12th January 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: മാറുന്നകാലത്തിനനുസരിച്ച് ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമൂലമായ മാറ്റത്തിനൊരുങ്ങുന്നു. ജില്ലയില്‍ മുന്‍നിര വിദ്യാലയങ്ങളില്‍ ഒന്നായ ഈ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സാങ്കേതിക, സൗന്ദര്യ, സൗകര്യ വികസനമാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നത്. എംപി, എംഎല്‍എ ഫണ്ട്, മുന്‍സിപ്പാലിറ്റി ഫണ്ട്, മറ്റ് സര്‍ക്കാര്‍ സഹായങ്ങള്‍ എന്നിവക്ക് പുറമെ വിവിധ സംഘടനകളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ പദ്ധതിക്കാവശ്യമായ ചിലവ് കണ്ടെത്താനാണ് ശ്രമം. സ്‌പോണ്‍സര്‍ഷിപ്പില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂള്‍ കെട്ടിടവും മറ്റു പശ്ചാത്തല സൗകര്യവുമൊരുക്കും.
കോഴിക്കോട് നടക്കാവ് ഗവ. ഹൈസ്‌കൂള്‍ നിര്‍മിച്ചു നല്‍കിയ ഫൈസല്‍ ആന്റ് സബാന ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളും ലൈബ്രറികളും ഡിജിറ്റല്‍ ക്ലാസ്മുറികളും ഇന്‍ഡോര്‍ സ്റ്റേഡിയവും കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ ഡൈനിംഗ് ഹാള്‍, ശുചിത്വ മുറികള്‍, മനോഹരമായ പൂന്തോട്ടങ്ങള്‍, പഠനനിലവാരമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഘട്ടംഘട്ടമായുള്ള പരിശീലനങ്ങള്‍ എന്നിവയെല്ലാം പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം തന്നെ ചുറ്റുമുള്ള പ്രൈമറി, അപ്പര്‍പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍, ഉന്നത ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഉപയോഗപ്പെടുത്തി സ്‌കൂളിനെ നാടിന്റെ വികസന കേന്ദ്രം അഥവാ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പ്രചരണത്തിന്റെ ആദ്യപടിയായി ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് തല കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു. ഇതിന്റെ ഭാഗമായി വാര്‍ഡ്തല കമ്മിറ്റികളും രൂപീകരിച്ചു. ജനുവരി അവസാനം സംഘടിപ്പിക്കുന്ന പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന മഹാസംഗമത്തില്‍ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്ന പദ്ധതിയുടെ കരട് രൂപം എന്നിവ അവതരിപ്പിക്കും. സ്‌കൂളിന്റെ പൈതൃകത്തെ നിലനിര്‍ത്തികൊണ്ട് തന്നെ ആധുനികമായ സൗകര്യങ്ങളൊരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 11 ഏക്കറോളം വരുന്ന സ്‌കൂളിന്റെ സ്ഥലം കണ്ടെത്തുന്നതിനുള്ള സര്‍വെ നടന്നുകഴിഞ്ഞു.
പ്രകൃതിസമ്പന്നമായ സ്‌കൂളിന്റെ അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത ഒരു മാസ്റ്റര്‍ പ്ലാനായിരിക്കും പദ്ധതിക്കായി തയ്യാറാക്കുക. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി നന്ദകുമാര്‍ ജനറല്‍ കണ്‍വീനറും ചെര്‍പ്പുളശ്ശേരി നഗരസഭാ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ചെയര്‍മാനുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
എം ബി രാജേഷ് എംപി, കെ എസ് സലീഖ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയ വികസന സമിതി, വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ച് പദ്ധതി രൂപീകരണം, പ്രചാരണം, അടിസ്ഥാന സൗകര്യങ്ങളുടെ വിശകലനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ആറ് വിവിധ സബ് കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ സ്‌കൂള്‍ അധ്യാപകരും ചെയര്‍മാന്‍മാര്‍ ജനപ്രതിനിധികളുമാണ്.

(Visited 104 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക