|    Mar 22 Thu, 2018 2:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം: ഭരണകൂടത്തിനു താക്കീതായി ‘കാട് പൂക്കുന്ന നേരം’; സൂക്ഷ്മജീവിതം പകര്‍ത്തി നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍

Published : 14th December 2016 | Posted By: SMR

tvm_film_kaadu_pookkum_nera

സുദീപ്  തെക്കേപ്പാട്ട്

തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ കരിനിയമങ്ങള്‍ ചാര്‍ത്തി, തീവ്രവാദികളാക്കി തുറുങ്കിലടയ്ക്കുന്ന ഭരണകൂടം. നിലയ്ക്കാത്ത വ്യാജ ഏറ്റുമുട്ടലുകള്‍. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ അഞ്ചാംദിനമായ ഇന്നലെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ‘കാട് പൂക്കുന്ന നേരം’ ഉള്‍ക്കരുത്തുകൊണ്ട് മറ്റു സിനിമകളെ നിഷ്പ്രഭമാക്കി.
ആദിവാസി ഗ്രാമത്തിനടുത്തുള്ള വനത്തില്‍ മാവോവാദിബന്ധം സംശയിച്ച് പോലിസുകാരന്‍ ഒരു ‘പോരാളിപ്പെണ്ണിനെ’ പിടികൂടുന്നു. കൊടുങ്കാടിനുള്ളില്‍പ്പെട്ട പോലിസുകാരന് രക്ഷപ്പെടാന്‍ വഴിയറിയുന്ന ഈ യുവതി മനസ്സുവയ്ക്കണം. ഇവളെ മോചിതയാക്കി യാതൊന്നുമറിയാത്ത മട്ടില്‍ കാടിനു പുറത്തെത്തുന്ന യുവാവ് താന്‍ വെടിവയ്പില്‍ മരിച്ചതായുള്ള വാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിക്കുന്നു. മാവോവാദികളായി മുദ്രകുത്തപ്പെട്ട ആറോളം ആദിവാസികള്‍ കൊലക്കുറ്റം ഏറ്റുപറഞ്ഞിരിക്കുന്നു. കരിനിയമം ചാര്‍ത്തി അവര്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. അധികാരികള്‍ക്കും ഭരണകൂടത്തിനും മുഖം രക്ഷിക്കണമെങ്കില്‍ ‘മരിച്ചുപോയ’ താന്‍ ഒളിവില്‍പോവേണ്ടി വരുമെന്ന് മേലുദ്യോഗസ്ഥന്‍. ‘കാട് പൂക്കുന്ന നേര’ത്തിന്റെ സംവിധായകന്‍ ഡോ. ബിജുവാണ്. നേപ്പാളിലെ ന്യൂനപക്ഷമായ ഇസ്‌ലാം ജനതയുടെ സൂക്ഷ്മജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മല്‍സര ചൈനീസ് ചിത്രം ‘നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍’ പരോക്ഷമായി സംവദിച്ചത് മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ തീവ്രഭാവത്തെക്കുറിച്ചായിരുന്നു. ചൈനയിലെ നിങ്‌സിയ പ്രവിശ്യക്കാരനായ മാ സിഷാന് ഭാര്യയുടെ മരണാനന്തരകര്‍മമായ നാല്‍പതിന് മൃഗബലി നടത്തണം. തന്നോളം പ്രായം ചെന്ന വളര്‍ത്തുകാളയെ ബലികൊടുക്കാന്‍ അയാളുടെ മനസ്സ് അനുവദിക്കുന്നില്ല. വാങ് ക്വിബുവാണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മല്‍സര വിഭാഗത്തിലായി ക്ലയര്‍ ഒബ്‌സ്‌ക്യോര്‍, ദ കഴ്‌സ്ഡ് വണ്‍സ്, മാജ് രാതി കേതകി,  സോള്‍ ഓണ്‍ എ സ്ട്രിങ് തുടങ്ങി എട്ടു ചിത്രങ്ങളും കസാക്കിസ്താനി ചിത്രങ്ങളായ എര്‍മെക് തുര്‍സുനോവിന്റെ ദ ഓള്‍ഡ് മാന്‍, അന്‍ഷി ബാലയുടെ ഖസാഖ് എലി എന്നിവയും പ്രദര്‍ശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss