|    Jan 23 Mon, 2017 6:13 pm
FLASH NEWS

അന്താരാഷ്ട്ര കയാക്കിങ് മല്‍സരം തുടങ്ങി

Published : 30th July 2016 | Posted By: SMR

മുക്കം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മല്‍സരത്തിന് കോടഞ്ചേരി പുലിക്കയത്ത് തുടക്കമായി.
ആദ്യ ദിവസത്തെ മല്‍സരങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലയോര മേഖലയെ തഴുകി ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയില്‍ നടക്കുന്ന കയാക്കിങ് മല്‍സരത്തെ അക്ഷരാര്‍ഥത്തില്‍ മലയോര മേഖല  ഒന്നടങ്കം നെഞ്ചേറ്റുകയായിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മല്‍സരം നടന്നതെങ്കിലും അതൊന്നും കാണികളുടെ ആവേശം കുറച്ചില്ല. മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും മല്‍സരം നാടിന്റെ ഉല്‍സവമായി. രാവിലെ പത്തു മണിയോടെ വിശിഷ്ടാഥിതികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ എം എല്‍ എ ജോര്‍ജ് എം തോമസ് ഭദ്രദീപം കൊളുത്തി  മല്‍സരം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, വി ഡി ജോസഫ്, ആഗസ്തി പുല്ലാട്ട്, പുഷ്പ സുരേന്ദ്രന്‍, ജോര്‍ജ്കുട്ടി, ടി വിശ്വനാഥന്‍, സണ്ണി കാപ്പാട്ടുമല, ഇബ്രാഹീം തട്ടൂര്‍, പി വി ഉണ്ണി, സി ജെ ടെന്നീസണ്‍, എ കെ ഷൈജു, പി പി ജോയി, ബെന്നി മടകാളില്‍, ടി ടി കുര്യന്‍, അജു എമ്മാനുവല്‍, കെ പി ചാക്കോച്ചന്‍, ബെനീറ്റോ ചാക്കോ, റോയി
ഓണാട്ട്, പോള്‍സണ്‍ സംസാരിച്ചു.ഇന്ത്യക്കു പുറമെ യുഎസ്എ, ഇറ്റലി, സ്‌കോട്‌ലാന്റ്, യുകെ, വെയില്‍സ്, ഗ്വാട്ടിമാല, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 27  താരങ്ങളാണ് മല്‍സരത്തിന്റെ പ്രധാന ആകര്‍ഷണം. 10വനിതകളും മല്‍സരത്തിലുണ്ട്. ഇറ്റലിക്കാരനായ ജേക്കപ്പോനെരോദ്ര യാണ് മല്‍സരത്തിന് നേതൃത്വം നല്‍കുന്നത്. വിജയികള്‍ക്ക് റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടങ്ങള്‍ നല്‍കും.
പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി, സംസ്ഥാന ടൂറിസം വകുപ്പ് , സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, ഡിടിപിസി എന്നിവര്‍ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
സ്ലാലോം,ബോട്ടര്‍ ക്രോസ്, ഇന്റര്‍മീഡിയറ്റര്‍ മല്‍സരങ്ങളാണ് ആദ്യ ദിവസം നടന്നത്. ഇന്നു നടക്കുന്ന മുഴുവന്‍ മത്സരങ്ങളും പുല്ലൂരാംപാറയില്‍ വച്ചാണ്.
അനിശ്ചിതത്വങ്ങളെ വകഞ്ഞുമാറ്റി കയാക്കിങ് മല്‍സരത്തെ നാട് ഏറ്റുവാങ്ങി
മുക്കം: വ്യാഴാഴ്ച രാത്രി 8 മണി വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ്  ഇന്നലെ അന്താരാഷ്ട്ര കയാക്കിങ് മല്‍സരം നടന്നത്. കഴിഞ്ഞ തവണ മല്‍സര നടത്തിപ്പിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളാണ് മല്‍സരം നടത്തിപ്പ് സംബന്ധിച്ച് ആശങ്ക സൃഷ്ടിച്ചത്. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, മുന്‍ വര്‍ഷങ്ങളില്‍ നടത്തിപ്പിന് മുന്‍പന്തിയിലുണ്ടായിരുന്ന വി ഡി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ചിലര്‍ കളിച്ച രാഷ്ട്രീയ നാടകങ്ങളാണ് മേളയുടെ നടത്തിപ്പിന് തലേദിവസം വരെ വിലങ്ങുതടിയായതെന്ന് ജോര്‍ജ് എം തോമസ് എം എല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ വിജയിക്ക് പണം നല്‍കിയില്ലെന്ന് അദ്ദേഹം ബ്രസീലിലെ റിയോയില്‍ നിന്ന് ഇമെയില്‍ വഴി പ്രമുഖ പത്രം ഓഫിസിലേക്ക് അറിയിച്ചിരുന്നതായും ഇതു പിന്‍വലിപ്പിച്ച് മല്‍സരം നടത്തുന്നതിന് വ്യാഴാഴ്ച രാത്രി താനുള്‍പ്പെടെയുളളവര്‍ ഭഗീരഥ പ്രയത്‌നമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തപ്പെടണമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മല്‍സരം നടത്തിയതില്‍ അപാകതയുണ്ടങ്കില്‍ അതിന് ഉത്തരവാദി ജില്ലാ കലക്ടര്‍ ആണെന്നും അദ്ദേഹത്തിന്റെ പിന്‍മാറ്റം നാണക്കേടാണെന്നും മുന്‍ വര്‍ഷങ്ങളില്‍ നടത്തിപ്പിന് ചുക്കാന്‍ പിടിച്ച ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക