|    Oct 15 Mon, 2018 6:35 pm
FLASH NEWS
Home   >  Kerala   >  

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിര്‍ത്തില്ല

Published : 4th September 2017 | Posted By: G.A.G

എച്ച് സുധീര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കോര്‍പറേഷന്‍. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും നിര്‍ത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച എംഡിയുടെ കര്‍ശന നിര്‍ദേശം എല്ലാ യൂനിറ്റ്, മേഖലാ അധികാരികള്‍ക്കും സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നല്‍കി.
കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ജനവാസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിര്‍ത്തുന്നതു കാരണം യാത്രക്കാര്‍ക്ക് സാമൂഹികവിരുദ്ധരുടെ ശല്യം നേരിടേണ്ടിവരുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു. യാത്രയ്ക്കിടെ വളരെ അത്യാവശ്യഘട്ടങ്ങളില്‍ ബസ് നിര്‍ത്തേണ്ട സാഹചര്യം വരുകയാണെങ്കില്‍ അടുത്തുള്ള ബസ് സ്റ്റേഷന്‍, പ്രവര്‍ത്തിച്ചുവരുന്ന പെട്രോള്‍ പമ്പുകള്‍, റോഡിനോടു ചേര്‍ന്നുള്ള ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ മാത്രമേ പാടുള്ളൂ. ഇക്കാര്യം ഡ്രൈവറും കണ്ടക്ടറും ഉറപ്പുവരുത്തണം. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ യൂനിറ്റ് അധികാരികള്‍ ജീവനക്കാര്‍ക്കു നല്‍കണമെന്ന് ചീഫ് ട്രാഫിക് മാനേജര്‍ അറിയിച്ചു.
കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കു പോയ കെഎസ്ആര്‍ടി ബസ്സില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി നടന്ന കൊള്ള യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിനുപുറമെ, സാമൂഹികവിരുദ്ധരുടെ നിരവധി ആക്രമണങ്ങളും പലപ്പോഴായി റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മൈസൂരിനടുത്തുള്ള ഛന്നപട്ടണത്തില്‍ വച്ച് മാരകായുധങ്ങളുമായി ബസ്സില്‍ അതിക്രമിച്ചുകടന്ന നാലംഗസംഘം യാത്രക്കാരുടെ കഴുത്തില്‍ കത്തിവച്ചാണ് സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ അപഹരിച്ചത്.
ഒഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം. 45 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. ബൈക്കിലെത്തിയ സംഘം കത്തിവച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. ബഹളംകേട്ട് ഡ്രൈവര്‍ വേഗമെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി. തുടര്‍ന്ന് ഡ്രൈവര്‍ ബസ് ഛന്നപട്ടണ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. യാത്രക്കാരെ മറ്റു ബസ്സുകളിലാണ് ബംഗളൂരുവില്‍ എത്തിച്ചത്.
അതേസമയം, യാത്രക്കാരെ കൊള്ളയടിച്ച സംഘത്തിലെ മൂന്നുപേര്‍കൂടി പോലിസ് കസ്റ്റഡിയിലായിട്ടുണ്ട്. ബസ്സിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. മുഖ്യ പ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുല്ല സംഭവ ദിവസംതന്നെ പിടിയിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss