|    Apr 27 Fri, 2018 1:01 am
FLASH NEWS

അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയില്‍

Published : 28th October 2015 | Posted By: SMR

പെരിന്തല്‍മണ്ണ: ആശുപത്രികളിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കവര്‍ച്ച നടത്തി അന്യസംസ്ഥാനങ്ങളില്‍ വില്‍ക്കുന്ന രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഇവരില്‍നിന്ന് അഞ്ചു വാഹനങ്ങള്‍ കണ്ടെടുത്തു. ഇരുപത്തഞ്ചോളം വാഹനമോഷണങ്ങള്‍ക്ക് ഇതോടെ തുമ്പായി. വാഹന മോഷണത്തിനിടെ ഉടമകളുടെ നഷ്ടപ്പെട്ട രണ്ടരക്കിലോ വെള്ളി ആഭരണങ്ങളും മൂന്നു പവന്‍ സ്വര്‍ണാഭരണവും പോലിസ് കണ്ടെടുത്തു.
തമിഴ്‌നാട് ഗൂഡല്ലൂര്‍ എല്ലമല സ്വദേശികളായ ചെറുപ്പള്ളിക്കല്‍ വീട്ടില്‍ നജീബ് എന്ന ഫിറോസ്(31), ക്രക്കാടന്‍ വീട്ടില്‍ നാസര്‍ (35) എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാനത്തുമംഗലത്തുവച്ച് മാരുതികാര്‍ സഹിതം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നടത്തിയ ഇരുപത്തഞ്ചോളം വാഹന മോഷണങ്ങള്‍ക്കു തുമ്പുലഭിച്ചതായി പോലിസ് പറഞ്ഞു. കോഴിക്കോട് മിംസ്, മെഡിക്കല്‍ കോളജ്, മാലാപറമ്പ് ഇഖ്‌റഅ്, ബേബി മെമ്മോറിയല്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്, മൗലാന, കിംസ് അല്‍ശിഫ, ചുങ്കത്തറ, എടക്കര, ഗൂഡല്ലൂര്‍, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇരുപതോളം കാറുകളും ബൈക്കുകളും സംഘം മോഷ്ടിച്ചിട്ടുണ്ട്. ഇവ കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഊട്ടി, തൂറപ്പള്ളി മൈസൂര്‍ എന്നിവിടങ്ങളിലെത്തിച്ച് വില്‍പ്പന നടത്തു—കയാണ് പതിവെന്ന് പോലിസ് പറഞ്ഞു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പ്രമുഖ ആശുപത്രി കാര്‍പാര്‍ക്കിങില്‍ നിന്നും വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവായതോടെ ജില്ലാ പോലിസ് സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
പിന്നീട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ് ാേഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയും ഷാഡോ പോലിസും രഹസ്യമായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്തിയ അന്വേഷണമാണ് കവര്‍ച്ചാ സംഘത്തെ വലയിലാക്കിയത്.
ആശുപത്രികളില്‍ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ പകല്‍ സമയം നോക്കിവയ്ക്കുകയും രാത്രിയില്‍ വ്യാജ ചാവി ഉപയോഗിച്ച് കടത്തിക്കൊണ്ടുപോവുകയുമാണ് ഇവരുടെ രീതി. മോഷ്ടിക്കുന്ന വാഹനങ്ങള്‍ അന്നേ ദിവസം തന്നെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേയ്ക്ക് വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച് കൊണ്ടുപോവുകയും ചെയ്യും.
പിന്നീട് അവ വ്യാജ നമ്പറില്‍ രജിസ്‌ട്രേഷന്‍ നടത്തി വില്‍പന നടത്തുകയാണ് ഇവരുടെ രീതി. കവര്‍ച്ചാ സംഘം നല്‍കിയ വിവരത്തില്‍ അഞ്ച് വാഹനങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോടുനിന്നും മോഷ്ടിച്ച കാറിലുണ്ടായിരുന്ന രണ്ടരക്കിലോ വെള്ളി ആഭരണങ്ങളും മൂന്നു പവന്റെ സ്വര്‍ണാഭരണങ്ങളും സംഘം വില്‍പന നടത്തിയ കോട്ടക്കലില്‍നിന്ന് പോലിസ് കണ്ടെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ഇരുവരേയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിഐ കെ എം ബിജു, എസ്‌ഐ സി കെ നാസര്‍ ഉദ്യോഗസ്ഥരായ മോഹന്‍ദാസ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, മാങ്കാവില്‍ ശശികുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, അഷ്‌റഫ് കൂട്ടില്‍, അഭിലാഷ് കൈപ്പിനി, കെ സന്ദീപ്, ടി ബിനോവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss