|    Apr 26 Thu, 2018 5:23 pm
FLASH NEWS

അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

Published : 13th October 2016 | Posted By: Abbasali tf

പാറശാല: വാനില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കാട്ടാക്കട പൂവച്ചല്‍ കാണി കടുക്കോട് മേക്കുംകര വീട്ടില്‍ ആല്‍ബര്‍ട്ട് രാജ് (32) ആണ് പിടിയിലായത്. വാനില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി കറങ്ങി മോഷണം നടത്തി വന്ന ഇയാള്‍ കഴിഞ്ഞ ഓണത്തിന് മുമ്പ് പെരുങ്കടവിള ആക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സിസിടിവി കാമറകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ മോഷ്ടിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂം തകര്‍ത്ത് പണവും സ്വര്‍ണവും കവരുവാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലിസ് ആഴ്ചകളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ മോഷണ കേസില്‍ പിടിയിലായ ആല്‍ബര്‍ട്ട് രാജ് കഴിഞ്ഞ നവംബറില്‍ പാളയംകോട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം വ്യാപകമാക്കുകയായിരുന്നു. നെയ്യാറ്റിന്‍കര, പാറശാല, വിളപ്പില്‍ശാല, കാട്ടാക്കട, മാറനല്ലൂര്‍, മലയിന്‍കീഴ്, മാരായമുട്ടം എന്നീ സ്റ്റേഷനുകളിലായി 22 മോഷണ കേസുകള്‍ക്ക് പ്രതിയാണ്. അടഞ്ഞുകിടക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും കതകുകളും ഷട്ടറുകളും തകര്‍ത്ത് അകത്ത് കടക്കുന്ന ഇയാള്‍ തുണികള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സ്വര്‍ണം, പണം തുടങ്ങിയ കവര്‍ച്ച ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി വിറ്റഴിച്ചുവരികയായിരുന്നു. ഈ പണമുപയോഗിച്ച് ഭാര്യയായ രാജ സുന്ദരശോഭയുടെ പേരില്‍ കോയമ്പത്തൂരില്‍ തുണിക്കടയും ആരംഭിച്ചിരുന്നു. 2013ല്‍ വിളപ്പില്‍ശാല പോലിസ് ആല്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഭാര്യയെയും അന്നു പിടികൂടിയിരുന്നു. അതിനു ശേഷമാണ്  കച്ചവടവുമായി ബന്ധപ്പെട്ട് അവര്‍ കോയമ്പത്തൂരില്‍ കേന്ദ്രീകരിച്ചത്.  ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യയ്ക്കായി  തിരച്ചില്‍ തുടങ്ങിയതായി പോലിസ് പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ നിന്ന് മാരുതി ഒാമ്‌നി വാന്‍, കാട്ടാക്കടയില്‍ നിന്നും ഒരു ബൈക്ക്, സമീപത്തെ വര്‍ക്ക്‌ഷോപ്പി ല്‍ നിന്ന് രണ്ട് സിലിണ്ടറുകള്‍, ഉദിയന്‍കുളങ്ങരയിലെ മിടുക്കി ടെക്‌സില്‍ നിന്ന് കടയുടെ ഷട്ടര്‍ തകര്‍ത്ത് തുണികള്‍ എന്നിവ കവര്‍ച്ച ചെയ്തത് ഇയാളാണെന്ന് പോലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. തൊണ്ടി മുതലുകള്‍ വിറ്റഴിച്ച പണം കോയമ്പൂരില്‍ ബിസിനസിനും ആര്‍ഭാട ജീവിതത്തിനുമാണ് ആല്‍ബര്‍ട്ട് ഉപയോഗിച്ചിരുന്നത്. റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി സുല്‍ഫിക്കര്‍, സിഐ സന്തോഷ്‌കുമാര്‍, എസ്‌ഐമാരായ അനില്‍കുമാര്‍, പ്രവീണ്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss