|    Jan 17 Tue, 2017 10:29 am
FLASH NEWS

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

Published : 13th January 2016 | Posted By: SMR

കരുനാഗപ്പള്ളി: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കവര്‍ച്ചാ കേസുകളിലും നിരവധി ബലാല്‍സംഗ കേസുകളിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായി.
കിളികൊല്ലൂര്‍ മങ്ങാട് തൊടിയില്‍വീട്ടില്‍ സുധിയെന്ന് വിളിക്കുന്ന സുരേഷി(47)നെയാണ് 15 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കവര്‍ച്ച ചെയ്‌തെടുത്ത കേസില്‍ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ചുങ്കശ്ശേരിയില്‍ സ്‌റ്റോഴ്‌സ് എന്ന വ്യാപാരസ്ഥാപനത്തില്‍ 2015 നവംബര്‍ ഏഴിന് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ചുങ്കാശ്ശേരിയെന്ന ഹാര്‍ഡ്‌വെയര്‍ സ്റ്റോറിലെ ജനല്‍ കമ്പി മുറിച്ച് അകത്തു കടന്ന പ്രതി സേഫ്‌ലോക്കറിലിരുന്ന അഞ്ചുലക്ഷം രൂപയും 15പവന്‍ സ്വര്‍ണാഭരണവും കവര്‍ച്ച നടത്തി. തുടര്‍ന്ന് കേസിന്റെ അന്വേഷണം നടത്തുവാനായി കൊല്ലം സിറ്റിപോലിസ് കമ്മീഷണര്‍ പി പ്രകാശ്, കരുനാഗപ്പള്ളി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശിവസുതന്‍പിള്ളയുടെ നേതൃത്വത്തില്‍ ചവറ സിഐ ബിനുശ്രീധര്‍, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ എസ്‌ഐമാരായ മുഹമ്മദ്ഷാഫി, ജി ഗോപകുമാര്‍, കൊല്ലം സിറ്റിപോലിസിലെ മോഷണവിരുദ്ധ സ്‌ക്വാഡിലെ സീനിയര്‍ ഓഫിസര്‍മാരായ പ്രസന്നകുമാര്‍, ജോസ്പ്രകാശ്, വേണുഗോപാല്‍, നന്ദകുമാര്‍, ഹരിലാല്‍, രാജേഷ്, സൈബര്‍സെല്‍ സിപിഒ പ്രമോദ് എന്നിവരടങ്ങിയ സംഘത്തെ നിയോഗിക്കുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം ഗുജറാത്തിലേക്ക് കടന്ന പ്രതിയെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷം എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി സുധി 1993-94 കാലയളവില്‍ വണ്ടി പ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കേസില്‍ 2007 മുതല്‍ 2014വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് കൂടാതെ 1998മുതല്‍ 2004വരെയുള്ള കാലയളവില്‍ കൊല്ലം ഈസ്റ്റ്, കൊട്ടാരക്കര, കിളികൊല്ലൂര്‍, കുണ്ടറ, തമിഴ്‌നാട്ടിലെ തേനി, കമ്പം, നാഗര്‍കോവില്‍ തുടങ്ങിയ വിവിധയിടങ്ങളിലെ പോലിസ്‌സ്‌റ്റേഷനുകളില്‍ 25ഓളം കവര്‍ച്ചാകേസുകളില്‍ 20വര്‍ഷത്തോളം ശിക്ഷയ്ക്ക് വിധിയ്ക്കുകയും ആയതിന്റെ ശിക്ഷ 2004മുതലുള്ള കാലയളവില്‍ ഒരുമിച്ചനുഭവിച്ച് തീര്‍ക്കുകയായിരുന്നു. 2014 ഫെബ്രുവരിയില്‍ ജയില്‍ മോചിതനായ പ്രതി കടപ്പാക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന ധന്യാ സൂപ്പര്‍മാര്‍ക്കറ്റ്, കടപ്പാക്കടയിലെ ഒരു ഗ്യാസ് ഏജന്‍സി എന്നിവ കവര്‍ച്ച നടത്തി ലക്ഷക്കണക്കിന് രൂപ വര്‍ന്നതായും സമ്മതിച്ചിട്ടുണ്ട്. 2014ന് ശേഷം ആദ്യമായി പോലിസ് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന ഏകദേശം എട്ടോളം കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പ് ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക