|    Aug 20 Mon, 2018 9:44 pm
FLASH NEWS

അന്തര്‍ സംസ്ഥാന മാല മോഷ്ടാവ് പിടിയില്‍

Published : 3rd August 2018 | Posted By: kasim kzm

കുന്ദമംഗലം: അന്തര്‍ സംസ്ഥാന മാല മോഷ്ടാവ് കുന്ദമംഗലം പോലിസിന്റെ പിടിയില്‍. തമിഴ്‌നാട് സേലം കരൂര്‍ റയില്‍വേ സ്റ്റേഷന് സമീപം പുറംപോക്കില്‍ താമസിക്കുന്ന മുത്തുമാരി (29) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതരയോടെ ബസ്സില്‍ വച്ച് മോഷണ ശ്രമിത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. കൊടുവള്ളി -കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വച്ച് ആയിഷ എന്ന സ്ത്രീയുടെ മൂന്നര പവന്‍ മാല ഇവര്‍ പൊട്ടിച്ചെങ്കിലും ആയിഷ മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഒച്ച വച്ചപ്പോള്‍ പ്രതി മാല ബസ്സില്‍ തന്നെ വലിച്ചെറിയുകയായിരുന്നു.
ഇതേതുടര്‍ന്ന് ബസ്സ് ജീവനക്കാര്‍ പ്രതിയെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി വേറേയും കേസുള്ളതായി പോലിസ് പറഞ്ഞു. ഇത്തരം കേസുകളില്‍ പിടിയിലാവുന്ന ഇവര്‍ ഇരകളുമായി ഒത്തുതീര്‍പ്പിലെത്തി പുറത്തിറങ്ങുകയാണ് പതിവ്. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ആഡംബര കാര്‍ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണ് പ്രതിയുടെ രീതി. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് വേണ്ടി ജാമ്യമെടുക്കാന്‍ നിമിഷ നേരം കൊണ്ടാണ് വക്കീല്‍ വന്നത്. ഇതോടെ ഇവര്‍ക്ക് പിന്നില്‍ വന്‍ കണ്ണി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലിസിന്റെ നിഗമനം.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ കുന്ദമംഗലം പോലിസ് പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ കുറച്ചു ദിവസമായി അന്യ സംസ്ഥാനക്കാരായ സ്ത്രീകള്‍ കുന്ദമംഗലത്ത് തമ്പടിച്ചിട്ടുണ്ട്. ഇവരെ പോലിസ് നിരീക്ഷിച്ച് വരികയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss