തിരുവനന്തപുരം: നാഗര്‍കോവില്‍, കന്യാകുമാരി അന്തര്‍ സംസ്ഥാന ബസ് സര്‍വീസില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോ ര്‍പറേഷന്റെ ബസ്സുകള്‍ നേട്ടം കൊയ്യുന്നു. കരാര്‍ പ്രകാരമുള്ള സര്‍വീസ് പോലും നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ആവുന്നില്ല. ഈ റൂട്ടില്‍ മതിയായ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസ് ഇല്ലാത്തതു കാരണം വരുമാന നഷ്ടവും കൂടുകയാണ്.
തമിഴ്നാടും കേരളവും തമ്മിലുള്ള കരാര്‍ പ്രകാരം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ഇരുസംസ്ഥാനങ്ങളിലെയും 77 ബസ്സുകള്‍ വീതം സര്‍വീസ് നടത്തണമെന്നാണ്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് 77 സര്‍വീസുകള്‍ നടത്തേണ്ട സ്ഥാനത്ത് 80ലേറെ സര്‍വീസുകള്‍ നടത്തുമ്പോള്‍ കെഎസ്ആര്ടിസിയാവട്ടെ 43 സര്‍വീസുകള്‍ മാത്രമാണു നടത്തുന്നത്.
കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്നുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. തേങ്ങാപ്പട്ടണം, തൃപ്പരപ്പ്, കുളച്ചല്‍, പേച്ചിപ്പാറ തുടങ്ങിയ സര്‍വീസുകള്‍ മുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഈ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി പിന്നീടു നടപടിയെടുക്കുന്നില്ല. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, വിഴിഞ്ഞം ഡിപ്പോകളില്‍ നിന്നാണു പ്രധാനമായും അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നത്. നെയ്യാറ്റിന്‍കര, പാറശ്ശാല, വിഴിഞ്ഞം ഡിപ്പോകളില്‍ നിന്നു മൂന്നു ബസ്സുകള്‍ വീതമാണ് സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ളവ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാണു സര്‍വീസ് നടത്തുന്നത്. ആകെയുള്ള 47 അന്തര്‍ സംസ്ഥാന സ ര്‍വീസുകളില്‍ ഭൂരിഭാഗവും തിരുവനന്തപുരം ഡിപ്പോയില്‍ നിന്നാണ്.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നു മൂന്ന് സര്‍വീസ് മാത്രമെ നാഗര്‍കോവിലിലേക്ക് ഉള്ളൂ. നേരത്തെ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തിയ കുളച്ചല്‍, തേങ്ങാപ്പട്ടണം, തൃപ്പരപ്പ്, അരുമന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടു വര്‍ഷങ്ങളായി. തമിഴ്നാട് കരാര്‍ പ്രകാരത്തിലും കൂടുതല്‍ സര്‍വീസ് നടത്തി കൂടുതല്‍ ലാഭം നേടുമ്പോള്‍ കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ നിന്നു പിന്മാറുന്നതായാണു കാണാനാവുന്നത്. കെഎസ്ആര്‍ടിസി ഇപ്പോള്‍ നാഗര്‍കോവില്‍, കന്യാകുമാരി സര്‍വീസുകള്‍ മാത്രമെ നടത്തുന്നുള്ളൂ. മലയാളികള്‍ ഏറെ പേരും താമസിക്കുന്ന മേഖലയാണ് അരുമന, പേച്ചിപ്പാറ, കുളച്ചല്‍, തൃപ്പരപ്പ് എന്നിവിടങ്ങള്‍. എന്നാല്‍ ഈ റൂട്ടുകളില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. മലയാളികള്‍ കൂടുതലായി ഉള്ളതിനാല്‍ ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് ലാഭം നേടാമായിരുന്നു.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നുമാത്രം തൃപ്പരപ്പ്, തേങ്ങാപ്പട്ടണം, അരുമന, പേച്ചിപ്പാറ, കുളച്ചല്‍ റൂട്ടുകളില്‍ ഓരോ സര്‍വീസുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ കളിയിക്കാവിള വരെയുള്ള എല്ലാ ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റോപ്പിലും തമിഴ്നാട് ബസ് നിര്‍ത്താറില്ല. അതുെകാണ്ടു കെഎസ്ആര്‍ടിസി ബസ്സിനെയാണ് കൂടുതല്‍ യാത്രക്കാരും ആശ്രയിക്കാറ്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ യാത്രക്കാ ര്‍ക്ക് തമിഴ്നാട് ബസ്സിനെ ആശ്രയിക്കേണ്ടിവരുന്നു. കഠിനംകുളത്തിന്റെ മണ്ണില്‍ ബസ്മതി വിളയിച്ച് ദമ്പതികള്‍
കഴക്കൂട്ടം: പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയില്‍ പൊന്നുവിളയിച്ചു ഒരു പ്രദേശത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയാണു ദമ്പതികള്‍. ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡില്‍ കാവോട്ടു മുക്കിലെ റുഫൈതാ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫും ഭാര്യ സാഹിറാ ബീവിയുമാണു നെല്‍കൃഷിയും ജൈവ പച്ചക്കറിയും വിളയിച്ചു കൃഷിയില്‍ പുതിയൊരധ്യായം തുറന്നത്. കടലും കായലും നീര്‍ച്ചാലുകളും സംഗമിക്കുന്ന കഠിനംകുളത്തിന്റെ ഹൃദയത്തിലാണു ദമ്പതികളുടെ കൃഷിഭൂമി.
കാടും പടര്‍പ്പും പടര്‍ന്നുകിടന്ന് ഇഴജന്തുക്കളുടെ താവളമായിരുന്ന സ്ഥലമാണ് ഇവര്‍ ഏറെ കഷ്ടപ്പെട്ടു വൃത്തിയാക്കി പൊന്നുവിളയുന്ന ഭൂമിയാക്കി മാറ്റിയത്. എല്ലാ ദിവസവും വെളുപ്പിന് ഇരുവരും കൃഷിത്തോട്ടത്തിലെത്തും. കളകളും കീടങ്ങളുമെല്ലാം മാറ്റുന്നതാണ് ആദ്യ ജോലി. ഒരേക്കറോളം വരുന്ന പാടത്തു 130 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ബസ്മതി ഇനത്തില്‍പെട്ട നെല്ലിനമാണ് കൃഷി. എന്നാല്‍ ഇതിനു മുമ്പ് ഉമയെന്ന നെല്ലിനം പാകിയപ്പോള്‍ പെട്ടെന്നു കീടങ്ങള്‍ ബാധിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പാടത്തിനു സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി വിത്ത് എത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ പാടത്തു മാത്രമല്ല, മറ്റ് വയലുകളിലും വളര്ന്നുവിരിയാന് നില്‍ക്കുന്നത് വസ്മതിയാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കൃഷിയില്‍ ഏറെ തല്പരനായിരുന്നു അബ്ദുല്‍ ലത്തീഫ്.
20 വര്‍ഷത്തെ വിദേശവാസത്തിനു ശേഷമാണ് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ദുല്‍ ലത്തീഫ് നാട്ടിലെത്തിയത്. തുടര്‍ന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായി കൃഷിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരേക്കറോളം വരുന്ന ഭൂമിയില്‍ വഴുതന, തക്കാളി, ചീര, മഞ്ഞള്‍, വെണ്ടക്കാ, പടവലം, കത്തിരിക്ക, മരച്ചീനി തുടങ്ങിയ ഇനങ്ങളിലായി ജൈവ പച്ചക്കറികള്‍ തഴച്ചുവളരുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാന്‍ മക്കളായ മുംതാസ് റുഫൈതാ, ഖാലിദ് എന്നിവരും കൃഷിയിടങ്ങളില്‍ എത്താറുണ്ട്. ചാണകവും കോഴിക്കാഷ്ഠവും ഉപയോഗിച്ചുള്ള ജൈവവളമാണ് ഉപയോഗിക്കുന്നത്. വിളയിക്കുന്ന പച്ചക്കറിയും നെല്ലരിയും വാങ്ങാനായി ദിവസവും നിരവധി പേരാണു കൃഷിയിടത്തില്‍ എത്തുന്നത്. പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്കു വില്ക്കുന്നതു കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി വില്‍ക്കേണ്ട അവസ്ഥയും ഇവര്‍ക്കില്ല. പ്രദേശത്തെ കൃഷിയിറക്കുന്ന കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്ത്രീസംഘങ്ങള്‍ എന്നിവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും അബ്ദുല്‍ ലത്തീഫാണ്.