|    Jan 21 Sat, 2017 7:43 am
FLASH NEWS

അന്തര്‍സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍

Published : 11th July 2016 | Posted By: SMR

തൊടുപുഴ: അന്തര്‍സംസ്ഥാന മോഷണസംഘം പിടിയില്‍. തൊടുപുഴ ഷാഡോ പോലിസിന്റെയും കാളിയാര്‍ സിഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് കോട്ടപ്പാറ പൂവത്താനിയില്‍ സണ്ണി(44), പത്തനംതിട്ട കോഴഞ്ചേരി ഇടശേരിയത്ത് വീട്ടില്‍ ബിന്‍ജു(35)എന്നിവരാണ് പിടിയിലായത്.
കാളിയാര്‍, വാഴക്കുളം, കരിങ്കുന്നം സ്റ്റേഷന്‍ പരിധികളില്‍ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്ന് പിക്ക് അപ്പ് ലോറികള്‍ മോഷണം പോയിരുന്നു.ഇതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പഴയ വാഹനമോഷ്ടക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ച് പോലിസിനു സൂചന ലഭിച്ചത്. ജില്ലാ സൈബര്‍സെല്‍ ഇതിനായി 1500 പേരുടെ കോള്‍ ലിസ്റ്റുകളാണ് പരിശോധിച്ചത്.ഒന്നാം പ്രതി സണ്ണി തൊടുപുഴ ഉണ്ടപ്ലാവില്‍ താമസിച്ചു വരികയായിരുന്നു. ഇന്നലെ തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി ഓടി രക്ഷപെടാന്‍ ശ്രമം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലിസ് പിടികൂടിയത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാംപ്രതി ബിന്‍ജുവിനെക്കുറിച്ച് പോലിസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി മുവാറ്റുപുഴയില്‍ നിന്നും പ്രതിയെ പിടികൂടുകായായിരുന്നു. പിടിയിലായ സണ്ണിയുടെ പേരില്‍ പാലക്കാട്, പെരിന്തല്‍മണ്ണ, തൃശൂര്‍, പീരുമേട്, ഇരിങ്ങാലക്കുട, മണ്ണാര്‍ക്കാട് എന്നീ സ്റ്റേഷനുകളിലായി 16 കേസുകള്‍ നിലവിലുണ്ട്. തൊടുപുഴ മേഖലയില്‍ സണ്ണിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കറങ്ങി നടന്ന് പിക്ക് അപ്പ് വാഹനങ്ങള്‍ കവര്‍ന്ന് തമിഴ്‌നാട് കോയമ്പത്തൂരിലെത്തിച്ച് വില്‍പന നടത്തുകയാണ് ഇവരുടെ രീതി. രണ്ടാം പ്രതി ബിന്‍ജുവിന്റെ പേരില്‍ നെടുങ്കണ്ടത്തും തമിഴ്‌നാട്ടിലും പണാപഹരണകേസുകള്‍ നിലവിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഈ സംഘത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ പിടിയിലാകും. സമീപകാലത്ത് ഉണ്ടപ്ലാവില്‍ 36 ലക്ഷം രൂപയുടെ വീടും സ്ഥലവുമാണ് സണ്ണി വാങ്ങിയത്. ഇതിനുപയോഗിച്ച പണത്തെക്കുറിച്ചും പോലിസ് അന്വേഷണം വ്യാപകമാക്കി. കോയമ്പത്തൂര്‍ മേഖലയില്‍ വിലക്കൂടുതലുള്ള പിക്ക് അപ്പ് വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. സണ്ണി പിടയിയിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസെത്തി കരിങ്കുന്നം സ്‌റ്റേഷനില്‍ വച്ച് പ്രതികളെ ചോദ്യം ചെയ്തു.
ഡിസയര്‍ കാറിന്റെ യാഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് മാറ്റി വച്ചതിനുശേഷം തമിഴ്‌നാട് രജിസ്‌ട്രേനിലുള്ള നമ്പര്‍ പ്ലേറ്റാണ് സണ്ണി സ്വന്തം വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. കാളിയാര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ വാഹനം പോലിസ് കണ്ടെത്തി.അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തില്‍ ഷാഡോ പോലിസുകാരായ എസ്‌ഐ ടി ആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍, ദീപു ബാലന്‍ തൊടുപുഴ സിഐ ഷാജു ജോസ്, കാളിയാര്‍ സിഐ ആഗസ്റ്റിന്‍ മാത്യൂ, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉബൈദ്, ഷംസ്, ഷാനാവാസ്, കരിങ്കുന്നം എസ്‌ഐ ക്ലീറ്റസ് കെ ജോസഫ്, മജീഷ്, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക