|    Nov 20 Mon, 2017 12:56 am
FLASH NEWS

അന്തര്‍ദേശീയ ചക്കമഹോല്‍സവം : ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published : 5th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ചക്കയുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 9 മുതല്‍ 14 വരെ നടക്കുന്ന അന്തര്‍ദേശീയ ചക്കമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്.  ഇതിന്റെ ഭാഗമായുള്ള  ശില്‍പ്പശാലയില്‍  എട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ചക്കമഹോല്‍സവത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ.വി എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍, കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പങ്കെടുക്കും.സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്,  ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്‌സ് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പാശാല നടത്തുന്നത്. മലേഷ്യ, വിയറ്റ്‌നാം, ബംഗഌദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ  17 ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും. മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്കിലെ ഡോ.മുഹമ്മദ് ദേശ ഹസീം, വിയറ്റ്‌നാമില്‍ നിന്നുള്ള പ്രൊഫ. ഗുയെന്‍ മിന്‍ചാവു, ബംഗ്ലാദേശില്‍ നിന്നുള്ള പ്രൊഫ. എം എ റഹീം, ശ്രീലങ്കയില്‍ നിന്നുള്ള  പ്രൊഫ. ഡികെഎന്‍ജി പുഷ്പകുമാര, കര്‍ണ്ണാടകയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ ഡോ.പ്രകാശ് പാട്ടീല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോ.ബാലമോഹന്‍ തുടങ്ങിയവരാണ് ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരമാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഒരുക്കുന്നത്.  ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും സംസ്‌കരണവും, വാണിജ്യ ശൃംഖലകളുടെ രൂപവത്കരണം, പാക്കിങ്ങ് ,നൈപുണ്യ വികസന ഏജന്‍സികള്‍ തുടങ്ങിയ മേഖലകളെ സംബന്ധിച്ചാണ് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. നാലാം ദിവസമായ 12 ന് രണ്ടായിരത്തോളം പേര്‍ക്ക് ചക്കയുടെ ഇരുപതോളം വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും. വിവിധങ്ങളായ മത്സരങ്ങളും നടക്കും. ചെറുകിട ചക്ക വ്യവസായങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരം നടത്തും.  മല്‍സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ട് രക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50000 രൂപയും നല്‍കും.  ചക്ക വ്യവസായവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.  ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിങ്ങ്, ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മല്‍സരങ്ങളും നടത്തും. മല്‍സര വിജയികള്‍ക്ക് 5000, 2000, 1000 എന്നിങ്ങനെ സമ്മാനവും നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക