|    Oct 20 Fri, 2017 9:45 pm
FLASH NEWS

അനൂപ് വധക്കേസ്: പ്രതികളെ വെറുതെവിട്ടു

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ വെറുതെവിട്ടു. ബിജെപി പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ നെട്ടൂര്‍ വെള്ളോലിയില്‍ അനൂപിനെ (29) കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 59 പേരെ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ പ്രതികളല്ലെന്ന് കണ്ട് വെറുതെവിട്ടത്. 2013 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച നരിപ്പറ്റ പഞ്ചായത്തിലെ ക്വാറികള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വടകര താലൂക്ക് കമ്മിറ്റി കൈവേലി ടൗണില്‍ നടത്തിയ സമരത്തോടനുബന്ധിച്ചുള്ള സംഘര്‍ഷത്തിനിടെയാണ് അനൂപ് കൊല്ലപ്പെട്ടത്. അന്നത്തെ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ടി പി പവിത്രന്‍, സിപിഎം നരിപ്പറ്റ ലോക്കല്‍ സെക്രട്ടറി വി നാണു, തിനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ബാബു, ഒമ്പത് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 12 ബ്രാഞ്ച് സെക്രട്ടറിമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 59 പേരെ പ്രതികളാക്കിയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 29 പ്രോസിക്യൂഷന്‍ സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. 53 പ്രോസിക്യൂഷന്‍ രേഖകളും ആറ് കോടതി രേഖകളും 26 പ്രതിഭാഗം രേഖകളും കോടതി പരിശോധിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഡ്വക്കേറ്റുമാരായ ഗോപാലകൃഷ്ണകുറുപ്പ്, പി എന്‍ സുകുമാരന്‍, കെ വിശ്വന്‍, ഡി അരുണ്‍ബോസ്, സിന്‍സിയ എന്നിവര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക