|    Jun 24 Sat, 2017 5:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനൂപ് ജേക്കബിന് പ്രസംഗിക്കാന്‍ രണ്ടുതവണ അനുമതി; പ്രതിഷേധവുമായി ഭരണപക്ഷം

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രതിനിധി അനൂപ് ജേക്കബിന് നിയമസഭയില്‍ രണ്ടുതവണ പ്രസംഗിക്കാന്‍ അനുമതി നല്‍കിയതിനെതിരേ പ്രതിഷേധവുമായി ഭരണപക്ഷം രംഗത്ത്. റേഷന്‍കാര്‍ഡ് വിതരണത്തിലെ പാളിച്ചയെക്കുറിച്ച് മുന്‍ഭക്ഷ്യമന്ത്രിയായ അനൂപ് ജേക്കബാണ് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ഭാഗമായുള്ള മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ കടന്നുകൂടിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. തുടര്‍ന്ന് ഭക്ഷ്യമന്ത്രിയുടെ മറുപടിക്കുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങിപ്പോക്കിന് മുമ്പുള്ള പ്രസംഗവും നടത്തി. ഇതിനുശേഷം കക്ഷിനേതാവെന്ന നിലയില്‍ അനൂപ് ജേക്കബ് വീണ്ടും പ്രസംഗിച്ചപ്പോഴാണ് ഭരണപക്ഷം ബഹളമുണ്ടാക്കിയത്.
ഭരണപക്ഷത്തുനിന്ന് മുന്‍മന്ത്രി ഇ പി ജയരാജനാണ് ക്രമപ്രശ്‌നമായി വിഷയം ആദ്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അടിയന്തരപ്രമേയം അവതരിപ്പിച്ച വ്യക്തിക്ക് വാക്കൗട്ട് പ്രസംഗം അനുവദിക്കുന്ന കീഴ്‌വഴക്കം സഭയ്ക്കില്ലെന്ന് ഇപി ചൂണ്ടിക്കാട്ടി. അതിനാല്‍, സ്പീക്കര്‍ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്- ബി പ്രതിനിധി കെ ബി ഗണേഷ്‌കുമാറും ഇതേ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. തന്റെ 15 വര്‍ഷത്തെ സഭയിലെ പരിചയത്തില്‍ ഒരംഗത്തിന് അടിയന്തരപ്രമേയ അവതരണത്തിനും വാക്കൗട്ട് പ്രസംഗത്തിനും അനുമതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടുവില്‍ മുഖ്യമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണം വരുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരത്തില്‍ മുമ്പും സഭയില്‍ പ്രസംഗിച്ചതിന് കീഴ്‌വഴക്കമുണ്ടെന്നായിരുന്നു അനൂപ് ജേക്കബിന്റെ നിലപാട്. അതേസമയം, കക്ഷിനേതാവെന്ന നിലയില്‍ മറ്റംഗങ്ങളില്ലാത്തതിനാല്‍ 14ാം കേരള നിയമസഭ ആരംഭിച്ചതുമുതല്‍ അനൂപ് ജേക്കബിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇക്കാര്യം ശരിയാണോയെന്നകാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക