|    Mar 20 Tue, 2018 3:21 pm
FLASH NEWS

അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാനായില്ല;  റാന്നിയിലെ നിര്‍ദ്ദിഷ്ട റബര്‍ പാര്‍ക്ക് ഉപേക്ഷിച്ചു

Published : 7th March 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയുടെ സമഗ്രവികസനത്തിന് ഉപകരിക്കപ്പെടുന്നതും റബറിന്റെ വൈവിധ്യ വല്‍ക്കരണത്തിനായി വിവിധ ഫാക്ടറികളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരുന്നതുമായ റാന്നിയിലെ റബര്‍ പാര്‍ക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചതിന് പിന്നില്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തിനാലെന്ന് നിയമസഭാ രേഖകള്‍.
13ാം നിയമസഭയുടെ 12ാമത് സമ്മേളനത്തിന്റെ 4208ാം നമ്പരായി രാജു ഏബ്രഹാം എംഎല്‍എയുടെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈക്കാര്യം എംഎല്‍എയെ അറിയിച്ചത്. അനുയോജ്യമായ ഭൂമി ലഭിക്കാതിരുന്നത് കൊണ്ടാണ് റാന്നിയിലെ നിര്‍ദ്ദിഷ്ട റബര്‍ പാര്‍ക്ക് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതായാണ് എംഎല്‍എ പറയുന്നത്.
കിന്‍ഫ്രയും റബര്‍ ബോര്‍ഡും ചേര്‍ന്ന് സംയുക്ത സംരംഭമായി എറണാകുളം ജില്ലയിലെ ഐരാപുരത്ത് നിലവില്‍ ഒരു റബര്‍ പാര്‍ക്ക് ഉള്ളതും റാന്നിയില്‍ പദ്ധതി ഉപേക്ഷിക്കുന്നതിന് മറ്റൊരു കാരണമായി. ഇതിനോടൊപ്പം കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍പ്പെട്ട പിറവന്തൂരില്‍ പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂര്‍ പ്ലൈവുഡിന്റെ 51 ഏക്കര്‍ ഭൂമിയില്‍ റബര്‍ ബോര്‍ഡും കിന്‍ഫ്രയും ചേര്‍ന്ന് പുതുതായി ഒരു റബര്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്ന് റാന്നിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന റബര്‍ പാര്‍ക്ക് വേണ്ടെന്ന് വയ്ക്കാന്‍ 24-07-2014ല്‍ ചേര്‍ന്ന 64ാമത് കിന്‍ഫ്ര ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന് പകരം മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും മന്ത്രി പറയുന്നു. റാന്നിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന റബര്‍ പാര്‍ക്ക് വേണ്ടെന്നു വച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കിന്‍ഫ്ര സ്വീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. റാന്നിയില്‍ പ്രഖ്യാപിച്ച റബര്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് വേണ്ടി ഹാരീസണ്‍ മലയാളം തോട്ടത്തിന്റെ കൈവശമുള്ള ളാഹ എസ്‌റ്റേറ്റിലെ കപ്പക്കാട് ബ്ലോക്ക് ഏറ്റെടുക്കുന്നതിന് ആലോചിച്ചിരുന്നെങ്കിലും കൈമാറ്റം നിയമപ്രശ്‌നമുണ്ടാക്കുമെന്ന ഉടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹാരീസണ്‍ തോട്ടം ഉടമകള്‍ പെരുനാട് വില്ലേജില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നതായി സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയു ആരോപിച്ചിരുന്നു. തുച്ഛമായ തുകയ്ക്ക് കൃഷി നടത്താന്‍ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി റബര്‍കൃഷി നടത്തി സ്വന്തമെന്നപോലെ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിക്കുകയാണ് ഹാരിസണ്‍ മലയാളം, എവിടി തോട്ടം ഉടമകള്‍. പാട്ടാക്കാലാവധി കഴിഞ്ഞ ഈ ഭൂമി പിടിച്ചെടുക്കാന്‍ വിമുഖത കാട്ടുകയാണ് മാറിമാറിവരുന്ന എല്ലാ സര്‍ക്കാരുകളെന്നാണ് പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ വ്യക്തമാവുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവുംകൂടുതല്‍ കൂടുതല്‍ റബര്‍കൃഷിയുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. റബര്‍ അധിഷ്ടിതമായ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്ല നിക്ഷേപാവസരവും ലക്ഷ്യമിട്ടിരുന്ന റാന്നിയിലെ റബര്‍ പാര്‍ക്ക് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ വിലയിടിവ് മൂലം ആത്മഹത്യയിലേക്ക് പോവുന്ന റബര്‍ കര്‍ഷകന് ഏറെ ആശ്വാസകരമാവുകയും ചെയ്യുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss