|    Aug 19 Sun, 2018 11:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനുയാത്രാ പദ്ധതി ഉദ്ഘാടനം ചെയ്തു

Published : 13th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ് നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം തുടക്കമിട്ട അനുയാത്രാ പദ്ധതി ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി കേരളം തയാറാക്കിയിട്ടുള്ളത് സമാനതകളില്ലാത്ത മാതൃകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ ഉപകരിക്കും. വൈകല്യം കണ്ടെത്താന്‍ കൃത്യസമയത്തുള്ള ഇടപെടല്‍, വൈകല്യത്തിന്റെ ഗവേഷണം എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും നമ്മുടെ രാജ്യത്ത് ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്. ഇതില്‍ നിന്ന് മുന്നോട്ട് പോവേണ്ടതുണ്ട്. കേരളം തുടക്കമിട്ടിരിക്കുന്ന അനുയാത്രാ പദ്ധതി മാതൃകാപരമാണ്. പ്രത്യേക പരിഗണന വേണ്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി രൂപീകരണത്തിന് ഏകീകൃതപരിപാടികള്‍ ഉണ്ടാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും സംയോജിച്ചാണ് ഇവര്‍ക്കുള്ള പദ്ധതികള്‍ തയാറാക്കുന്നത്. കേന്ദ്രീകൃതമായി ഒരു സ്ഥാപനമില്ലാത്തതിനാല്‍ അവര്‍ക്ക് വേണ്ടത്ര ഫണ്ട് ചെലവഴിക്കുന്നതില്‍ അപര്യാപ്തതയുണ്ടാവുന്നു. ഇത് മാറേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. യുഎന്‍ സര്‍വെപ്രകാരം നമ്മുടെ രാജ്യത്ത് 0-19 വയസ്സിന് ഇടയ്ക്ക് 1.67 ശതമാനം ഭിന്നശേഷിക്കാരുണ്ട്. മൊത്തം ജനസംഖ്യയില്‍ 35.29 ശതമാനം കുട്ടികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. മറ്റൊരു സര്‍വെപ്രകാരം ഇന്ത്യയില്‍ 12 ദശലക്ഷം കുട്ടികള്‍ ഭിന്നശേഷിക്കാരാണെന്ന് വ്യക്തമാക്കുന്നു. ഇവരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് സ്‌കൂളില്‍ പോവുന്നതെന്നും സര്‍വെ പറയുന്നു. എന്നാല്‍, പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം പുലര്‍ത്തുന്ന പുരോഗമനപരവും നൂതനുവുമായ സമീപനം പ്രസിദ്ധമാണ്. അതിന്റെ ഒരു വശം ഭിന്നശേഷിക്കാരായ കുട്ടികളടെ വിദ്യാഭ്യാസമാണെന്നത് അഭിനന്ദനാര്‍ഹമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.   ഉദ്ഘാടന ചടങ്ങിനുശേഷം ഭിന്നശേഷിക്കാരായ 23 കുട്ടികളെ അണിനിരത്തി മാജിക് അക്കാദമി ഒരുക്കിയ മാന്ത്രിക നൃത്തപരിപാടിയും വീക്ഷിച്ചാണ് ഉപരാഷ്ട്രപതി മടങ്ങിയത്. ഭിന്നശേഷിക്കാരുടെ സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പരിഗണനയിലില്ലാത്ത ആരും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കെ കെ ശൈലജ, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത്,  കെ എം എബ്രഹാം, സെക്രട്ടറി റാണി ജോര്‍ജ്, കെ വി അനുപമ, ഗോപിനാഥ് മുതുകാട് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss