|    Nov 25 Sat, 2017 1:21 pm
FLASH NEWS

അനുമോദനച്ചടങ്ങില്‍ നിന്ന് അധ്യാപകനെ വിലക്കിയ നടപടി വിവാദമാകുന്നു

Published : 9th June 2017 | Posted By: fsq

 

മേപ്പയ്യൂര്‍: ഇ രാമന്‍ മാസ്റ്റര്‍ സ്മാരക വായനശാലയുടെ അനുമോദന ചടങ്ങില്‍ നിന്നും ജില്ലയിലെ മികച്ച എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച അധ്യാപകന്‍ എ സുബാഷ് കുമാറിനെ വിലക്കിയ നടപടി വിവാദമാകുന്നു. മേപ്പയ്യൂര്‍ ഇ ആര്‍ വായനശാല, അധ്യാപകന്റെയും മകന്‍ അനന്‍ സൗരെയുടെയും പേര് വെച്ച് പോസ്റ്ററൂം നോട്ടീസും പ്രചരിപ്പിച്ചതിനു ശേഷം കഴിഞ്ഞ 7ന് പരിപാടി നടക്കുന്നതിന്റെ അന്ന് കാലത്ത് ഫോണില്‍ വിളിച്ച് അനുമോദന ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.വിലക്കിനുള്ള കാരണവും അറിയിച്ചിട്ടില്ല.എല്‍എസ്എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയതിന് അനുമോദനം ഏറ്റുവാങ്ങാനിരുന്ന മകന്‍ അനന്‍ സൗരെ ഇതേ തുടര്‍ന്ന് പരിപാടി ബഹിഷ്‌ക്കരിച്ചു.സ്വാതന്ത്ര്യ സമര സേനാനിയും കലാകാരനും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഇ രാമന്‍ മാസ്റ്ററുടെ നാമധേയത്തിലുള്ള വായനശാലയുടെ ഈ അപമാനകരമായ പ്രവൃത്തിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും വായനശാലയുടെ ഈ നടപടിയെ അപലപിച്ച് രംഗത്ത് വന്ന് കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തിയും ബഹിഷ്‌കരിച്ചും അപമാനിച്ചും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നു തനിക്കേറ്റ ഈ അവഹേളനത്തെ വ്യക്തിപരമായി കാണുന്നില്ലെന്നും സുബാഷ് കുമാര്‍ പറഞ്ഞു. ഒരു സാംസ്‌കാരിക സ്ഥാപനം എന്ന നിലയില്‍ വീട്ടില്‍ വന്ന് ക്ഷണിച്ച് പേര് വെച്ച നോട്ടീസ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് ശേഷം എന്ത് കൊണ്ട് വിലക്കേര്‍പ്പെടുത്തി മാറ്റി നിര്‍ത്തിയെന്നതിനുള്ള വിശദീകരണം നല്‍കാന്‍ വായനശാലയുടെ ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും എന്‍എസ്എസ് കോര്‍ഡിനേറ്ററൂമാണ് സുബാഷ് കുമാര്‍. വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന്്് വായനശാല ഭാരവാഹി ആര്‍ വി അബ്ദുറഹിമാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക