|    Nov 21 Wed, 2018 2:03 pm
FLASH NEWS

അനുഭവത്തിന്റെ കരുത്തില്‍ തരിശ് ഭൂമി തളിരണിയിക്കാന്‍ വീണ്ടും യുവാക്കള്‍

Published : 11th November 2017 | Posted By: fsq

 

ആലുവ: തരിശ് ഭൂമിയില്‍ പൊന്നണിയിച്ച കരുത്തില്‍ പണിയായുധങ്ങളുമായി ഒരു വട്ടം കൂടി യുവാക്കള്‍ കൃഷിക്കിറങ്ങി. ചൂര്‍ണിക്കരയിലാണ് കാലങ്ങളായി തരിശായി കിടന്ന ചവര്‍പാടത്ത് കൃഷി വിതച്ച് വിജയിച്ച യുവാക്കള്‍ അവശേഷിക്കുന്ന തരിശ് ഭൂമിയില്‍ കുടി കൃഷിയിറക്കാന്‍ രംഗത്തിറങ്ങിയത്. ചൂര്‍ണിക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആത്മ പദ്ധതി പ്രകാരമാണ് ചവര്‍പാടശേഖരത്തില്‍ 20 വര്‍ഷത്തോളം തരിശായി കിടന്ന 16 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചത്. നടീല്‍ ഉദ്ഘാടനം ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഞാറുനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം കൃഷി ചെയ്ത സ്ഥലത്തിന്റെ എതിര്‍വശത്തായി മെട്രോ യാര്‍ഡിന്റെ പുറകിലായി തരിശായിക്കിടന്ന ചവര്‍പാട ശേഖരത്തിലെ പാടങ്ങളാണ് കതിരണിയാന്‍ തയ്യാറായിരിക്കുന്നത്. ആത്മയുടെ ഡിസ്ട്രിക്ക്് സ്‌പെസിഫിക്ക് ആക്റ്റിവിറ്റി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അടയാളം പുരുഷ സ്വയം സഹായ സംഘത്തിന്റെ 17 യുവാക്കളാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ വിദഗ്ധരായ തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നത്. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുളള ശാസ്ത്രീയ പരിചരണ മുറകളാണ് ഇവിടെ അവലംമ്പിക്കുന്നത്. മൈക്കോ റൈസാ ഉപയോഗിച്ച് പരുവപ്പെടുത്തിയ വിത്താണ് ഞാറ്റടി തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ പിജിപിആര്‍ മിക്‌സ് വണ്‍ മിശ്രിതം രാജ്‌ഫോസുമായി കലര്‍ത്തി അടിവളമായി നല്‍കിയ ശേഷമാണ് നടീല്‍ ആരംഭിച്ചിട്ടുളളത്. ഉമ നെല്ലിനമാണ് ഇവിടെ ഉപയോഗിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷം ഉല്‍പാദനത്തില്‍ ചരിത്രവിജയം നേടിയ 15 ഏക്കര്‍ സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അടയാളം പ്രവര്‍ത്തകര്‍ നെല്‍കൃഷി ആരംഭിച്ച് കഴിഞ്ഞു. മൊത്തം 31 ഏക്കര്‍ സ്ഥലമാണ് ചവര്‍പാട ശേഖരത്തില്‍ ഈ വര്‍ഷം കതിരണിയാന്‍ പോവുന്നതെന്ന് പ്രസിഡന്റ് എപി ഉദയകുമാര്‍ പറഞ്ഞു. ശാസ്ത്രീയ കൃഷിമുറകളുടെ അടിസ്ഥാനത്തില്‍ ഉദ്പാദന ചെലവ് ഗണ്യമായി കുറച്ച് ഹെക്റ്ററിന് 10 ടണ്‍ വിളവ് ലഭിക്കത്തക്ക വിളപരിപാലന മുറകളാണ് വിഭാവന ചെയ്തിട്ടുളളതെന്ന് കൃഷി ഓഫിസര്‍ ജോണ്‍ ഷെറി പറഞ്ഞു. ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, എഫ്‌ഐടി ചെയര്‍മാന്‍ ടി കെ മോഹനന്‍, വികസന കമ്മിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ ഹാരിസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല അമീര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി കെ ജലീല്‍, സി പി നൗഷാദ്, കൃഷി അസി. ഡയറക്ടര്‍ സജിനി ആര്‍ നായര്‍, വാര്‍ഡ് മെംബര്‍മാരായ ബാബു പുത്തനങ്ങാടി, ഷൈനി ശിവാനന്ദന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എ അലിയാര്‍, ശാന്ത ഉണ്ണികൃഷ്ണന്‍, അടയാളം രക്ഷാധികാരി അന്‍സാര്‍ ടി എം, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss