|    Jul 23 Mon, 2018 11:17 pm
FLASH NEWS

അനുബന്ധ റോഡിന്റെ ടാറിങ് നടന്നില്ല; ഉദ്ഘാടനം മാറ്റി വെച്ചു

Published : 8th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: നാളെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ച ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലത്തിന്റെ ഉദ്ഘാടനം മാറ്റി വെച്ചു.പാലം പണി പൂര്‍ത്തിയാക്കിയെങ്കിലും അനുബന്ധ റോഡിന്റെ ടാറിങ്് ഉള്‍പ്പെടെ നടക്കാത്തതാണ് ഉദ്ഘാടനം നീട്ടി വെക്കാന്‍ കാരണമായത്. ഈ മാസം ഒമ്പതിന് ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ നടക്കുമോയെന്ന ആശങ്ക നില നിന്നിരുന്നു. മാത്രമല്ല പാലത്തിലേക്ക് വാഹനങ്ങള്‍ കയറേണ്ട 9 മീറ്റര്‍ വീതിയുള്ള കല്‍വെര്‍ട്ട് പൊളിഞ്ഞ് അപകടാവസ്ഥയിലുമാണ്. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്ന് നല്‍കാന്‍ നടപടിയുണ്ടാകാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ ജോണ്‍ ഫര്‍ണാണ്ടസ് എംഎല്‍എ ഇടപെട്ടാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായത്. ഉദ്ഘാടനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുബന്ധ റോഡിന്റെയും മറ്റും നിര്‍മ്മാണവും ടാറിങും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം തുറന്ന് കൊടുത്താലും വലിയ വാഹനങ്ങള്‍ പോകണമെങ്കില്‍ പാലം വന്ന് ചേരുന്ന പഴയ കണ്ണങ്ങാട്ട് റോഡിനെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കണം. കണ്ണങ്ങാട്ട് റോഡ് നഗരസഭയുടെ അധീനതയിലുള്ളതാണ്. ഈ റോഡ് വികസിപ്പിക്കേണ്ട ചുമതല നഗരസഭയുടെതാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. വീതി കുറഞ്ഞ കണ്ണങ്ങാട്ട് റോഡ് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന രീതിയില്‍ വീതി കൂട്ടി ബലപ്പെടുത്തണം. ഇത് ആര് ചെയ്യുമെന്നതും തര്‍ക്കമാണ്. പാലത്തിന്റെ അനുബന്ധ റോഡ് ടാറിങ്് നടത്തണമെങ്കില്‍ മഴ മാറി നില്‍ക്കണമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അതിന് ഇനിയും ഏറെ സമയമെടുക്കും. ഉദ്ഘാടനം സംബന്ധിച്ച പുതിയ തിയതിയൊന്നും തീരുമാനിച്ചിട്ടില്ല. പാലം പൂര്‍ണ്ണ തോതില്‍ ജനങ്ങള്‍ക്ക് പ്രയോജനം പ്രദമാകണമെങ്കില്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss