|    Jan 23 Mon, 2017 8:08 pm
FLASH NEWS

അനുനയിപ്പിക്കാനുള്ള ശ്രമം പാളി; ചങ്കിടിപ്പോടെ മുന്നണികള്‍

Published : 28th October 2015 | Posted By: SMR

കയ്പമംഗലം: യുഡിഎഫ് മെംബര്‍മാരുടെ മൂന്നു വാര്‍ഡുകളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാരായ 200 ഓളം വരുന്ന യുവാക്കള്‍ വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചതോടെ മുന്നണികള്‍ ആശങ്കയില്‍. ഇതു സംബന്ധമായി കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തിങ്കളാഴ്ച രാത്രി നടത്തിയ മധ്യസ്ഥ ചര്‍ച്ച യുവാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞു.
കയ്പമംഗലം പഞ്ചായത്തിലെ ഏഴ്, ഒമ്പത്, പത്ത് വാര്‍ഡുകളിലെ യുവാക്കളാണ് കടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പനമ്പിക്കുന്ന്ചളിങ്ങാട് ഒറ്റത്തൈ സെന്റര്‍ റോഡിനെ കാലങ്ങളായി പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതിലെ അമര്‍ഷമാണ് പ്രതിഷേധമായി അണപൊട്ടിയത്. റോഡ് അറ്റകുറ്റപ്പണി നടത്താനായി നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തംഗങ്ങളെ സമീപിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. ഇതെതുടര്‍ന്ന് തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രദേശത്ത് യുവാക്കള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ‘വോട്ട് ചോദിച്ച് ഈ വഴി വരരുത്’ എന്നെഴുതി സ്ഥാപിച്ച ബോര്‍ഡില്‍ ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
വാര്‍ഡുകളില്‍ പ്രതീക്ഷിച്ചതിലും കടുത്ത മല്‍സരം വന്നതോടെ പണി പാളും എന്ന് മനസ്സിലാക്കിയ നേതാക്കള്‍ യുവാക്കളെ അനുനയിപ്പിക്കാന്‍ എത്തുകയായിരുന്നു. ചളിങ്ങാട് ഒറ്റത്തൈ സെന്ററിന് തൊട്ടു പടിഞ്ഞാറുള്ള വീട്ടില്‍ തിങ്കളാഴ്ച സന്ധ്യയോടെ ആരംഭിച്ച യോഗം രാത്രി പത്തുവരെ നീണ്ടു. ഡിസിസി അംഗം പി എം എ ജബ്ബാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എഫ് ഡൊമിനിക്, പഞ്ചായത്ത് പ്രസിഡണ്ട് അനിതാബാബു, പഞ്ചായത്ത് അംഗങ്ങളായ പി എം അബ്ദുല്‍മജീദ്, ശ്യാംകൃഷ്ണന്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹീം ഹാജി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരാണ് അനുരഞ്ജനത്തിന് എത്തിയത്.
ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും ഒന്നിച്ചു കിട്ടിയതോടെ യുവാക്കള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മധുര വാഗ്ദാനങ്ങളുമായി വരുന്നവര്‍ കഴിഞ്ഞ അഞ്ചു കൊല്ലം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. കഴിഞ്ഞ കാലയളവില്‍ ഒരു വികസന പ്രവര്‍ത്തനവും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും റോഡിന് മാസങ്ങള്‍ക്ക് മുമ്പ് ഫണ്ട് പാസായിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ സാധിച്ചില്ലെന്നും ജനപ്രതിനിധികള്‍ കുമ്പസാരിച്ചു.
പഞ്ചായത്തു ഭരണം നിലവില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് ഈ റോഡിന്റെ നിര്‍മാണമായിരിക്കും എന്ന വാഗ്ദാനം കൂടി നല്‍കിയെങ്കിലും യുവാക്കള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണക്കാരുടെ വഞ്ചനക്കെതിരെയും പ്രതിപക്ഷത്ത് നോക്കുകുത്തികളായി ഇരുന്നവര്‍ക്കെതിരെയും നാട്ടുകാര്‍ക്കിടയില്‍ പ്രചരണം ശക്തമാക്കുമെന്ന് യുവാക്കളുടെ പ്രതിനിധികളായ മെഹബൂബ്, മന്‍സൂര്‍, നസീര്‍ തുടങ്ങിയവര്‍ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ യോഗം ചട്ട ലംഘനമാണെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക