|    Nov 19 Mon, 2018 12:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനിഷ്ട സംഭവം ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രി

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: പിണറായി സേനയും ശ്രീധരപ്പടയും കാല്‍ലക്ഷം പോലിസും ചേര്‍ന്ന് ശബരിമല പുണ്യപൂങ്കാവനം കുരുക്ഷേത്രഭൂമിയാക്കാന്‍ നടത്തുന്ന ദ്രുതഗതിയിലുള്ള തയ്യാറെടുപ്പുകള്‍ കേരളത്തിന്റെ ചങ്കിടിപ്പ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.
യുവതീപ്രവേശന വിഷയത്തില്‍ പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചീറ്റിപ്പോയ വാര്‍ത്ത ഹൃദയവേദനയോടെയാണ് വായിച്ചത്. മുഖ്യമന്ത്രിമാര്‍ വരില്ലെന്ന് അറിഞ്ഞതോടെ മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ നോക്കി. അതും പൊളിഞ്ഞ് ഉദ്യോഗസ്ഥര്‍ മാത്രമാണു പങ്കെടുത്തത്. യോഗത്തില്‍ നിന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍പോലും ഇറങ്ങിപ്പോയി. അയല്‍സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ കാട്ടുന്ന വിവേകം കേരള മുഖ്യമന്ത്രിക്ക് ഇല്ലാതെപോയല്ലോയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഉറച്ച പാര്‍ട്ടിക്കാരായ 1500 പേരെയാണ് സിപിഎം ശബരിമലയിലേക്ക് അയ—ക്കുന്നത്. അതിനെ ചെറുക്കാന്‍ എന്തിനും തയ്യാറായി സംഘപരിവാരങ്ങളും എത്തുന്നു. കണ്ണൂര്‍ കൊലക്കളത്തില്‍ നിന്നുള്ള വിദഗ്ധരെയാണ് ഇരുകൂട്ടരും വിന്യസിക്കുന്നത്. ശബരിമലയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ഈ സംഭവങ്ങള്‍ അതീവ വേദനയോടെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല പ്രശ്‌നം സംയമനത്തോടെയും അവധാനതയോടെയും കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണം.
ശബരിമലയുടെ പ്രാധാന്യം തിരിച്ചറിയണം. ദേശീയതലത്തില്‍ ശ്രദ്ധേയമായ കേരളത്തിലെ ഏക ആരാധനാലയമാണിത്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍പേര്‍ ഒരു സീസണില്‍ ഇവിടെ വരുന്നു. അതില്‍ നാനാജാതിമതസ്ഥരുണ്ട്. മതസൗഹാര്‍ദത്തിന്റെ ഉജ്വല പ്രതീകംകൂടിയാണിത്. ശബരിമലയുടെ പരിപാവനത ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss