|    Nov 18 Sun, 2018 12:51 am
FLASH NEWS
Home   >  Sports  >  Cricket  >  

അനിശ്ചിതത്വം തുടരുന്നു, അന്തിമ തീരുമാനം വിദഗ്ധ സമതിയുടെ പരിശോധനയ്ക്ക് ശേഷം

Published : 21st March 2018 | Posted By: vishnu vis

കൊച്ചി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായില്ല. ഇന്നലെ ജിസിഡിഎ ആസ്ഥാനത്ത് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ഫുട്‌ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ നിലപാട് പ്രഖ്യാപിക്കാതെ പിരിയുകയായിരുന്നു. കളി എവിടെ നടത്തുമെന്ന തീരുമാനം കൈക്കൊള്ളാനാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. സ്റ്റേഡിയത്തില്‍ നിലവില്‍  ക്രിക്കറ്റും ഫുട്‌ബോളും നടത്താന്‍ സാധിക്കുമെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ വീണ്ടും അറിയിച്ചു. കോടികള്‍ മുടക്കി ഫിഫ നിര്‍മിച്ച ടര്‍ഫാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിന് കേടുപാടുകള്‍ സൃഷ്ടിക്കാതെ ക്രിക്കറ്റ് പിച്ച് നിര്‍മിച്ച് കളി നടത്തുകയാണെങ്കില്‍ ജിസിഡിഎ സര്‍വ്വ പിന്തുണയും നല്‍കുമെന്ന് ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ അറിയിച്ചു. പിച്ച് നിര്‍മിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി ഗ്രൗണ്ടില്‍ പരിശോധന നടത്തും. തുടര്‍ന്നായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്. വിദഗ്ധ സമിതി പരിശോധന ഈ ആഴ്ച്ചതന്നെയുണ്ടാകും.  കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ല. കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ക്കും ജിസിഡിഎക്കും സര്‍ക്കാറിനും ഇക്കാര്യത്തില്‍ വിഭിന്നമായ അഭിപ്രായങ്ങളില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് മാറി തലസ്ഥാനത്ത് കളി നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൂര്‍ണമായും അംഗീകരിക്കുമെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. എങ്കിലും കൊച്ചിയില്‍ കളി നടത്തുവാനാണ് കെസിഎയ്ക്ക് താല്‍പര്യം. ധാരാളം സമയം മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ അനുകൂല തീരുമാനമുണ്ടായാല്‍ ഏപ്രില്‍ അവസാനത്തോടെ പിച്ചിന്റെ നിര്‍മാണം ആരംഭിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്‌ബോളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുടെയും അഭിപ്രായം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഒന്നിന് കൊച്ചിയില്‍ ക്രിക്കറ്റ് നടന്നാല്‍ പിന്നീട് 25 ദിവസത്തോളം കഴിഞ്ഞാണ് ഇവിടെ ഫുട്‌ബോള്‍ കളിക്കുവാന്‍ സാധിക്കുകയുള്ളു. അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫിനെ അതേപോലെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ മാത്രമേ കൂടുതല്‍ ആലോചനകള്‍ക്ക് സ്ഥാനമുള്ളു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കണ്ടത് സര്‍ക്കാരാണ്. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്‌ബോളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടത്.
സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഐഎസ്എല്‍ മല്‍സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികള്‍ നിലവില്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് തലസ്ഥാനത്തേക്ക് മാറ്റുമെന്ന് ഉറപ്പിക്കാം. കെസിഎ പ്രസിഡന്റ് റോങ്ക്‌ലിന്‍, കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേ സമയം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെതിരെ സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കുന്നതാണ് നല്ലതെന്ന് സചിന്‍ തന്റെ ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കെസിഎ അനുകുല തിരുമാനമെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബിസിസി ഐ പ്രസിഡന്റ് വിനോദ് റായി വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും സചിന്‍ പറഞ്ഞിരുന്നു.രാജ്യാന്തര നിലവാരത്തിലുള്ള കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ പ്രതലം വെട്ടിപൊളിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ ആരാധകരും പ്രതിഷേധവുമായി രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss