|    Aug 21 Mon, 2017 10:19 am
Home   >  Todays Paper  >  page 7  >  

അനിശ്ചിതകാല നിരാഹാരം : മേധ പട്കറുടെ ആരോഗ്യസ്ഥിതി വഷളായി

Published : 6th August 2017 | Posted By: fsq

 

ഭോപാല്‍: നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കറുടെ ആരോഗ്യനില വഷളായി. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഷട്ടറിന്റെ നിര്‍മാണത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്കായി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിവസമാണ് മേധ പട്കറുടെ ആരോഗ്യനില മോശമായത്. നിരാഹാരസമരം ഒമ്പത് ദിനങ്ങള്‍ പിന്നിട്ടതോടെ കഴിഞ്ഞദിവസം രണ്ടുതവണ അവര്‍ ഛര്‍ദിച്ചതായി അവരുടെ സഹായി രാഹുല്‍ യാദവ് പറഞ്ഞു. രക്തസമ്മര്‍ദം കുറയുകയും ശരീരം നിര്‍ജലീകരണം അനുഭവപ്പെട്ടതായും യാദവ് അറിയിച്ചു. ആരോഗ്യനില മോശമായിട്ടും വൈദ്യസഹായം അവര്‍ നിഷേധിച്ചു. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതുവരെ നിരാഹാര സമരം തുടരുകയെന്നാണ് അവരുടെ മുഖ്യനിലപാട്. മേധയുടെ സഹപ്രവര്‍ത്തകന്‍ ഹിമാഷി സിങ് പറഞ്ഞു. എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഡോക്ടറുമാരുടെ വിദഗ്ധ സംഘം ഓരോ ആറുമണിക്കൂറിലും സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. പക്ഷെ  ചികില്‍സിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് സംഘം ഓരോ തവണയും മടങ്ങുകയാണ്. ഇപ്പോള്‍, സ്ഥിതി നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബലമുപയോഗിച്ച് അവരെ ആശുപത്രിയിലെത്തിച്ചാല്‍ ഭരണകൂടത്തിനെതിരേ ജനങ്ങള്‍ അക്രമാസക്തമാവുമെന്ന് അധികൃതര്‍ പറഞ്ഞു. ഡാം നിര്‍മാണത്തിനായി കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മേധ പട്കര്‍ നിരവധി തവണ നിരാഹാരം ഇരുന്നിട്ടുണ്ട്. നര്‍മദാ ബച്ചാവോ ആന്ദോളനുവേണ്ടി ആദ്യം നിരാഹാര സമരം ഇരുന്നത് 1994ല്‍ മഹാരാഷ്ട്രയിലെ ധുലിയായിലാണ്. 10 ദിവസം നീണ്ടു നിന്നു ധുലിയായിലെ സമരം. പിന്നീട് 1999ല്‍ ഗുജറാത്തിലെ കെവാഡിയയിലാണ്. എട്ടുദിവസമായിരുന്നു അവിടെ മേധ പട്കറിന്റെ നിരാഹാരസമരം. ഏറ്റവും ദീര്‍ഘനാള്‍ അവര്‍ നിരാഹാരമിരുന്നത് 2006ല്‍ ദില്ലിയിലാണ്. 26 ദിവസമായിരുന്നുവത്. ഏറ്റവും ഒടുവിലായി അവര്‍ നിരാഹാരമിരുന്നത് 2014ലാണ് ഭോപാലില്‍ അത് മൂന്നു ദിവസമായിരുന്നു. അതെസമയം, അപകീര്‍ത്തി കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതുകാരണം ദില്ലി കോടതി കഴിഞ്ഞ ദിവസം അവര്‍ക്കെതിരേ 10,000 രൂപ ഫൈന്‍ ചുമത്തി. ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുന്നതിനുമുമ്പ് നിരാഹാരം അവസാനിപ്പിക്കാന്‍ നരിവധി പേര്‍ മേധയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക