|    Oct 17 Tue, 2017 3:17 am
FLASH NEWS
Home   >  Sports  >  Cricket  >  

അനില്‍ കുംബ്ലെയോട് കോഹ്‌ലിക്ക് അതൃപ്തി; ഇന്ത്യന്‍ ടീമിനുള്ളില്‍ പൊട്ടിത്തെറി

Published : 30th May 2017 | Posted By: ev sports


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുംബ്ലയുടെ കര്‍ക്കശമായ നിലപാടുകളില്‍ കോഹ് ലിയടക്കമുള്ള പല മുതിര്‍ന്ന താരങ്ങള്‍ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിലെ ആഭ്യന്തര കലഹം പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലില്‍ക്കുന്നതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  നേരത്തെ കുംബ്ലെയുടെ പലനിലപാടുകളോടും ബിസിസിഐയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഐസിസിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കുംബ്ലെ ബിസിസിഐയെ വിമര്‍ശിച്ചിരുന്നു.
കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ തിടുക്കം കൂട്ടുന്നത് ടീമിനുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമാവാതിരിക്കാനാണെന്നാണ് വിവരം. കുംബ്ലെയ്ക്ക് പകരമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷമണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടെ പേരുകളാണ് പരിശീലകസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേ സമയം കുംബ്ലെയോടുള്ള എതിര്‍പ്പിനെക്കുറിച്ച് കോഹ്‌ലി ബിസിസിഐയുടെ ഇടക്കാല സമിതിയെ അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആസ്‌ത്രേലിയക്കെതിരായി ധര്‍മശാലയില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ പരിക്കേറ്റ കോഹ്‌ലിക്ക് പകരം കുംബ്ലെയുടെ ഇടപെടല്‍ മൂലം കുല്‍ദീപ് യാദവിന് അവസരം നല്‍കിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്. കുല്‍ദീപിന്റെ കാര്യം അവസാന നിമിഷം മാത്രമാണ് കോഹ്‌ലി അറിഞ്ഞത്. ഇതിനെച്ചൊല്ലി ഇരുവരും വാക്കേറ്റത്തിലേര്‍പ്പെട്ടെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയത്. ഇതിന് ശേഷം ഇന്ത്യ രണ്ട് ഏകദിന പരമ്പരയും അഞ്ച് ടെസ്റ്റ് പരമ്പരയും വിജയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക