|    Jan 24 Wed, 2018 9:48 am

അനിയന്ത്രിത മണ്ണെടുപ്പ്: ഭീഷണിയിലായ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചു

Published : 17th July 2016 | Posted By: SMR

മാനന്തവാടി: അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിത്തിലായ ടൗണിലെ രണ്ട് ബഹുനില കെട്ടിടങ്ങളിലെയും ഒരു വീട്ടിലെയും മുഴുവന്‍ ആളുകളെയും മാനന്തവാടി സബ്കളക്ടരുടെ നേതൃത്ത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. കോഴിക്കോട് റോഡിലെ ആമിനാ ബില്‍ഡിംഗ്, സെഞ്ച്വറി ഗ്രാന്റ് ഹോട്ടല്‍ ബില്‍ഡിംഗ് ഇതിനോട് ചേര്‍ന്നള്ള കെട്ടിട ഉടമയുടെ വീട് എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ വിവിധ സ്ഥാപനങ്ങള്‍, താമസക്കാര്‍ തുടങ്ങിയവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ ഒഴിപ്പിച്ചത്.
കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും തുറന്ന് പ്രവര്‍ത്തിക്കരുതെന്നും കാണിച്ച് രാവിലെ കെട്ടിട ഉടമകള്‍ക്കും സ്ഥാപനഉടമകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒഴിയാത്തതിനെ തുടര്‍ന്നാണ് വൈകുന്നേരത്തോടെ പോലിസ്, റവന്യൂ ഉദ്യോഗസ്ഥരുമായെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ കൈകൊണ്ടത്. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായി 13 മീറ്ററോളം താഴ്ചയില്‍ കെട്ടിടങ്ങളുടെ മൂന്ന് മീററര്‍ ചേര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായിമണ്ണ് നീക്കം ചെയ്തത്. അപ്പോള്‍ തന്നെ ഈ വിവരം റവന്യൂ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പുറകില്‍ കെട്ടിടനിര്‍മ്മാണത്തിനായിട്ടായിരുന്നു വന്‍ തോതില്‍ മണ്ണെടുത്തത്. നിലവിലെ കെട്ടിടങ്ങള്‍ക്ക് സുരക്ഷാ ഭിത്തി നിര്‍മ്മിച്ചുനല്‍കാമെന്ന വ്യവസ്ഥയിലായിരുന്നുവത്രെ മണ്ണെടുപ്പ് നടത്തിയത്. എന്നാല്‍ ഉറപ്പ് നല്‍കിയവര്‍ പാലിച്ചില്ല. മഴക്കാലം തുടങ്ങിയതോടെ വെള്ളമൊഴുകി വീടിനോട് ചേര്‍ന്ന കുളിമുറി ഏത് നിമിഷവും മറിഞ്ഞ് വീഴുമെന്ന നിലയിലായി. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലുണ്ടായ കെട്ടിടദുരന്തത്തെ തുടര്‍ന്ന് കലക്ടര്‍ ജില്ലയിലെ മുഴുവന്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മാനന്തവാടി ഡിവിഷന്‍ പൊതുമരാമത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിയറും തഹസില്‍ദാറും ആണ് കെട്ടിടം അപകടത്തിലാണെന്നും എത്രയും വേഗത്തില്‍ പൊതുജനങ്ങളെ ഒഴിപ്പിക്കണമെന്നും സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പ്രകാരമാണ് ഇന്നലെരാവിലെ 10 ഓടെ കെട്ടിട ഉടമകള്‍ക്കും താമസക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്.
കേരള ഗ്രാമീണ്‍ ബാങ്ക്, കെഎസ്എഫ്ഇ, ഡെന്റല്‍ കഌനിക്, സെഞ്ച്വറി ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് അപകടാവസ്ഥയിലുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം മാറ്റുന്നതിനായി സമയം ആവശ്യപ്പെട്ടെങ്കിലും സബ് കളക്ടര്‍ അനുവദിച്ചില്ല. മണ്ണെടുത്തവരില്‍ നിന്നും കെട്ടിട ഉടമകളില്‍ നിന്നും സബ്കളക്ടര്‍ സത്യവാങ്മൂലം എഴുതി വാങ്ങി. ഇന്ന് മുത്ല്‍ തന്നെ കെട്ടിടങ്ങള്‍ സംരക്ഷിക്കാനാവശ്യമായ സുരക്ഷാഭിത്തി നിര്‍മാണം ആരംഭിക്കാന്‍ സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാദിവസവും നിര്‍മാണപുരോഗതി അറിയിക്കാനും നിര്‍ദ്ദേശിച്ചു. മണ്ണെടുക്കുന്നതിന് നല്‍കിയ അനുമതി ഉള്‍പ്പെടെ പിന്നീട് വിശദമായി അന്വേഷിക്കുമെന്നും ടൗണിലെ മുഴുവന്‍ പഴയ കെട്ടിടങ്ങളും സുരക്ഷിതമാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സബ്കലക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day