|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അനിതയുടെ മരണം : നീറ്റ് വിരുദ്ധ സമരം ശക്തമാവുന്നു

Published : 6th September 2017 | Posted By: fsq

 

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രതിഷേധം ശക്തമാവുന്നു. ചെന്നൈയില്‍ വ്യത്യസ്തയിടങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ വിദ്യാര്‍ഥികളും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും പങ്കെടുത്തു. അനിതയ്ക്കു നീതി എന്ന മുദ്രാവാക്യമുയര്‍ത്തി ചെന്നൈക്കു പുറമെ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും തുടരുന്ന പ്രതിഷേധം അഞ്ചാംദിവസത്തേക്കു കടന്നു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഈ വിഷയത്തില്‍ സര്‍വകക്ഷി പൊതുയോഗം വിളിച്ചുചേര്‍ക്കുമെന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെ അറിയിച്ചു. വിദ്യാര്‍ഥികളും തമിഴ് സംഘടനാ പ്രവര്‍ത്തകരും സംസ്ഥാനത്ത് റോഡുകളും റെയില്‍പ്പാതകളും തടഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തിരുവള്ളൂര്‍, കാഞ്ചിപുരം, പുതുക്കോട്ടൈ, തഞ്ചാവൂര്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ നഗരങ്ങളിലും പ്രതിഷേധങ്ങളില്‍ നിരവധി വിദ്യാര്‍ഥികളും സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു. തിരുച്ചിയില്‍ ജല്ലിക്കെട്ട് സമരം നടന്ന അണ്ണാനഗര്‍ ലിങ്ക് റോഡ് പോലിസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനിയായ അനിതയ്ക്ക് (17) പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും നീറ്റ് പരീക്ഷയുടെ കടമ്പ കടക്കാന്‍ സാധിക്കാത്തതിനാലാണ് മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. നീറ്റിനെതിരേ അനിത നേരത്തേ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. 2008ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കുകയും മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ്ടു പരീക്ഷാഫലം മാനദണ്ഡമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ നിന്ന് സുപ്രിംകോടതി തമിഴ്‌നാടിന് ഇളവ് അനുവദിച്ചെങ്കിലും ഇത്തവണ ഇളവ് അനുവദിക്കാന്‍ തയ്യാറായില്ല. അതേസമയം, അനിതയുടെ മരണത്തിന് സംസ്ഥാനത്തെ അണ്ണാ ഡിഎംകെ സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ഉത്തരവാദികളാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.  അനിതയുടെ കുടുംബത്തെ കഴിഞ്ഞദിവസം ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം, നീറ്റിനെതിരേ പുതുച്ചേരിയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര, പുതുച്ചേരി സര്‍ക്കാരുകള്‍ക്കെതിരേ മുദ്രാവാക്യമുയര്‍ത്തിയ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷാ സമ്പ്രദായം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss