|    Apr 26 Thu, 2018 2:01 am
FLASH NEWS

അനാവശ്യ ലാബ് ടെസ്റ്റുകളുടെ പേരില്‍ പണം തട്ടുന്നതായി പരാതി

Published : 20th March 2017 | Posted By: fsq

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ അനാവശ്യ ലാബ് ടെസ്റ്റുകളുടെ പേരില്‍ വന്‍ തുക വാങ്ങുന്നതായി വ്യാപക പരാതി. ഇവിടുത്തെ ഒരു ഡോക്ടര്‍ എം ആര്‍ ഐ സ്‌കാന്‍, സിടി സ്‌കാന്‍, എക്‌സ്‌റേ ഉള്‍പ്പെടെ മറ്റ് ടെസ്റ്റുകള്‍ക്കും ഓരോ രോഗികളേയും ഇരകളാക്കുന്നുവെന്നാണ് പരാതി.
രോഗികള്‍ക്ക് പ്രതിവിധിയില്ലാതെ അഞ്ച് മുതല്‍ ഏഴ് വരെ ടെസ്റ്റുകളാണ് കാലുവേദന, നടുവിന് വേദന, കഴുത്തിന് വേദന, കൈമുട്ട് വേദന തുടങ്ങിയ അസുഖങ്ങള്‍ക്കായി എഴുതി കൊടുക്കാറുള്ളത്. ടെസ്റ്റിന് എഴുതുന്ന കുറിപ്പില്‍ ഡോക്ടര്‍ക്കും ലാബുകാര്‍ക്കും മാത്രമറിയാവുന്ന ഒരു രഹസ്യ എംബ്ലം ഡോക്ടര്‍ രേഖപ്പെടുത്തി കൊടുക്കും. ഇത്തരം എംബ്ലം സൂചിപ്പിക്കുന്നവ ലാബില്‍ ടെസ്റ്റ് നടത്തുകയും ബാക്കിയുള്ളവ ടെസ്റ്റ് നടത്തിയതായിട്ടുള്ള ബ്ലാങ്ക് ഫിലിമുകളും പാവപ്പെട്ട രോഗികള്‍ക്ക് നല്‍കി വന്‍ തുകയാണ് ലാബുകാര്‍ വാങ്ങുന്നത്. ഇതില്‍ അറുപത് ശതമാനം ഡോക്ടര്‍ക്കുള്ളതാണ്.
കൂടാതെ ഈ ഡോക്ടറുടെ മറ്റൊരു തട്ടിപ്പ് എംആര്‍ഐ സ്‌കാനിങ്ങിന്റെ പേരിലാണ്. 7000 രൂപയാണ് ലാബില്‍ എംആര്‍ഐ സ്‌കാനിങ്ങിന് വാങ്ങുന്നത്. ഇതില്‍ 3000 രൂപ ഡോക്ടറുടെ കമ്മീഷനാണ്. അടുത്തിടെ ഇത്തരത്തില്‍ കമ്മീഷന്‍ നല്‍കി വന്ന ലാബുകാരും ഡോക്ടറും തമ്മില്‍ പിണങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനിടയില്‍ പാവപ്പെട്ട ഒരു രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുക്കുന്നതിന് നല്‍കിയ കുറിപ്പ് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ലാബില്‍ എത്തിച്ചു. ലാബുകാര്‍ 7000 രൂപ ആവശ്യപ്പെട്ടു. രോഗിയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും ഐഎംഎ റേറ്റ് മാത്രം വാങ്ങി ടെസ്റ്റ് ചെയ്യണമെന്ന് അപേക്ഷിച്ചു. ലാബുകാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് അടുത്ത ലാബില്‍ കുറിപ്പ് കാണിച്ച് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.
അപ്പോഴാണ് അധിക തുക ബോധ്യപ്പെട്ടത്.ഇത് ലാബുകള്‍ തമ്മിലുള്ള മല്‍സരമല്ല ഡോക്ടര്‍ കൂടുതല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമാണെന്നാണ് വിവരം. സാധാരണ ലാബുകളില്‍ രക്തം ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിന് ഡോക്ടര്‍മാര്‍ 40 ശതമാനം പണം കമ്മീഷന്‍ പറ്റുന്നതായാണ് വിവരം. കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് ചുറ്റുമായി എം ആര്‍ ഐ സ്‌കാന്‍, സി ടി സ്‌കാന്‍,എക്‌സ്‌റേ ഉള്‍പ്പെടെ നടത്തുന്ന അര ഡസനിലധികം ലാബുകള്‍ ഉണ്ട്. ഈ ലാബുകള്‍ തമ്മില്‍ മല്‍സരിച്ചാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഇത് കാരണം രോഗികളുടെ രോഗത്തിന്റെ പൂര്‍ണ്ണവിവരം ടെസ്റ്റിലൂടെ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഒരു മെഡിക്കല്‍ ഷോപ്പിന്റെ അധീനതയിലുള്ള രണ്ട് ജീവനക്കാരാണ് ഡോക്ടറുടെ സ്വകാര്യ പരിശോധനക്കും ഏജന്റായി പണിയെടുക്കുന്നത്.ഇവരാണ് ഡോക്ടര്‍ക്ക്  രോഗികളില്‍ നിന്നും പൈസ വാങ്ങി നല്‍കുകയും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് എടുത്ത് കൊടുക്കുകയും ചെയ്യുന്നത്. ഒരു രോഗിയുടെ പരാതിയെ തുടര്‍ന്ന് അടുത്ത സമയത്ത് ഈ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്‍ വിജിലന്‍സ് അന്വേഷണവും നടന്നു. വര്‍ഷങ്ങളായി കരുനാഗപ്പള്ളി താലുക്കാശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോട് കൂടിയാണ് സ്ഥലമാറ്റമില്ലാതെ ഇവിടെ തന്നെ തുടരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss