|    Sep 23 Sat, 2017 12:24 am
FLASH NEWS

അനാഥ സ്ത്രീയുടെ ആടുകള്‍ക്ക് നഗരസഭ വില നിശ്ചയിച്ചത് നിയമവിരുദ്ധം

Published : 30th July 2016 | Posted By: SMR

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ശ്മശാനത്തിനു സമീപം ജീവിച്ചിരുന്ന അനാഥയായ ഏലിക്കുട്ടിയുടെ ആടുകള്‍ക്ക് നഗരസഭ നഷ്ടപരിഹാരം നിശ്ചയിച്ചത് നിയമാനുസൃതമല്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല സാങ്കേതിക ഉപദേശകസമിതിയുടെ ഉത്തരവ് അനുസരിച്ച് 37 ആടുകളെ കൈപ്പറ്റിയ 12 ജീവനക്കാരില്‍ നിന്നും 2,28,000 രൂപ ഈടാക്കാനാണ് ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആണ്‍ ആടിന് 1500 രൂപ നിരക്കിലും പെണ്‍ ആടിന് 1000 രൂപ നിരക്കിലും വില നിശ്ചയിച്ച് ഈടാക്കാനുള്ള പത്തനംതിട്ട നഗരസഭാ കൗണ്‍സിലില്‍ 2013 ലെ തീരുമാനം ഓഡിറ്റ് വകുപ്പ് തള്ളി. പെണ്‍ ആടിന് 8000 രൂപ പ്രകാരവും ആണ്‍ ആടിന് 6000 രൂപ പ്രകാരവും ആട്ടിന്‍കുട്ടിക്ക് 4000 രൂപ പ്രകാരവും ഈടാക്കണം. ഇതിനു പുറമേ കൗണ്‍സില്‍ തീരുമാനമെടുത്ത 2013 ആഗസ്ത് 31 മുതലുള്ള പലിശയും ഈടാക്കണം.
വില നിശ്ചയിക്കാനുള്ള അധികാരം മൃഗസംരക്ഷണവകുപ്പിനാണെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടി. വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ആടുകളുടെ എണ്ണവും ആടുകളെ കൊണ്ടുപോയ ജീവനക്കാരുടെ പേരും ഓരോ ജീവനക്കാരും അടയ്‌ക്കേണ്ട തുകയും ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ഓഡിറ്റ് വകുപ്പ് പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്ക് കത്തു നല്‍കിയത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിര്‍ദേശിച്ച പ്രകാരമുള്ള തുക ഏലിക്കുട്ടിയുടെ ആടുകളെ കൈപ്പറ്റിയ ജീവനക്കാരില്‍ നിന്നും ഈടാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു. നഗരസഭ ആദ്യം നിശ്ചയിച്ച തുകയും ഇതുവരെ അടച്ചിട്ടില്ല.
2008ലാണ് നഗരസഭാ ശ്മശാനത്തിന് സമീപം താമസിച്ചിരുന്ന ഏലിക്കുട്ടി എന്ന അനാഥ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 37 ആടുകള്‍ ഉണ്ടായിരുന്നു. അന്നത്തെ നഗരസഭാ അധികാരികള്‍ ഈ ആടുകളെ ജീവനക്കാര്‍ക്ക് കൈമാറി. ഇതാണ് വിവാദമായത്.
ആടുകളെകുറിച്ചുള്ള വിവരം വിവരാവകാശ പ്രകാരം നല്‍കണം എന്ന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. ഇത് നല്‍കാഞ്ഞതിന് അന്നത്തെ വിവരാവകാശ കമ്മീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ നഗരസഭാജീവനക്കാര്‍ക്ക് വന്‍തുക പിഴയിട്ടിരുന്നു. ഒരാള്‍ക്ക് 25000 രൂപയും മറ്റൊരാള്‍ക്ക് 50000 രൂപയുമാണ് പിഴ നല്‍കേണ്ടി വന്നത്. ജീവനക്കാര്‍ പിഴ അടച്ചു. പക്ഷേ ആടിനെ കൈപ്പറ്റിയ ജീവനക്കാര്‍ വില നല്‍കിയില്ല. പരാതിയെ തുടര്‍ന്നാണ് ആടുകള്‍ക്ക് വില നഗരസഭാ കൗണ്‍സില്‍ വില നിശ്ചയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക