|    Jul 20 Thu, 2017 6:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനാഥാലയത്തില്‍ അനധികൃതമായി കുട്ടികള്‍; രാജാക്കാട് കരുണാഭവന് എതിരേ കേസെടുത്തു

Published : 2nd August 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതുള്‍പ്പടെയുള്ള വിവിധ കാരണങ്ങളുടെ പേരില്‍ രാജാക്കാട് കരുണാഭവ(ഡിവൈന്‍ പ്രൊവിഡന്‍സ് ഫൗണ്ട്‌ലിങ് ഹോം)നെതിരേ പോലിസ് കേസെടുത്തു. കുട്ടികള്‍ക്കായുള്ള കോടതിയായ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന ചരിത്രത്തില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രം കൂടിയാണ് കരുണാഭവന്‍. ഇതിന്റെ മേധാവി ട്രീസ തങ്കച്ചനെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമം (2015) 33,34,80,81,74(1) വകുപ്പുകളനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 409 വകുപ്പിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് രാജാക്കാട് എസ്‌ഐ എം പി ജോണി തേജസിനോടു പറഞ്ഞു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ നാലിന് കരുണാഭവനില്‍ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍ ഉണ്ടായത്.   രേഖകളില്‍ പേര് രേഖപ്പെടുത്താത്ത ആറ് കുട്ടികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. ഒരു കുട്ടിയുടെ മാതാവിന്റെ കൈയൊപ്പ് രേഖപ്പെടുത്തിയ ഒന്നും എഴുതാത്ത മുദ്രപത്രവും കണ്ടെത്തിയിരുന്നു. ഇത് അനധികൃത കൈമാറ്റം ലക്ഷ്യമിട്ടുള്ളതാണെന്നാണ് കരുതുന്നത്.
കണ്ടെത്തിയ ആറുകുട്ടികളില്‍ ഒന്നര വയസ്സുകാരി ഏതാനും ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. ഇത് യഥാസമയം ചികില്‍സ കിട്ടാത്തതു മൂലമാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. സ്ഥാപന നടത്തിപ്പുകാരോട്  ഇവയൊക്കെ സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ക്രമക്കേടുകള്‍ സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി സാമൂഹിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും അനാഥാലയത്തില്‍ പരിശോധന നടത്തി. ഇവരും ക്രമക്കേടുകള്‍ ശരിവച്ചതോടെ അനാഥാലയത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് അധികൃതരോട് ആവശ്യപ്പെട്ടത്. ഇതിനു സ്ഥാപനം മറുപടി നല്‍കിയെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ഇതിനിടയിലാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഇടപെടല്‍. അനാഥാലയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ആദ്യം റിപോര്‍ട്ട് ചെയ്തത് തേജസാണ്. പിന്നീട് മറ്റെല്ലാ പത്രങ്ങളും സംഭവം ഏറ്റെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക