|    Oct 15 Mon, 2018 2:59 pm
FLASH NEWS

അനാഥാലയത്തിലെ അന്തേവാസികളെ കടത്തിക്കൊണ്ടു പോവുന്നു

Published : 11th January 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: അനാഥാലയത്തിലെ അന്തേവാസികളെ ദുരൂഹ സാഹചര്യത്തില്‍ കടത്ത ിക്കൊണ്ടുപോകുന്നതായി പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഒന്നാം വാര്‍ഡില്‍ നികരുംപുറത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹധാര എന്ന അനാഥമന്ദിരത്തില്‍ നിന്നാണ് അന്തേവാസികളെ വാഹനത്തി ല്‍ കയറ്റി മറ്റൊരു മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്നതായാണ് നാട്ടുകാര്‍ പേ ാലീസിലും മനുഷ്യാവകാശകമ്മീഷനിലും പരാതി നല്‍കിയിരിക്കുന്നത്. ഒരു അനാഥാലയം പ്രവര്‍ത്തിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്‌നേഹധാര പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അന്തേവാസികളെ ഭക്ഷണംപോലും കൊടുക്കാതെ ഉപവാസധ്യാനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്നും ആഹാരത്തിനുവേണ്ടി അലമുറയിടുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതായും പരാതിയിലുണ്ട്. കാറ്റോ വെളിച്ചമോ കടക്കാത്ത മുറികളില്‍ അഗ്നിശമന സംവിധാനങ്ങളില്ലെന്നും സമീപമുള്ള അഗാധമായ പാറക്കുളത്തിലെ വെള്ളമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും പരാതിയിലുണ്ട്. സ്‌നേഹധാരയില്‍ ആട്, പശു, കോഴി, താറാവ് എന്നിവയെ വളര്‍ത്തുന്നുണ്ടെന്നും ഇവിടെനിന്നുള്ള മാലിന്യം വെള്ളത്തില്‍ കലരുന്നതുമൂലമാണ് കുളത്തിലെ വെള്ളം മലിനമായതെന്നും പറയുന്നു. നിരവധി ദുരൂഹ മരണങ്ങളും സ്ഥാപനത്തില്‍ നടന്നിട്ടുണ്ട്. ക്രൂരമര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെടുന്നവരെ പാറക്കുളത്തില്‍ മുങ്ങിമരിച്ചു എന്ന തരത്തില്‍ മൃതദേഹം മറവുചെയ്യുകയാണു പതിവ്. സ്‌നേഹധാരയില്‍ അന്തേവാസികളായി എത്തുന്നവരെ സ്ഥാപനത്തിന്റെതന്നെ പാറക്വാറികളില്‍ കല്ലും മണ്ണും ചുമക്കാനും മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനുമൊക്കെ നിര്‍ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മുമ്പ്് അന്തേവാസികളായ സ്ത്രീകളെ ഒരു വാര്‍ഡന്‍ ലൈംഗികമായി ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അടൂര്‍, ചായിലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ വാഹനങ്ങള്‍ അന്തേവാസികളെ കയറ്റിക്കൊണ്ട് ഇടയ്ക്കിടെ പോകാറുള്ളതായും പരാതിയില്‍ പറയുന്നു. ഈ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികള്‍ ഇല്ലാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന നിലയിലെത്തുമ്പോഴും മെഡിക്കല്‍ കൗണ്‍സിലിന്റ പരിശോധനാസംഘത്തെ തെറ്റിധരിപ്പിക്കാനുമാണ് അന്തേവാസികളെ കടത്തിക്കൊണ്ടുപോകുന്നതെന്ന് സംശയിക്കുന്നതായി പറയുന്നു. അന്തേവാസികളില്‍ മരണപ്പെടുന്നവരെ മറവുചെയ്യുന്നതും പ്രാകൃതമായ രീതിയിലാണ്. ചില മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍കോളജുകള്‍ക്ക് വില്‍പ്പന നടത്തുന്നതായി പരാതിയുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കണമെന്ന് അപേക്ഷിച്ചിട്ടുള്ള പരാതി ആരോഗ്യവകുപ്പുമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, മെഡിക്കല്‍ കൗണ്‍സില്‍, ആലപ്പുഴ ഡിഎംഒ, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍, പോലീസ് അധികാരികള്‍ എന്നിവര്‍ക്കും ന ല്‍കിയിട്ടുണ്ട്. അന്തേവാസികളെ കടത്തുന്നതു സംബന്ധിച്ച് നാട്ടുകാര്‍ നേരത്തെതന്നെ അധികൃതര്‍ക്കു സൂചന നല്‍കിയിരുന്നതാണ്. എന്നാല്‍, നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss