|    Oct 19 Fri, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അനാഥര്‍ക്കെതിരായ പീഡനം: കര്‍ശന നടപടിയെന്ന് മന്ത്രി കെ കെ ശൈലജ

Published : 15th January 2017 | Posted By: fsq

 

കൊച്ചി: അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അന്തേവാസികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എടത്തലയില്‍ സംഘടിപ്പിച്ച അനാഥാലയങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും സംസ്ഥാനതല കുടുംബസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം അനാഥാലയങ്ങള്‍ക്കും ദുഷ്‌പേരുണ്ടാക്കുന്ന ഇത്തരക്കാരെ വെറുതെവിടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൃദ്ധമാതാക്കളായ അന്തേവാസികള്‍ അഗതിമന്ദിരത്തില്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഡോ. എം കെ മുനീര്‍ എംഎല്‍എ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് മുഖ്യമന്ത്രിയും താനുമടക്കം മുഴുവന്‍ അംഗങ്ങളും ഞെട്ടലോടെയാണു കേട്ടത്. ഇതേക്കുറിച്ച് പരിശോധന നടത്താന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ ശക്തമായ നടപടി സ്വീകരിക്കും. ഈ രംഗത്ത് ത്യാഗമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ അംഗീകാരവും സഹായവും നല്‍കുന്നതിനൊപ്പം അന്തേവാസികളുടെ ജീവിതം നരകതുല്യമാക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുന്നവരെ സംരക്ഷിക്കുകയെന്ന സാമൂഹികധര്‍മമാണ് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും നിറവേറ്റുന്നത്. സമൂഹത്തിന്റെ വികസനം സന്തുലിതമല്ലാത്തതിനാലും ഭരണഘടന വിഭാവനംചെയ്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലുമാണ് അനാഥരും അഗതികളുമുണ്ടാവുന്നത്. 1957 മുതല്‍ കേരളത്തില്‍ നിലവില്‍വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയില്‍ ഈ രംഗത്തും അനുകൂലമായ മാറ്റങ്ങളുണ്ടാവും. ഭൂപരിഷ്‌കരണം, ആരോഗ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരിഷ്‌കരണ നടപടികളാണ് കടുത്ത ദാരിദ്ര്യത്തില്‍ നിന്നു കേരളത്തെ മോചിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും നടത്തിപ്പ് മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനു പൊതുസമൂഹത്തിന്റെ പിന്തുണ സര്‍ക്കാരിന് ആവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ നടപ്പാക്കേണ്ടവയാണെങ്കിലും കേരളത്തിലെ സാഹചര്യത്തില്‍ എത്രമാത്രം പ്രായോഗികമാണെന്നു ചിന്തിക്കണം. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നുള്ള സ്ഥിതിവിശേഷം അനാഥാലയങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, എടത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ്, വാര്‍ഡ് അംഗം രജി പ്രകാശ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍, സെക്രട്ടറി അഡ്വ. എസ് സിന്ധു, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. മാത്യു കെ ജോണ്‍, സിസ്റ്റര്‍ മെറിന്‍ സി എം സി, ജില്ലാ സാമൂഹികനീതി ഓഫിസര്‍ പ്രീതി വില്‍സണ്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss