|    Oct 17 Wed, 2018 4:44 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അനാഥമാവുന്നത് ദ്രാവിഡ സ്വത്വരാഷ്ട്രീയം

Published : 9th August 2018 | Posted By: kasim kzm

ദേശീയ രാ്രഷ്ടീയത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭമതിയും ഡിഎംകെയുടെ അനിഷേധ്യ നേതാവുമായ കലൈജ്ഞര്‍ കരുണാനിധിയുടെ വിയോഗത്തോടെ ദ്രാവിഡ സ്വത്വത്തിലൂന്നിയ രാഷ്ട്രീയവും അനാഥമാവുകയാണ്. ഡിഎംകെ അധ്യക്ഷപദവിയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാഴ്ച തികയും മുമ്പാണ് 94ാം വയസ്സില്‍ കരുണാനിധിയുടെ വിയോഗം.
തുടര്‍ച്ചയായി 60 വര്‍ഷം നിയമസഭാംഗം, മല്‍സരിച്ച 13 തവണയും നിയമസഭയിലേക്കു വിജയം, അഞ്ചു തവണ സംസ്ഥാന മുഖ്യമന്ത്രി, 18 വര്‍ഷത്തിലേറെ മുഖ്യമന്ത്രിപദവിയില്‍ തുടങ്ങി ചരിത്രത്താളുകളില്‍ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്. രാഷ്ട്രീയമേഖലയില്‍ മാത്രമല്ല പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് തുടങ്ങി വ്യത്യസ്ത രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധ്യമായി.
പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ കഴകത്തില്‍ നിന്നാണ് കരുണാനിധി ആശയങ്ങളുടെ തീപ്പൊരി ഏറ്റെടുത്തത്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയതോടെ സ്വാഭാവികമായും നിലപാടുകളില്‍ വളരെ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്തുവെങ്കിലും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പാരമ്പര്യം സജീവമായി നിലനിര്‍ത്തിയ നേതാവ് എന്ന നിലയില്‍ കലൈജ്ഞര്‍ എന്നും ഓര്‍മിക്കപ്പെടും.
എട്ടു പതിറ്റാണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെയും പോരാട്ടങ്ങളുടെയും പ്രതീകമായി കരുണാനിധി നിലകൊണ്ടു. അടിയന്തരാവസ്ഥക്കാലത്ത് ധീരമായി ചെറുത്തുനിന്ന രാഷ്ട്രീയനിലപാട് മാതൃകാപരമായിരുന്നു. ദക്ഷിണേന്ത്യയില്‍ ഫെഡറലിസത്തിനു വേണ്ടി ശബ്ദമുയര്‍ത്തി. മതനിരപേക്ഷത അതിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം ജീവിതവ്രതമാക്കി. രാഷ്ട്രീയത്തിലെ അവസരവാദപരമായ മലക്കംമറിച്ചിലുകള്‍ക്കിടയിലും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ അത്താണിയായി കരുണാനിധി നിലകൊണ്ടു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതിന് അവസരമൊരുക്കി. എന്നാല്‍, അഴിമതിയും സ്വജനപക്ഷപാതവും മുന്‍കൈ നേടിയതോടെ സാമൂഹിക മാറ്റത്തിന് ഉതകുന്ന ആശയങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി അജണ്ടകളില്‍ നിന്നു ക്രമേണ വിസ്മൃതമായി. കുടുംബവാഴ്ചയുടെയും അഴിമതിയുടെയും ദുര്‍ഗന്ധം കറുത്ത പാടായി.
വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനു കലയും സാഹിത്യവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ അദ്ദേഹം, രാ്രഷ്ടീയം സാധ്യതകളുടെ കല എന്നതും പ്രായോഗികമായി ആവിഷ്‌കരിച്ചു.
ജയലളിതയുടെ മരണത്തിന്റെ അനുരണനങ്ങള്‍ ഇനിയും അവസാനിക്കാത്ത തമിഴ്‌നാട് രാ്രഷ്ടീയത്തില്‍ കരുണാനിധിയുടെ വിയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. ബ്രാഹ്മണ ഹിന്ദുത്വം വിഴുങ്ങുന്നതിനെതിരേ എത്രമാത്രം ജാഗ്രത പുലര്‍ത്താന്‍ സ്റ്റാലിനും അനുയായികള്‍ക്കും കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഡിഎംകെയുടെ മാത്രമല്ല, തമിഴകത്തിന്റെയും ഭാവി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss