|    Jan 24 Tue, 2017 6:40 pm
FLASH NEWS

അനധികൃത ഹോംസ്റ്റേകള്‍ നിയന്ത്രിക്കാന്‍ നടപടിയില്ല

Published : 1st September 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ അനധികൃത ഹോംസ്റ്റേകള്‍ നിയന്ത്രിക്കാന്‍ നടപടിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് ഗ്രാമ പ്രദേശങ്ങളിലുള്‍പ്പെടെ ഹോംസ്റ്റേകള്‍ വര്‍ധിച്ചത്.
എന്നാല്‍, ഇത്തരം ഹോംസ്റ്റേകള്‍ ചട്ടങ്ങള്‍ പാലിക്കാത്തിതിനാല്‍ സര്‍ക്കാരിനുള്ള വരുമാന നഷ്ടത്തിനു പുറമെ പല സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അംഗീകൃത റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും പോലിസ് ശേഖരിക്കാറുണ്ടെങ്കിലും അനധികൃത ഹോംസ്റ്റേകള്‍ പരിശോധിക്കാറില്ല.
ഇവിടങ്ങളില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്ന പതിവും പലയിടങ്ങളിലും ഇല്ല. യാതൊരുവിധ നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ജില്ലയില്‍ പടിഞ്ഞാറത്തറ, മേപ്പാടി, തരിയോട്, തിരുനെല്ലി, പുളിഞ്ഞാല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് ഹോംസ്‌റ്റേകള്‍ കൂടുതല്‍. ഇവയില്‍ ചിലതെല്ലാം നേരത്തെ പഞ്ചായത്തുകളില്‍ നിന്ന് അനുമതി വാങ്ങി ലൈസന്‍സ് എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കിയില്ല. ഹോംസ്‌റ്റേ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്തുകള്‍ ലോഡ്ജിങ് വിഭാഗത്തില്‍പ്പെടുത്തി ഉയര്‍ന്ന നികുതി ഈടാക്കാറുണ്ട്.
എന്നാല്‍, ഒരുദിവസത്തെ താമസത്തിന് ഇത്തരം ഹോംസ്‌റ്റേകള്‍ ഈടാക്കുന്ന വാടകയുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ കുറഞ്ഞ നിരക്കിലുള്ള നികുതിയാണിത്. ഇതുപോലും നല്‍കാതിരിക്കാനാണ് പല ഹോംസ്‌റ്റേ ഉടമകളും പഞ്ചായത്ത് ലൈസന്‍സെടുക്കുകയോ പുതുക്കുകയോ ചെയ്യാത്തത്.
നാടിന്റെ തനിമയും ജീവിതരീതികളും അടുത്തറിയുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ ഗ്രാമീണാന്തരീക്ഷത്തില്‍ താമസിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഹോംസ്‌റ്റേകള്‍ തേടിയെത്തുന്നത്. എന്നാല്‍, ആഘോഷ വേളകളിലും ഒഴിവുദിവസങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇവിടങ്ങളില്‍ വാടക ഈടാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക