|    Jul 25 Tue, 2017 4:24 am
FLASH NEWS

അനധികൃത സ്‌കൂളിനെതിരേ നടപടി വേണമെന്നു നിര്‍ദേശം

Published : 13th July 2017 | Posted By: fsq

 

കല്‍പ്പറ്റ: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി തൃശിലേരി കാക്കവയലിലെ മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിനെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്‌കൂളിനെതിരായ പരാതി ബോധ്യപ്പെട്ട ശേഷമാണ് മാനന്തവാടി ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. തൃശിലേരിയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനര്‍ ജനുവരിയില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് നല്‍കിയ പരാതിയില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ കളിസ്ഥലമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ കുട്ടികളുടെ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്നു പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പരിശോധന നടത്തിയ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സ്‌കൂള്‍ യാതൊരുവിധ അംഗീകാരവുമില്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുകയും റിപോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അനുമതിയോ അംഗീകാരമോ സ്ഥാപനത്തിനില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാണെന്നും സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി ബി സുരേഷ് ഉത്തരവില്‍ പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 58 കുട്ടികളെ തൊട്ടടുത്ത സൗകര്യപ്രദമായ സ്‌കൂളില്‍ ചേര്‍ത്ത് അവരുടെ തുടര്‍പഠനം മാനന്തവാടി ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഈ നിര്‍ദേശം നടപ്പാക്കുന്നത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും പൊതുവിദ്യാഭ്യാസഡയക്ടറും ഉറപ്പുവരുത്തണമെന്നും ടി ബി സുരേഷ് ഉത്തരവില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക