|    Oct 20 Fri, 2017 12:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

Published : 27th September 2016 | Posted By: SMR

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു. ബാങ്ക് ലോക്കറില്‍ നിന്ന് ഗീത സാധനങ്ങള്‍ മാറ്റിയതിന് വിശദീകരണം തേടിയായിരുന്നു വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജി ജോര്‍ജ് ബാബുവിന്റെ വസതിയിലെത്തിയാണ് ഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 27, 28, ആഗസ്റ്റ് 10 തിയ്യതികളില്‍ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍ നിന്ന് ഗീത സാധനങ്ങള്‍ എടുക്കാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.  ലോക്കറില്‍ നിന്ന് താന്‍ ധരിക്കാറുള്ള സ്വര്‍ണാഭരണങ്ങളാണ് എടുത്തതെന്ന് ഗീത ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഒരു വിവാഹത്തിന് വേണ്ടിയാണ് ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തതെന്നും അവര്‍ ബോധിപ്പിച്ചു.  ലോക്കറില്‍ നിന്ന് എടുത്ത ആഭരണങ്ങള്‍ ആവശ്യം കഴിഞ്ഞപ്പോള്‍ വീണ്ടും ലോക്കറില്‍ സൂക്ഷിക്കുകയും വീണ്ടും എടുക്കുകയും ചെയ്തിട്ടുണ്ട്. റെയ്ഡിനിടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത് ഈ ആഭരണങ്ങളാണെന്നും ഗീത വ്യക്തമാക്കി. വിജിലന്‍സ് കസ്റ്റഡിയിലെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഭാര്യ ധരിക്കുന്നതാണെന്നും ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതാണെന്നും കെ ബാബുവും വിജിലന്‍സിനോട് വിശദീകരിച്ചിരുന്നു. കെ ബാബുവിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ച വിവരശേഖരണത്തിന്റെ ഭാഗമായാണ് ബാബുവിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെ ബാബുവിന്റെ പൈതൃക കുടുംബസ്വത്ത് സംബന്ധിച്ചും ഇപ്പോഴത്തെ ധനസ്ഥിതി സംബന്ധിച്ചും സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചും ജോഷിയില്‍ നിന്ന് മൊഴിയെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക