|    Dec 18 Mon, 2017 4:36 pm
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്തു സമ്പാദനക്കേസ് കെ ബാബുവിന്റെ മകളുടെ ലോക്കറില്‍ 120 പവന്‍ സ്വര്‍ണം

Published : 8th September 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി വിജിലന്‍സ് ഇന്നലെ കണ്ടെടുത്തു. ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ പേരില്‍ പാലാരിവട്ടം തമ്മനത്തെ യൂനിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറില്‍ വിജിലന്‍സ് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ തന്നെ മുദ്രവച്ച് സൂക്ഷിക്കും. ഇതു സംബന്ധിച്ച റിപോര്‍ട്ട് ഇന്നോ നാളെയോ മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് നല്‍കും. തൃപ്പൂണിത്തുറയിലെ ബാങ്കില്‍ ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറും വടക്കേകോട്ട എസ്ബിഐയില്‍ ബാബുവിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഐശ്വര്യയുടെ തമ്മനത്തെ ബാങ്ക്‌ലോക്കറില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം കുടുംബസ്വത്താണെന്ന് ബാബുവിന്റെ മരുമകന്‍ വിപിന്‍ പറഞ്ഞു. ഐശ്വര്യയുടെയും വിപിന്റെയും പേരിലാണ് വിജിലന്‍സ് മുദ്രവച്ച രണ്ടു ലോക്കറുകളും. ലോക്കര്‍ തുറന്നു പരിശോധിക്കുന്നതിന് വിപിനെ വിജിലന്‍സ് വിളിച്ചുവരുത്തിയിരുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുള്ള ലോക്കറില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് കരുതുന്നവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 250ഓളം രേഖകള്‍ മൂവാറ്റുപുഴ കോടതിയില്‍ നിന്ന് ലഭിച്ച ശേഷം മാത്രമേ ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് വിജിലന്‍സ് കടക്കൂ. അതേസമയം റെയ്ഡിന്റെ തുടര്‍ച്ചയായി വിവിധ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രഹസ്യവിവര ശേഖരണം നടത്തിവരുന്നുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമായിരിക്കും കെ ബാബു, ബാബുറാം, മോഹനന്‍ എന്നിവരെ ചോദ്യം ചെയ്യുക.  ബാബുവിനെതിരായ അന്വേഷണത്തില്‍ പ്രാഥമികമായി കണ്ടെത്തിയ വിവരങ്ങള്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ ഇന്നലെ  തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടര്‍ ജേക്കബ് തോമസിനെ ധരിപ്പിച്ചതായി അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss