|    May 24 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത സ്വത്തു സമ്പാദന കേസ് ; മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ ഹാജരാവണം

Published : 1st May 2018 | Posted By: kasim kzm

മൂവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ബാബുവിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ്. കേസ് പരിഗണിക്കുന്ന ജൂൈല 2നു ഹാജരാകണമെന്നാണ് നിര്‍ദേശം. മന്ത്രിയായിരിക്കെ കെ ബാബു 49.4 ശതമാനം സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നു കാണിക്കുന്ന കുറ്റപത്രം അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
ബാബുവിനു കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ആവശ്യപ്പെട്ട് കെ ബാബു കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തിരികെ വാങ്ങിയിരുന്നു. പിന്നീട് ബാബുവിന്റെ മൊഴി കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മാര്‍ച്ച് 27നു സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് അയക്കുകയായിരുന്നു. 2001 ജൂൈല മുതല്‍ 2016 മെയ് വരെയുള്ള കെ ബാബുവിന്റെ വരുമാനവും സ്വത്തും സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. 2016 ആകുമ്പോഴേക്കും 28.82 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.
മന്ത്രിയും എംഎല്‍എയുമായിരുന്ന കാലത്തെ ടിഎ, ഡിഎ, മറ്റ് ആനുകൂല്യങ്ങള്‍, മകളുടെ വിവാഹത്തിനു ലഭിച്ച സമ്മാനങ്ങള്‍, ഭാര്യവീട്ടില്‍ നിന്നു ലഭിച്ച സ്വത്തുക്കള്‍ എന്നിവയെല്ലാം വരുമാനമായി കണക്കാക്കണമെന്ന് ബാബു ആവശ്യം ഉന്നയിച്ചെങ്കിലും ഇതില്‍ ടിഎ, ഡിഎ എന്നിവ മാത്രമാണ് വിജിലന്‍സ് അംഗീകരിച്ചത്. ആദ്യഘട്ടത്തില്‍ ഭൂമിയിടപാട് ഉള്‍പ്പെടെ ഇദ്ദേഹത്തിനെതിരേ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ ഇതില്ലെന്നാണ് വിവരം. തേനിയില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ബാബുവിന്റെയും ബന്ധുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു.
ബാബുവിന്റെ ബിനാമികളായി പറഞ്ഞിരുന്ന ബേക്കറി ഉടമ മോഹനനെയും ബാബുറാമിനെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.  ഇവരുടെ പക്കല്‍ നിന്ന് അന്വേഷണസംഘം പണവും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. ബാബുറാമിന്റെയും മോഹനന്റെയും സ്വത്തുക്കള്‍ കെ ബാബുവുമായുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാനാവില്ലെന്നും മുന്‍ മന്ത്രിയുടെ സഹായത്തോടെ സമ്പാദിച്ചതാണ് ഇവരുടെ സ്വത്തുക്കളെന്നു പറയാനാവില്ലെന്നും വിജിലന്‍സ് നിരീക്ഷിച്ചു. വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് 2017 സപ്തംബറില്‍ ബാബുവിനെതിരേ അനധികൃത സ്വത്തു സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss