|    Aug 21 Mon, 2017 11:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അനധികൃത സ്വത്തു സമ്പാദനം ടോം ജോസിന്റെ വീടുകളില്‍ റെയ്ഡ്

Published : 29th October 2016 | Posted By: SMR

കൊച്ചി/തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന്റെ ഫഌറ്റുകളില്‍ വിജിലന്‍സ് റെയ്ഡ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫഌറ്റുകളിലാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കെയാണ് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിനെതിരേ വിജിലന്‍സിന്റെ നടപടി.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള റീജന്‍സി ഫഌറ്റിലും കൊച്ചി പാലാരിവട്ടത്തെ സ്‌കൈലൈന്‍ ഫഌറ്റിലുമാണ് റെയ്ഡ് നടത്തിയത്. ടോം ജോസിന്റെ പാലായിലെ സുഹൃത്തിന്റെ വീട്ടിലും  വിജിലന്‍സ് പരിശോധന നടത്തി.
വെള്ളയമ്പലത്തെ ഫഌറ്റിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും ഇന്നലെ രാവിലെ ആറുമുതല്‍ തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു. പരിശോധനയില്‍ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തുവെന്നാണ് വിവരം. 2010-16 കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചാണ് അന്വേഷണം. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതടക്കമുള്ള ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ടോം ജോസിന്റെ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അടുത്തദിവസം തന്നെ കത്തു നല്‍കും.
സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എറണാകുളം വിജിലന്‍സ് സെല്ലിനാണ് അന്വേഷണച്ചുമതല.
അനധികൃത സ്വത്തുസമ്പാദനത്തിന് ടോം ജോസിനെതിരേ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ച് റെയ്ഡിന് അനുമതി വാങ്ങിയിരുന്നു. ടോം ജോസിന്റെ വരുമാനത്തില്‍ 65 ശതമാനവും അനധികൃത സ്വത്താണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് വിവാദമായിരിക്കെയാണ് മറ്റൊരു അഡീ. ചീഫ് സെക്രട്ടറിയായ ടോം ജോസും റെയ്ഡ് നേരിടുന്നത്. നേരത്തേ ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, തനിക്കെതിരേ നടക്കുന്നത് പ്രതികാരനടപടിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ടോം ജോസ് പ്രതികരിച്ചു. വിജിലന്‍സ് നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയത് ബാങ്ക് വായ്പയെടുത്താണ്. ഈ വായ്പ തിരിച്ചടച്ചത് ഭാര്യാപിതാവാണെന്നും ടോം ജോസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക